ന്യൂഡൽഹി: ആഗോള വിമാന എൻജിൻ നിർമ്മാണ ഭീമനായ റോൾസ് റോയ്‌സ് ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു. കമ്പനിയുടെ സിഇഒ തുഫാൻ എർജിൻബിൽഗിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ തന്ത്രപ്രധാനമായ നീക്കം. ഇന്ത്യയുടെ അടുത്ത തലമുറ യുദ്ധവിമാനങ്ങൾക്കായി അത്യാധുനിക എൻജിനുകൾ സംയുക്തമായി വികസിപ്പിക്കാൻ റോൾസ് റോയ്‌സ് സന്നദ്ധത അറിയിച്ചു. ഇതിന്റെ പൂർണമായ ബൗദ്ധിക സ്വത്തവകാശം (Full Intellectual Property Rights) ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഈ വാഗ്ദാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യയുടെ തദ്ദേശീയമായ അടുത്ത തലമുറ യുദ്ധവിമാനങ്ങൾക്കായി 120 കിലോ ന്യൂട്ടൺ ശേഷിയുള്ള എൻജിൻ കോർ (Combat Jet Engine Core) വികസിപ്പിക്കാനാണ് കമ്പനിയുടെ വാഗ്ദാനം. സാങ്കേതികവിദ്യ പൂർണമായും കൈമാറുന്നതിലൂടെ ഇന്ത്യയ്ക്ക് സ്വന്തമായി എൻജിൻ നിർമ്മാണശേഷി കൈവരിക്കാൻ സാധിക്കും.
അടുത്ത തലമുറ യുദ്ധവിമാന എൻജിനുകൾ നിർമിക്കുന്നതിനായി ഇന്ത്യൻ കമ്പനികളെ പങ്കാളികളാക്കാൻ ഡിആർഡിഒ താൽപ്പര്യപത്രം ക്ഷണിച്ചിരുന്നു. ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (GTRE) നേതൃത്വം നൽകുന്ന ഈ പദ്ധതിയിൽ റോൾസ് റോയ്‌സിനെ കൂടാതെ ഫ്രാൻസിലെ സാഫ്രാൻ, യുഎസിലെ ജനറൽ ഇലക്ട്രിക്, ജപ്പാനിലെ ഐഎച്ച്‌ഐ (IHI) എന്നീ കമ്പനികളും മത്സരരംഗത്തുണ്ട്. നിലവിൽ ഇന്ത്യയുടെ ജാഗ്വാർ യുദ്ധവിമാനങ്ങൾ, ഹോക്ക് ട്രെയിനറുകൾ, അർജുൻ ടാങ്കുകൾ എന്നിവയുൾപ്പെടെ വിവിധ പ്രതിരോധ പ്ലാറ്റ്ഫോമുകളിൽ 1,400-ലധികം റോൾസ് റോയ്‌സ് എൻജിനുകൾ പ്രവർത്തിക്കുന്നുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ പുതിയ ഡിസൈൻ സമുച്ചയങ്ങളും നിർമാണ യൂണിറ്റുകളും ആരംഭിക്കും. ഇതിനായി ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കി 10,000 ആയി വർദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇന്ത്യയിലെ പ്രാദേശിക സപ്ലൈ ചെയിൻ സോഴ്‌സിംഗ് 10 മടങ്ങ് വർദ്ധിപ്പിക്കാനും ഇന്ത്യയെ റോൾസ് റോയ്‌സിന്റെ ഹൈടെക് നിർമാണ മേഖലയുടെ ആഗോള ഹബ്ബാക്കി മാറ്റാനുമാണ് പദ്ധതി. പ്രധാനമന്ത്രിക്ക് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായും സിഇഒ ചർച്ചകൾ നടത്തിയിരുന്നു. അതേസമയം ഇതിനോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
നിലവിൽ അടുത്ത തലമുറ യുദ്ധവിമാന വികസനത്തിനായി ഫ്രാൻസിന്റെ സഫ്രാൻ എന്ന കമ്പനിയുമായി ഇന്ത്യ ധാരണയിലെത്തിയേക്കുമെന്നാണ് വിവരങ്ങൾ. ഫ്രാൻസുമായുള്ള സഹകരണം ശക്തമായി നിൽക്കുന്ന സാഹചര്യത്തിൽ സഫ്രാന് മുൻതൂക്കം ലഭിക്കുമെന്നാണ് കരുതുന്നത്. സംയുക്തമായി വികസിപ്പിക്കുന്ന എൻജിന്റെ പൂർണ സാങ്കേതിക വിദ്യ കൈമാറ്റവും ബൗദ്ധിക സ്വത്തവകാശവും സഫ്രാൻ ഇന്ത്യയ്ക്ക് നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ അഡ്വാൻസ്ഡ് മീഡിയം കോബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ)യ്ക്ക് വേണ്ടിയുള്ള എൻജിൻ വികസന പദ്ധതിക്ക് വേണ്ടിയാണ് 120 കിലോ ന്യൂട്ടൺ ശേഷിയുള്ള എൻജിൻ വികസിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്. ഭാവിയിലെ യുദ്ധവിമാന വികസനത്തിൽ ഈ സഹകരണത്തിലൂടെ ലഭിക്കുന്ന അറിവുകൾ ഇന്ത്യയ്ക്ക് നിർണായകമാകും. സ്വന്തമായി ഒരു ഏവിയേഷൻ എക്കോസിസ്റ്റം വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്.
സാങ്കേതികവിദ്യയുടെ പൂർണ്ണമായ കൈമാറ്റവും ബൗദ്ധിക സ്വത്തവകാശവും ലഭിക്കുന്നതിലൂടെ, അടുത്ത തലമുറ യുദ്ധവിമാന എൻജിനുകൾ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ഏറ്റവും വേഗതയേറിയ മാർഗം ഇന്ത്യയ്ക്ക് മുന്നിൽ തുറക്കപ്പെടും. ഇത് 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്. നിലവിൽ ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസിന് പോലും എൻജിനുകൾ ഇറക്കുമതി ചെയ്യുകയാണ്. വരും വർഷങ്ങളിൽ നിർമ്മിക്കാനിരിക്കുന്ന 500-ലധികം വിമാനങ്ങൾക്കായി എൻജിനുകളുടെ ലഭ്യതക്കുറവ് ഒരു തടസ്സമാകാതിരിക്കാൻ ഈ ഉടമസ്ഥാവകാശം ഇന്ത്യയെ സഹായിക്കും. എൻജിനുകളുടെ ഡിസൈൻ, നിർമ്മാണം, പരീക്ഷണം, സർട്ടിഫിക്കേഷൻ എന്നിവയിൽ ഇന്ത്യൻ കമ്പനികൾക്ക് നേരിട്ട് പങ്കാളികളാകാൻ സാധിക്കുന്നതോടെ എൻജിൻ സാങ്കേതികവിദ്യയിൽ ഇന്ത്യയ്ക്ക് പൂർണനിയന്ത്രണം കൈവരും.
Content Highlights: Rolls-Royce plans major India expansion, offering advanced combat jet engine tech transfer for future Indian fighter jets. Learn more!
Published: 13 Feb 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented