ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ എണ്ണം കുറയുന്നതിനിടെ സേനയുടെ നട്ടെല്ലായ സുഖോയ് 30 എംകെഐ വിമാനങ്ങളെ നവീകരിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. 'സൂപ്പര്‍ സുഖോയ്' എന്ന് വിളിക്കുന്ന പദ്ധതി സുഖോയ് യുദ്ധവിമാനങ്ങളുടെ സേവനകാലാവധി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് നടപ്പിലാക്കുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്ന് സേനയിലെ അവസാനത്തെ മിഗ് -21 യുദ്ധവിമാനവും ഒഴിവാക്കിയതോടെ വ്യോമസേനയുടെ ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ ശേഷി 42 ല്‍ നിന്ന് 29 ചുരുങ്ങിയിരിക്കുകയാണ്. പാകിസ്താന്‍, ചൈന എന്നീ അതിര്‍ത്തികളില്‍ വെല്ലുവിളികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌ക്വാഡ്രണ്‍ ശേഷി കുറയുന്നത് ആശങ്കാജനകമാണ്. 2030-ന് ശേഷം ജാഗ്വാര്‍, മിറാഷ് 2000 വിമാനങ്ങളും ഘട്ടം ഘട്ടമായി സര്‍വീസ് അവസാനിപ്പിക്കും.

To advertise here,

അതിനുശേഷം സുഖോയ് വിമാനങ്ങളും ഒഴിവാക്കേണ്ടി വരും. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. സുഖോയ് യുദ്ധവിമാനങ്ങളുടെ സേവന കാലാവധി 20 വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സൂപ്പര്‍ സുഖോയ് പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍ ഏകദേശം 80 വിമാനങ്ങള്‍ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ കോക്ക്പിറ്റ്, ഏവിയോണിക്‌സ്, പുതിയ റഡാറുകളും ഇന്‍ഫ്രാറെഡ് (IR) സെന്‍സറുകളും, ജാമര്‍ പോഡുകള്‍ ഉള്‍പ്പെടെയുള്ള പുതിയ ഇലക്ട്രോണിക് വാര്‍ഫെയര്‍ (EW) സ്യൂട്ട് എന്നിവയുള്‍പ്പെടുത്തിയാണ് സുഖോയ് വിമാനങ്ങളെ നവീകരിക്കുക. ഇതിലൂടെ വിമാനങ്ങളുടെ പ്രവര്‍ത്തനപരമായ ശേഷി വര്‍ദ്ധിക്കും. മാത്രമല്ല ശത്രു റഡാറുകളില്‍ നിന്നും, അവരുടെ ആയുധ സംവിധാനങ്ങളില്‍ നിന്നും വിമാനത്തിന് സംരക്ഷണം നല്‍കുകയും ചെയ്യും. ഇതിനൊപ്പം സുഖോയ് വിമാനങ്ങളുടെ എന്‍ജിനുകളും നവീകരിക്കുന്നുണ്ട്. എന്‍ജിന്‍ നവീകരണ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയിരുന്നു.

സൂപ്പര്‍ സുഖോയ് പദ്ധതി നിലവില്‍ പ്രതിരോധ മന്ത്രാലയം പരിശോധിച്ചുവരികയാണ്. ഇതുടനെ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിതല കമ്മിറ്റി (കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി-CCS)യുടെ അനുമതിക്കായി സമര്‍പ്പിക്കും. 2023 നവംബറില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (DAC) സുഖോയ് വിമാനങ്ങളുടെ നവീകരണ ആവശ്യം അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ 2024ല്‍ സുഖോയ് വിമാനങ്ങളില്‍ സ്ഥാപിക്കാനുള്ള ഇലക്ട്രോണിക് വാര്‍ഫയര്‍ സ്യൂട്ടുകള്‍ വാങ്ങുന്നതിന്‌സ അംഗീകാരം നല്‍കുകയും ചെയ്തു.

മിഗ് 21വിമാനങ്ങള്‍ക്ക് പകരമെത്തേണ്ട തേജസ് എംകെ-1എ വിമാനങ്ങളുടെ വിതരണം വൈകുകയാണ്. എന്‍ജിന്‍ ലഭ്യതയിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് സുഖോയ് വിമാനങ്ങളുടെ സേവനകാലാവധി പരമാവധി വര്‍ധിപ്പിക്കാനായി ശ്രമിക്കുന്നത്. സൂപ്പര്‍ സുഖോയ് പദ്ധതിക്ക് സിസിഎസിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നവീകരണ നടപടികള്‍ ആരംഭിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ പരിഷ്‌കരിച്ച വിമാനങ്ങള്‍ സേനയുടെ ഭാഗമായി തുടങ്ങും.