ന്യൂഡൽഹി: റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 അപകടകാരിയായ യുദ്ധവിമാനമായി മാറ്റുമെന്ന് യു.എസ് പ്രതിരോധ വിദഗ്ധൻ വെസ് ഒഡോണൽ. എസ്.യു -57 ഇന്ത്യ സ്വന്തമാക്കുകയും അതിൽ തദ്ദേശീയമായ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുകയും ചെയ്താൽ അത് ലോകത്തിലേതന്നെ ഏറ്റവും അപകടകാരിയായ യുദ്ധവിമാനമായി മാറുമെന്നാണ് യുഎസ് വ്യോമസേനാ മുൻ ഉദ്യോഗസ്ഥനും പ്രമുഖ പ്രതിരോധ വിദഗ്ധനുമായ വെസ് ഒഡോണൽ പറയുന്നത്. നിലവിൽ എസ്.യു-57ന് നിരവധി പോരായ്മകളുണ്ടെന്ന് ഒഡോണൽ ചൂണ്ടിക്കാട്ടുന്നു. ശത്രു റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള സ്റ്റെൽത്ത് ശേഷി അമേരിക്കയുടെ എഫ്-22 വിമാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. കൂടാതെ ഇതിന്റെ റഡാർ സംവിധാനങ്ങൾക്കും സോഫ്റ്റ്വെയറിനും പല പരിമിതികളുമുണ്ട്. യുക്രൈൻ യുദ്ധത്തിൽ പോലും ഈ വിമാനം നേരിട്ടുള്ള ആക്രമണങ്ങൾക്ക് പകരം സുരക്ഷിതമായ അകലത്തിൽ നിന്ന് മിസൈലുകൾ തൊടുക്കാനാണ് റഷ്യ ഉപയോഗിക്കുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ യുദ്ധവിമാനം ഇന്ത്യയുടെ കൈയിലെത്തുന്നതോടെ കഥമാറുമെന്നാണ് ഒഡോണൽ പറയുന്നത്. എസ്.യു-57നിൽ ഇന്ത്യൻ സാങ്കേതിക വിദ്യകൾ ഘടിപ്പിച്ചാൽ അതിന്റെ പ്രകടനം അടിമുടിമാറും. ഡി.ആർ.ഡി.ഒ വികസിപ്പിച്ച ഉത്തം ആക്ടീവ് ഇലട്രോണിക്കലി സ്‌കാൻഡ് അരെ റഡാറോ, വിരൂപാക്ഷ റഡാറോ വിമാനത്തിൽ ഘടിപ്പിക്കുന്നത് വഴി ശത്രുക്കളെ വേഗത്തിൽ കണ്ടെത്താനും പ്രതിരോധിക്കാനും സാധിക്കും. സുഖോയ്-30 എം.കെ.ഐ വിമാനങ്ങളിൽ റഷ്യൻ എയർഫ്രെയിമിൽ ഇന്ത്യൻ, പാശ്ചാത്യ ഏവിയോണിക്‌സ് സമന്വയിപ്പിച്ച് ഇന്ത്യ വിജയിച്ചത് ഉദാഹരണമായി ഇദ്ദേഹം എടുത്തുപറയുന്നുമുണ്ട്.
നിലവിലെ ധാരണകൾ അനുസരിച്ച് റഷ്യയുടെ സഹായത്തിനായി കാത്തുനിൽക്കാതെ തന്നെ സോഫ്റ്റ്വെയർ പിഴവുകൾ തിരുത്താനും കാലോചിതമായ മാറ്റങ്ങൾ വരുത്താനും ഇന്ത്യക്ക് സാധിക്കും. ഇന്ത്യയുടെ സ്വന്തം മിസൈലുകളും ഡാറ്റ ലിങ്കുകളും വിമാനത്തിൽ ഘടിപ്പിക്കാം. ചൈനയുടെ ജെ-20, പാകിസ്ഥാന്റെ ജെ-10സി എന്നിവ ഉയർത്തുന്ന ഭീഷണികളെ നേരിടാൻ കൂടുതൽ കരുത്ത് ലഭിക്കും. എങ്കിലും ഇന്ത്യയുടെ സാങ്കേതിക വിദ്യകൾ സന്നിവേശിപ്പിച്ചാലും ഇതൊരു സമ്പൂർണ സ്റ്റെൽത്ത് വിമാനമാകില്ലെന്നാണ് ഒഡോണൽ പറയുന്നത്. ഇന്ത്യൻ സാങ്കേതിക വിദ്യ വിമാനത്തെ കൂടുതൽ അപകടകാരിയാക്കുമെങ്കിലും, ഇതിനെ ഒരു 'അദൃശ്യ' വിമാനമാക്കിമാറ്റാനാകില്ലെന്ന് അദ്ദേഹം പറയുന്നു. വിമാനത്തിന്റെ അടിസ്ഥാന രൂപഘടനയിലെ പ്രത്യേകതകൾ കാരണം അമേരിക്കൻ വിമാനങ്ങളായ എഫ്-22, എഫ്-35 എന്നിവയ്‌ക്കൊപ്പമുള്ള സ്റ്റെൽത്ത് ശേഷി ഇതിന് ലഭിക്കില്ലെന്നാണ് ഇദ്ദേഹം വാദിക്കുന്നത്.
ഇന്ത്യയുടെ തദ്ദേശീയ അഞ്ചാം തലമുറ യുദ്ധവിമാനമായ എ.എം.സി.എ (AMCA) 2030കളുടെ പകുതിയോടെ സജ്ജമാകുന്നതുവരെ സുഖോയ്-57 നെ ഇടക്കാല മാർഗമായിട്ടാണ് ഇന്ത്യ കാണുന്നത്. ചൈനീസ്, പാക് ഭീഷണികളെ മറികടക്കാൻ ഇതുപര്യാപ്തമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഏകദേശം 7-8 ബില്യൺ ഡോളർ ചെലവിൽ 36 മുതൽ 40 വരെ സുഖോയ്-57ഇ വിമാനങ്ങൾ സ്വന്തമാക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എച്ച്.എ.എൽ (HAL) നാസിക്കിൽ ഇവ നിർമ്മിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടുന്നുണ്ട്. ഗവൺമെന്റ് ടു ഗവൺമെന്റ് ഇടപാടായി ഇതിൽ കുറച്ച് യുദ്ധവിമാനങ്ങൾ നേരിട്ട് വാങ്ങുന്നതും പരിഗണിക്കുന്നുണ്ട്.
Content Highlights: India plans to upgrade Russia's Su-57 with indigenous avionics and radar systems., A US expert predicts this will make the jet one of the world's most dangerous
Published: 25 Feb 2026, 07:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented