
കരയിലും ആകാശത്തും ഡ്രോണുകൾ യുദ്ധരീതികളിൽ മാറ്റം വരുത്തിയത് പോലെ സമുദ്രത്തിനടിയിലെ പോരാട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ലോക്ഹീഡ് മാർട്ടിൻ തങ്ങളുടെ പുതിയ റോബോട്ടിക് ലാംപ്രേ (Lamprey) എന്ന മൾട്ടി-മിഷൻ ഓട്ടോണമസ് അണ്ടർസീ വെഹിക്കിൾ (MMAUV) പുറത്തിറക്കി. മറ്റ് കപ്പലുകളിലോ അന്തർവാഹിനികളിലോ ഒരു പരാദത്തെപ്പോലെ പറ്റിപ്പിടിച്ച് സഞ്ചരിക്കാൻ കഴിയുന്ന ഈ ഡ്രോൺ നാവിക സേനയുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടാക്കും.
വലിയ മത്സ്യങ്ങളെ പറ്റിപ്പിടിച്ച് സഞ്ചരിക്കുന്ന ലാംപ്രേ എന്ന വാമ്പയർ മത്സ്യത്തിന്റെ പേരാണ് ഈ ഡ്രോണിന് നൽകിയിരിക്കുന്നത്. സമുദ്രത്തിലെ പരാദ ജീവികളിലൊന്നാണ് ലാംപ്രേ. താടിയെല്ലുകളില്ലാത്ത, ഈൽ മത്സ്യത്തിനോട് സാമ്യമുള്ള, ഒരു തരം പരാന്നഭോജി മത്സ്യമാണ്. ഇവയ്ക്ക് വായയിൽ വൃത്താകൃതിയിലുള്ള സക്കറുകളും മൂർച്ചയുള്ള പല്ലുകളും ഉണ്ട്, ഇത് ഉപയോഗിച്ച് മറ്റ് മത്സ്യങ്ങളുടെ ശരീരത്തിൽ പറ്റിപ്പിടിച്ച് രക്തം കുടിച്ച് ജീവിക്കുന്നു.
ലോക്ഹീഡ് മാർട്ടിൻ വകസിപ്പിച്ച അണ്ടർ സീ വെഹിക്കിളായ റോബോട്ടിക് ലാംപ്രേ കപ്പലുകളുടെയും അന്തർവാഹിനികളുടെയും അടിയിൽ പറ്റിപ്പിടിച്ച് സഞ്ചരിക്കുന്നവയാണ്.
സക്ഷൻ കപ്പുകൾ അല്ലെങ്കിൽ പ്രത്യേക ഡോക്കിങ് സംവിധാനം ഉപയോഗിച്ച് മറ്റ് കപ്പലുകളുടെ പുറംഭാഗത്ത് ഉറച്ചിരിക്കാൻ ഇതിന് സാധിക്കും. കപ്പലിന്റെ ചലനമുപയോഗിച്ച് ഇതിലെ ഹൈഡ്രോജനറേറ്ററുകൾ വഴി ബാറ്ററികൾ ചാർജ് ചെയ്യാം. ഇതിനായി ആതിഥേയ കപ്പലുകളിൽ യാതൊരു വിധ രൂപമാറ്റങ്ങളും വരുത്തേണ്ടതില്ല. യാത്രയിലുടനീളം ചാർജ് ചെയ്യപ്പെടുന്നതിനാൽ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ 100% ബാറ്ററി ചാർജോടെ ദൗത്യത്തിന് ഇറങ്ങാൻ ഈ ഡ്രോണിന് സാധിക്കുന്നു. ദൗത്യം പൂർത്തിയാക്കിയ ശേഷം കപ്പലുകൾക്ക് ഈ ഡ്രോണുകളെ തിരികെ വീണ്ടെടുക്കാനും സാധിക്കും.
ഇതിലെ പേലോഡ് ബേയിൽ ആറ് ചെറിയ പറക്കും ഡ്രോണുകളെ വരെ വഹിക്കാൻ ശേഷിയുള്ള വിക്ഷേപണ കുഴലുകൾ ഘടിപ്പിക്കാം. കൂടാതെ ടോർപ്പിഡോകൾ, സെൻസറുകൾ, ശത്രുക്കളുടെ സെൻസറുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഡെക്കോയികൾ എന്നിവയും ഇതിൽ ഉൾപ്പെടുത്താം.
കടലിന്റെ അടിത്തട്ടിൽ ഒളിച്ചിരുന്ന് നിരീക്ഷണം നടത്താനും ശത്രുക്കളെ ആക്രമിക്കാനും ഇതിന് സാധിക്കും. ആഴം കുറഞ്ഞ വെള്ളത്തിലും വലിയ കപ്പലുകൾക്ക് കടന്നുചെല്ലാൻ അപകടസാധ്യതയുള്ള മേഖലകളിലും ഈ ഡ്രോണുകൾ ഫലപ്രദമായി ഉപയോഗിക്കാം.
സമുദ്രോപരിതലത്തിലുള്ള കപ്പലുകളുമായും വിമാനങ്ങളുമായും ആശയവിനിമയം നടത്താൻ ഇതിന് പ്രത്യേക സംവിധാനങ്ങളുണ്ട്. ഉദാഹരണത്തിന്, ഡ്രോൺ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് ആകാശത്ത് പറക്കുന്ന യുദ്ധവിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനത്തേക്ക് മിസൈലുകൾ തൊടുക്കാൻ സാധിക്കും.
ഭാവിയിലെ സമുദ്ര നിരീക്ഷണങ്ങളിലും യുദ്ധങ്ങളിലും ഈ ഡ്രോണുകൾ ഒരു സുപ്രധാന പങ്കുവഹിക്കുമെന്നും അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഇത് വലിയ തന്ത്രപരമായ നേട്ടം നൽകുമെന്നുമാണ് ലോക്ഹീഡ് മാർട്ടിൻ വ്യക്തമാക്കുന്നത്. സമുദ്രത്തിനടിയിലെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ രഹസ്യാത്മകവും കാര്യക്ഷമവുമാക്കാൻ ഈ 'ഹിച്ച്ഹൈക്കിങ്' ഡ്രോണുകൾ സഹായിക്കും.
Content Highlights: Discover Lockheed Martin`s Lamprey, a revolutionary robotic drone changing underwater combat. Learn about its unique `hitchhiking` tech for extended missions.
Published: 12 Feb 2026, 09:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented