ന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക മെയിൻ ബാറ്റിൽ ടാങ്കായ ടി-14 അർമാത നൽകാമെന്ന് റഷ്യ. ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താമെന്നും അർമാതയുടെ നിർമാതാക്കളായ ഉറാവഗോൺസവോദ് (uralvagonzavod) ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുമായി സഹകരിച്ച് അർമാതയുടെ ഇന്ത്യൻ പതിപ്പ് വികസിപ്പിക്കാനുള്ള സന്നദ്ധതയും കമ്പനി അറിയിച്ചിട്ടുണ്ട്.

To advertise here,

അടുത്ത തലമുറ മെയിൻ ബാറ്റിൽ ടാങ്ക് (എൻജിഎംബിടി) വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയിലാണ് അർമാതയെ അടിസ്ഥാനമാക്കിയുള്ള യുദ്ധടാങ്കിനെ വികസിപ്പിക്കാനായി ഉറാവഗോൺസവോദ് താത്പര്യമറിയിച്ചത്. അടുത്ത തലമുറ മെയിൻ ബാറ്റിൽ ടാങ്ക് പദ്ധതി ഇന്ത്യയുടെ കോംബാറ്റ് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (സിവിആർഡിഇ) ആണ് മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവരുമായി ചേർന്നോ അല്ലെങ്കിൽ ഇന്ത്യയിലെ മറ്റ് സ്വകാര്യ പ്രതിരോധ കമ്പനികളുമായി ചേർന്നോ ഉള്ള സംയുക്ത പദ്ധതിക്ക് ഉറാവഗോൺസവോദ് സന്നദ്ധമാണ്.

ഇന്ത്യയുടെ മേയ്ക്ക് ഇൻ ഇന്ത്യ നയത്തിന്റെ ഭാഗമായി ടാങ്കിന്റെ ഉത്പാദനം ഇന്ത്യയിൽ തന്നെ നടക്കും. മേയ്ക്ക് ഇൻ ഇന്ത്യ നയത്തിന് അനുസരിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായാൽ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനായി സംയുക്ത സംരംഭത്തിന് 70 ശതമാനം വരെ സർക്കാർ ഫണ്ടും ലഭ്യമാകും. 

ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന ടി-90 ഭീഷ്മ ടാങ്ക് ഉറാവഗോൺസവോദ് വികസിപ്പിച്ച ടി-90 മെയിൻ ബാറ്റിൽ ടാങ്കിന്റെ ഇന്ത്യൻ പതിപ്പാണ്. ഇതിനാവശ്യമായ സാങ്കേതിക വിദ്യകൾ ഇന്ത്യയ്ക്ക് കമ്പനി കൈമാറിയിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഹെവിവെഹിക്കിൾ ഫാക്ടറിയാണ് ഈ ടാങ്ക് നിർമിക്കുന്നത്. നിലവിൽ ഈ ടാങ്കിന്റെ ഉത്പാദനത്തിൽ 83 ശതമാനവും ഇന്ത്യൻ ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. നിർണായകമായ ടാങ്കിന്റെ എൻജിൻ ഘടകങ്ങളും ഇപ്പോൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നുണ്ട്.

ഈ രീതിയിലുള്ള സഹകരമാണ് റഷ്യൻ അധികൃതർ അർമാടയുടെ കാര്യത്തിലും പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ടി-72 ടാങ്കുകൾക്ക് പകരക്കാരനായ അടുത്ത തലമുറ മെയിൻ യുദ്ധടാങ്കുകൾക്കായി അന്വേഷണം തുടങ്ങിയത്. വിദേശ കമ്പനികളുമായി സഹകരിച്ച് അത്യാധുനിക മെയിൻ ബാറ്റിൽ ടാങ്കിന്റെ വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

ഈ പദ്ധതിയിലാണ് അർമാത ടാങ്കുമായി റഷ്യ താത്പര്യമറിയിച്ചത്. 1500 കുതിരശക്തി കരുത്ത് ഉത്പാദിപ്പിക്കുന്ന 12എൻ360 ഡീസൽ എൻജിനാണ് ഈ ടാങ്കിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ എൻജിനാണ് ഇതെന്നാണ് ഉറാവഗോൺസവോദ് അവകാശപ്പെടുന്നത്. 12 ഗിയർ പവർ ട്രാൻസ്മിഷനാണ് ടാങ്കിനുള്ളത്. പരമാവധി 80 കിലോമീറ്റർ വേഗതയിൽ ഇതിന് സഞ്ചരിക്കാനാകും. ഇന്ധനം നിറച്ച് 500 കിലോമീറ്റർ ദൂരം സഞ്ചരിക്കാം. 

മെയിൻ ബാറ്റിൽ ടാങ്കുകളിൽ കരുത്തനെന്നാണ് അർമാതയെ വിലയിരുത്തുന്നത്. ഇതിന്റെ രൂപകൽപ്പന തന്നെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതാണ്. മൂന്ന് പേർക്കാണ് ഇതിൽ സഞ്ചരിക്കാനാകുക. ടാങ്കിന്റെ മുകൾഭാഗത്തുള്ള പീരങ്കിഭ്രമണ സ്തൂലം (turrte) നിയന്ത്രിക്കുന്ന ആളിനെ പുറത്തുനിന്നുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനായി പ്രത്യേക അറയുണ്ട്. സാധാരണ ടാങ്കുകളിൽ ഇവർക്ക് പുറത്തേക്ക് ഉയർന്നു നിൽക്കുന്ന തരത്തിലാണ് ഇരിക്കാൻ കഴിയുക.

കംപ്യൂട്ടറൈസ്ഡ് ഫയർ കൺട്രോൾ സംവിധാനം ആക്രമണ സമയത്ത് ഇതിന്റെ നിയന്ത്രണം അനായാസമാക്കുന്നു. 125 എഎം പീരങ്കിയാണ് ഇതിന്റെ മുകളിലുണ്ടാവുക. ലേസർ ഗൈഡഡ് മിസൈലുകളെ വരെ ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കാൻ സഹായിക്കുന്ന പീരങ്കിയാണ് ഇത്. ഇതിനൊപ്പം ടാങ്ക് വേധ മിസൈലുകളും പ്രയോഗിക്കാം. ഇതിന്റെ ഭാവി പതിപ്പുകളിൽ 152 എംഎം പീരങ്കികളാകും ഉപയോഗിക്കുക.

ഇതിനൊപ്പം 12.7 എംഎം കോർഡ് മെഷിൻ ഗൺ, 7.62 എംഎം പികെടിഎം (PKM -Pulemyot Kalashnikova Modernizirovannyi) മെഷിൻ ഗൺ എന്നിവയാണ് മറ്റ് ആയുധങ്ങൾ. ഭാരം കുറഞ്ഞതും ബലമേറിയതും കഠിനമായ താപത്തെ പ്രതിരോധിക്കുന്നതുമായ 44 എസ്-എസ്.വി- എസ്.എച്ച് സ്റ്റീൽ, സ്റ്റീൽ, സെറാമിക് എന്നിവയുൾപ്പെടെ ഉപയോഗിച്ച് നിർമിച്ച് കംപോസ്റ്റ് ആർമർ, എക്‌സ്‌പ്ലോസീവ് റിയാക്ടീവ് ആർമർ എന്നിവയുപയോഗിച്ചാണ് പുറംകവചമൊരുക്കിയിരിക്കുന്നത്. ആക്രമണങ്ങളിൽ നിന്ന് ഉള്ളിലുള്ളവരെ സംരക്ഷിക്കാൻ ഈ സംവിധാനം സഹായിക്കും. ടാങ്കിന് നേരെ വരുന്ന മിസൈലുകൾ, പീരങ്കി ഷെല്ലുകൾ എന്നിവയെ കണ്ടെത്തി പ്രതിരോധിക്കാൻ സജ്ജമാക്കുന്ന അഫ്‌ഗെയ്ന്റ് ഹാർഡ് കിൽ എന്ന ആക്ടീവ് പ്രൊട്ടക്ഷൻ സംവിധാവും അർമാതയ്ക്കുണ്ട്.

ശത്രുക്കളുടെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാൻ സാധിക്കുന്നതിനാൽ നേരിട്ടുണ്ടാകുന്ന ആക്രമണങ്ങളെ വളരയെധികം ഒഴിവാക്കാനാകും. ഉള്ളിലുള്ള ആയുധങ്ങളിൽ നിന്ന് വേർതിരിക്കാവുന്ന തരത്തിൽ ഇതിനുള്ളിലെ ക്രൂവിന് പ്രത്യേകം അറകളാണുള്ളത്. 

ടാങ്കിനെ നിയന്ത്രിക്കുന്ന ആളിന് ചുറ്റുമുള്ള സാഹചര്യങ്ങൾ അറിയാൻ ക്യാമറ- സെൻസർ സംവിധാനങ്ങളുണ്ട്. ടാങ്കിനു ചുറ്റും എതിരാളികളുടെ റഡാറുകളിൽ പതിയാതിരിക്കാൻ റഡാർ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന പ്രത്യേക കോട്ടിങ് ഉണ്ടാകും. കമാൻഡ് പോസ്റ്റുമായി സുരക്ഷിതമായി ആശയവിനിമയം നടത്താൻ പ്രത്യേകം സംവിധാനമുണ്ട്. പുറത്തിനിന്നൊരാൾക്ക് ഇതിലെ സന്ദേശങ്ങൾ ചോർത്താനാകില്ല.