ന്യൂഡൽഹി: പ്രതിരോധമേഖലയിൽ നിർണായക നീക്കവുമായി ഇന്ത്യ. ഡ്രോണുകൾക്കും റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റു(ആർപിഎ)കൾക്കുമായി രാജ്യത്തെ ആദ്യത്തെ ഡെഡിക്കേറ്റഡ് റൺവേ സ്ഥാപിക്കാനൊരുങ്ങുന്നു. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18-ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സൈനിക നീക്കങ്ങളിൽ പിന്തുണ നൽകുന്ന സംവിധാനം എന്നതിൽനിന്നുപരി, പ്രധാന ആയുധമായി ഡ്രോണുകൾ മാറിയ പശ്ചാത്തലത്തിലാണ് അവയ്ക്കായി പ്രത്യേക റൺവേയൊരുക്കാനുള്ള പദ്ധതിയിലേക്ക് സർക്കാർ നീങ്ങുന്നത്.

To advertise here,

ഓപ്പറേഷൻ സിന്ദൂറിന്റെ വേളയിൽ നിരീക്ഷണത്തിനും ലക്ഷ്യം കൃത്യമായി കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കുമായി ഡ്രോണുകൾ ഇന്ത്യൻസൈന്യം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചുള്ള നീക്കങ്ങൾ കൃത്യത ഉറപ്പാക്കാൻ സഹായിക്കുന്നതിനൊപ്പം സൈനികരെ നഷ്ടമാകുന്നതും അവർക്ക് പരിക്കേൽക്കുന്നതും ഒരു പരിധിവരെ തടയുകയും ചെയ്യും. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ഡ്രോണുകൾക്കും ആർപിഎകൾക്കുമായി ഡെഡിക്കേറ്റഡ് റൺവേ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.

ഉത്തർ പ്രദേശിലെ 900 ഏക്കറിലധികം വരുന്ന പ്രദേശത്തായിരിക്കും ഈ ഡ്രോൺ റൺവേ നിർമിക്കുക. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബിആർഒ (ബോർഡർ റോഡ് ഓർഗനൈസേഷൻ) ഹൈ ഓൾട്ടിട്യൂഡ് ലോങ് എൻഡ്യൂറൻസ് (എച്ച്എഎൽഇ) റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റ് (ആർപിഎ)ക്ക് വേണ്ടിയുള്ള സൈനിക വ്യോമതാവളം നിർമിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. പദ്ധതിക്ക് 406 കോടിരൂപയോളം ചെലവു വരുമെന്നാണ് നിഗമനം. പദ്ധതിയുടെ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിക്കായുള്ള ക്ഷണപത്രം ബിആർഒ പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ സൈനികതാവളത്തിന് മധ്യത്തിലായി 2,110 മീറ്റർ ദൈർഘ്യവും 45 മീറ്റർ വീതിയുമുള്ള റൺവേയുണ്ടാകും. ആർഎപികൾക്ക് മാത്രമല്ല, സി 295, സി 130 ക്ലാസുകളിൽപ്പെട്ട എയർക്രാഫ്റ്റുകൾക്കു കൂടി ഈ റൺവേ പ്രയോജനപ്പെടുത്താനാകും. ദൃശ്യപരത കുറഞ്ഞാൽ ആ സാഹചര്യത്തെ മറികടക്കാൻ ആവശ്യമായ പ്രകാശവിന്യാസവും ഉറപ്പാക്കും. എയർ ക്രാഫ്റ്റുകൾക്കും ആർപിഎകൾക്കും ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും സംവിധാനമുണ്ടാകും.

ഏറെ ദൂരം സഞ്ചരിക്കുക എന്നതിനപ്പുറം നിശ്ചിത പ്രദേശത്ത് ദീർഘസമയം ആകാശത്തിൽനിൽക്കാനും വിവരങ്ങൾ അതീവ സൂക്ഷ്മതയോടെ കൈമാറാനുമാണ് ഹൈ ഓൾട്ടിട്യൂഡ് ലോങ് എൻഡ്യൂറൻസ് (എച്ച്എഎൽഇ) റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റു(ആർപിഎ)കൾ രൂപകൽപന ചെയ്തിട്ടുള്ളത്. സങ്കീർണസാഹചര്യങ്ങൾ നിലനിൽക്കുന്ന അതിർത്തിമേഖലകളിലെ നീക്കങ്ങളെ മുൻകൂട്ടി കാണാനും അവയോട് കൂടുതൽ കൃത്യതയോടെ പ്രതികരിക്കാൻ സൈന്യത്തെ പ്രാപ്തമാക്കുന്നവയാണ് ഇത്തരം ആളില്ലാ വിമാനങ്ങൾ.