ന്ത്യയുമായി ചേർന്ന് സംയുക്തമായി അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ താത്പര്യപ്പെട്ട് ജപ്പാൻ. അത്യാധുനികമായ മൊഗാമി ക്ലാസ് (Mogami-class) സ്റ്റെൽത്ത് ഫ്രിഗേറ്റുകളാണ് ഇന്ത്യൻ കപ്പൽ നിർമ്മാണശാലകളിൽ സംയുക്തമായി നിർമ്മിക്കാനുള്ള താൽപ്പര്യം ഇന്ത്യയെ ജപ്പാൻ അറിയിച്ചത്. യുദ്ധക്കപ്പൽ ഇടപാടെന്നതിലുപരി, രൂപകൽപ്പനയും സാങ്കേതികവിദ്യയും പൂർണ്ണമായി ഇന്ത്യയ്ക്ക് കൈമാറാൻ ജപ്പാൻ തയ്യാറാണെന്നാണ് വിവരം. ജപ്പാന്റെ പ്രതിരോധ ഉപകരണ കയറ്റുമതി നയത്തിലെ സുപ്രധാനമായ മാറ്റമാണ് ഈ നീക്കം. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുമായി പ്രതിരോധ രംഗത്ത് കൂടുതൽ അടുക്കാൻ ജപ്പാൻ താത്പര്യപ്പെടുന്നത്.

To advertise here,

30 എഫ്എഫ്എം (30FFM) അല്ലെങ്കിൽ 30ഡിഎക്‌സ് (30 DX) എന്നറിയപ്പെടുന്ന ഈ കപ്പലുകൾ ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളാണ്. ശത്രുക്കളുടെ റഡാർ കണ്ണുകളിൽ പെടാത്ത അത്യാധുനിക ഡിസൈനാണ്‌ ഇതിനുള്ളത്. മൊഗാമി ക്ലാസ് ഫ്രിഗേറ്റുകൾ അവയുടെ നൂതനമായ റഡാർ സാങ്കേതികവിദ്യയ്ക്ക് പേരുകേട്ടവയാണ്. പ്രധാനമായും ഇതിലെ ഒപിവൈ2 (OPY2) റഡാർ സിസ്റ്റമാണ് കപ്പലിന്റെ കരുത്ത്. മിത്സുബിഷി ഇലക്ട്രിക് വികസിപ്പിച്ച ഒപിവൈ-2 ഒരു 'മൾട്ടി-ഫങ്ഷൻ ആക്റ്റീവ് ഇലക്ട്രോണിക്കലി സ്‌കാൻഡ് അറേ' (AESA) റഡാർ ആണ്. ആകാശത്തെ ലക്ഷ്യങ്ങളെ കണ്ടെത്താനും സമുദ്രോപരിതലത്തിലെ ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും മിസൈലുകളെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കാനും ഈ ഒരൊറ്റ റഡാർ മതിയാകും. ഉയർന്ന കൃത്യതയോടെ ലക്ഷ്യങ്ങളെ തിരിച്ചറിയാൻ X-ബാൻഡ് ഫ്രീക്വൻസിയാണ് ഇതിലുപയോഗിക്കുന്നത്.

റഡാറിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യാൻ കപ്പലിനുള്ളിൽ അത്യാധുനികമായ കൺട്രോൾ റൂം ഉണ്ട്. റഡാറിൽനിന്നുള്ള വിവരങ്ങൾ കമാൻഡ് സെന്ററിലെ വലിയ സ്‌ക്രീനുകളിൽ 360 ഡിഗ്രിയിൽ ദൃശ്യമാകും. ഇത് കപ്പലിന് ചുറ്റുമുള്ള സാഹചര്യം നേരിട്ട് കാണുന്നതുപോലെ മനസ്സിലാക്കാൻ കമാൻഡർമാരെ സഹായിക്കുന്നു. ഡ്രോണുകൾ, മിസൈലുകൾ, ശത്രു കപ്പലുകൾ എന്നിവയെ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ഈ സംവിധാനത്തിന് സാധിക്കും.

ചുരുക്കത്തിൽ, കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ മൊഗാമി ക്ലാസ് ഫ്രിഗേറ്റുകളെ സഹായിക്കുന്നത് ഈ അഡ്വാൻസ്ഡ് സെൻസർ യൂണിറ്റാണ്. ഇതിലെ റഡാറുകൾ വെറും നിരീക്ഷണത്തിനപ്പുറം, കപ്പലിന്റെ മൊത്തത്തിലുള്ള ആയുധസംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.

മൊഗാമി ക്ലാസിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ യുണികോൺ (UNICORN) എന്ന് വിളിക്കപ്പെടുന്ന ഇന്റഗ്രേറ്റഡ് മാസ്റ്റ് ആണ്. കപ്പലിന്റെ മുകളിൽ കാണുന്ന സ്തംഭത്തിനുള്ളിലാണ് റഡാറുകളും മറ്റ് സെൻസറുകളും ഘടിപ്പിച്ചിരിക്കുന്നത്. സെൻസറുകൾ പുറത്തേക്ക് തള്ളിനിൽക്കാത്തതിനാൽ ശത്രു റഡാറുകളിൽനിന്ന് മറഞ്ഞുനിൽക്കാൻ ഇത് സഹായിക്കുന്നു. നാല് ഭാഗങ്ങളിലായി ഉറപ്പിച്ചിരിക്കുന്ന റഡാർ പാനലുകൾ കപ്പലിന് ചുറ്റുമുള്ള എല്ലാ നീക്കങ്ങളും ഒരേസമയം നിരീക്ഷിക്കാൻ സഹായിക്കുന്നു.

റോൾസ് റോയ്‌സ് എംടി-30 (MT30) ഗ്യാസ് ടർബൈൻ എൻജിൻ ഉപയോഗിക്കുന്ന ഈ കപ്പലിന് 30 നോട്ടിലധികം വേഗത കൈവരിക്കാൻ സാധിക്കും. പൂർണ്ണമായി ലോഡ് ചെയ്താൽ ഏകദേശം 5,500 ടൺ ഭാരം ഇതിനുണ്ടാകും. 127 എംഎം മെയിൻ ഗൺ, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾ ആന്റി-ഷിപ്പ് മിസൈലുകൾ എന്നിവ സ്ഥാപിക്കാനുള്ള സംവിധാനങ്ങളുണ്ട്. ആളില്ലാ ജലവാഹനങ്ങളും (UUVs, USVs) ഡ്രോണുകളും നിയന്ത്രിക്കാനുള്ള ഒരു 'മദർ ഷിപ്പ്' ആയി പ്രവർത്തിക്കാനും ഇതിന് സാധിക്കും. ആധുനിക ഓട്ടോമേഷൻ സംവിധാനങ്ങൾ ഉള്ളതിനാൽ വെറും 90 ക്രൂ അംഗങ്ങൾ കൊണ്ട് കപ്പൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാം.

ഈ സഹകരണം കേന്ദ്ര സർക്കാരിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ പദ്ധതികൾക്ക് വലിയ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ കപ്പൽ നിർമ്മാണശാലകൾക്ക് ഈ അത്യാധുനിക കപ്പലുകൾ പ്രാദേശികമായി നിർമ്മിക്കാൻ പ്രാപ്തി നൽകുന്ന വാഗ്ധാനമാണ് ജപ്പാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ദക്ഷിണ ചൈനാ കടലിലും ഇൻഡോ-പസഫിക് മേഖലയിലും ചൈന നടത്തിവരുന്ന സൈനിക നീക്കങ്ങളെ ജപ്പാനും ഇന്ത്യയും ജാഗ്രതയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനാണ് ജപ്പാൻ തത്പര്യപ്പെടുന്നത്.

മൊഗാമി ക്ലാസ് ഫ്രിഗേറ്റുകൾ ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ തദ്ദേശീയമായി പ്രോജക്ട് 17എ എന്ന കോഡ് നാമത്തിൽ ഇന്ത്യ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമിക്കാൻ ഒരുങ്ങുകയാണ്. അതിനാൽ ജപ്പാന്റെ വാഗ്ദാനത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല.