
ദക്ഷിണേഷ്യയിലെ മേധാവിത്വ ശക്തിയെന്ന നിലയിൽനിന്ന് ആഗോളശക്തിയായി വികസിക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. ലോകവിഷയങ്ങളിൽ തന്ത്രപരമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ഇന്ത്യയുടെ സൈനികശക്തിയും അതിനൊത്ത് ഉയരേണ്ടതുണ്ട്. ഇന്ത്യയുടെ താത്പര്യങ്ങൾ മാറുകയാണ്, ഒപ്പം ഇന്ത്യയുടെ വ്യോമശേഷി കൂടുതൽ വളരണം. ഒരു പ്രാദേശിക പ്രതിരോധ സേനയിൽനിന്ന് ആഗോളതലത്തിൽ സ്വാധീനമുറപ്പിക്കാൻ ശേഷിയുള്ള തന്ത്രപ്രധാനമായ ശക്തിയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് ഇന്ത്യൻ സൈന്യം. കരസേനയും നാവികസേനയും വ്യോമസേനയും മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്, ഇൻഡോ-പസഫിക് മേഖലയിലെ സൈനികവൽക്കരണവും ഹിമാലയൻ അതിർത്തികളിലെ വെല്ലുവിളികളും കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ കാലമാണിത്.
ആധുനിക യുദ്ധങ്ങളിൽ വ്യോമയുദ്ധത്തിൽ നേടുന്ന മേധാവിത്വം യുദ്ധത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാം. എതിരാളികളുടെ തന്ത്രപ്രധാനമായ ആസ്തികൾ നശിപ്പിക്കാൻ വ്യോമസേനയെ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് സാധിക്കും. ഡ്രോണുകൾ ഉപയോഗിച്ചുള്ള കൂട്ട ആക്രമണങ്ങൾ എതിരാളികളുടെ വ്യോമപ്രതിരോധ സംവിധാനത്തെ സമ്മർദ്ദത്തിലാക്കുമെങ്കിലും അതുപയോഗിച്ചുള്ള നാശനഷ്ടങ്ങൾക്ക് പരിമിതിയുണ്ട്. ദീർഘദൂര പ്രഹരശേഷിയുള്ള സ്റ്റെൽത്ത് ബോംബർ വിമാനങ്ങളുടെ ആവശ്യകത ഇവിടെയാണുള്ളത്. ഇന്ന് ലോകത്ത് എവിടെ വേണമെങ്കിലും ചെന്ന് ആക്രമണം നടത്താൻ കഴിയുന്ന സ്‌റ്റെൽത്ത് ബോംബർ ഉള്ളത് യുഎസിന് മാത്രമാണ്. നിലവിൽ ഇറാനെതിരെ യുഎസ് നടത്തുന്ന ആക്രമണങ്ങളിൽ അവരുടെ ബോംബർ വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്.
റഷ്യയ്ക്കും ചൈനയ്ക്കും ദീർഘദൂര ബോംബർ വിമാനങ്ങളുണ്ട്. ദശാബ്ദങ്ങളായി ഇന്ത്യൻ വ്യോമസേനയുടെ ആയുധപ്പുരയിൽ ഒരു ബോംബർ വിമാനത്തിന്റെ അഭാവമുണ്ട്. ഇത് രാജ്യത്തിന്റെ പ്രതിരോധ നയതന്ത്രത്തെയും ആണവ പ്രതിരോധശേഷിയെയും ബാധിക്കാനുള്ള സാധ്യത ഭാവിയിലുണ്ട്. ബഹുധ്രുവ ലോകത്ത് നിർണായക വ്യോമമേധാവിത്വം നിലനിർത്താനുള്ള ശേഷി ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. കാരണം ഗ്ലോബൽ സൗത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള അഭിലാഷത്തിലാണ് ഇന്ത്യ. ഇതേ ആഗ്രഹവുമായി ഇന്ത്യയ്ക്ക് മുന്നേ സഞ്ചരിക്കാൻ വെമ്പൽകൊണ്ട് നിൽക്കുന്ന രാജ്യമാണ് ചൈന. അവരെ മറികടക്കാൻ കഴിയുന്ന ശേഷി ആർജിക്കേണ്ടത് ഇന്ത്യയേ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.
ഒരു രാജ്യത്തിന്റെ പ്രതിരോധ തന്ത്രത്തിൽ 'ഡിറ്ററൻസ്' (Deterrence) അഥവാ ശത്രുവിനെ ആക്രമണത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശേഷി എന്നത് ആ രാജ്യത്തിന്റെ ആയുധബലത്തെ മാത്രം ആശ്രയിച്ചുള്ളതല്ല, മറിച്ച് ആ ആയുധങ്ങൾ ശത്രുവിന്റെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിൽ ഏത് സമയത്തും പ്രഹരം ഏൽപ്പിക്കാൻ പ്രാപ്തമാണെന്ന ബോധ്യത്തെക്കൂടി ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സ്റ്റെൽത്ത് ബോംബർ വിമാനം കേവലം ഒരു യുദ്ധവിമാനമല്ല, മറിച്ച് ദീർഘദൂര പ്രഹരശേഷിയുടെ പ്രതീകമാണ്. കരുത്തിന്റെ പ്രദർശനമാണ്. ശക്തന് മാത്രമേ സമാധാനം നിലനിർത്താനാകൂ. സമ്മർദ്ദത്തെ അതിജീവിക്കാനാകൂ. ഇന്ത്യയുടെ പ്രതിരോധ തന്ത്രങ്ങൾ ഒരിടക്കാലം വരെ പാകിസ്താനെ കേന്ദ്രീകരിച്ചുണ്ടായതാണ്. പാകിസ്താനിലെ ഏത് കോണിലും ചെന്ന് ആക്രമിക്കാനുള്ള ശേഷി ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങൾക്കുണ്ട്. മൾട്ടിറോൾ യുദ്ധവിമാനമായ സുഖോയ്-30 എംകെഐയ്ക്ക് ഒരു ലഘു ബോംബർ വിമാനം പോലെ പ്രവർത്തിക്കാനുമാകും.
ചൈനയെ നേരിടാൻ തന്ത്രമൊരുക്കണം
ചൈനയെപ്പോലെയുള്ള വലിയ ഭൂപ്രദേശമുള്ള ശത്രുരാജ്യങ്ങളുമായി യുദ്ധമുണ്ടായാൽ, ഇതല്ല സ്ഥിതി. അവരുടെ വ്യവസായ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ, സൈനിക ലോജിസ്റ്റിക്‌സ് നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവ രാജ്യത്തിന്റെ ഉൾഭാഗത്തായിരിക്കും സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് ഇത്രയും ദൂരത്തിൽ ചെന്ന് ആക്രമണം നടത്തി സുരക്ഷിതമായി മടങ്ങിവരാൻ പരിമിതികളുണ്ട്. ഇവിടെയാണ് സ്റ്റെൽത്ത് ബോംബർ വിമാനങ്ങളുടെ പ്രസക്തി. റഡാറുകളുടെ കണ്ണിൽപ്പെടാതെ ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താൻ സ്റ്റെൽത്ത് സാങ്കേതികവിദ്യ സഹായിക്കുന്നു.
ഇൻഡോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും ചൈനയുടെ നാവിക ശക്തിയെ പ്രതിരോധിക്കുന്നതിനും ദീർഘദൂര ബോംബർ വിമാനങ്ങൾ ഇന്ത്യയ്ക്ക് കരുത്തുപകരും. ക്വാഡ് (Quad) സഖ്യത്തിലെ പങ്കാളികളായ അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നിവരുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും മേഖലയിലെ ഒരു സുസ്ഥിര ശക്തിയായി മാറുന്നതിനും ഇത്തരം വിമാനങ്ങൾ ഇന്ത്യയെ സഹായിക്കും. കൂടാതെ, വിമാനവാഹിനി കപ്പലുകളെ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ വഹിക്കുന്ന ബോംബറുകൾ ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷാ കവചമായി പ്രവർത്തിക്കും.
ഇന്ത്യയുടെ ആണവ പ്രതിരോധ സംവിധാനത്തിന്റെ (Nuclear Triad) മൂന്നാമത്തെ തൂണായ ആകാശമാർഗ്ഗമുള്ള ആണവ പ്രഹരശേഷി നിലവിൽ മിറാഷ് 2000, സുഖോയ്-30 എംകെആ, റഫേൽ തുടങ്ങിയ വിമാനങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. എന്നാൽ, ഇവയുടെ പരിമിതമായ റേഞ്ചും ആയുധം വഹിക്കാനുള്ള ശേഷിയും കാരണം ഒരു യഥാർത്ഥ 'സെക്കൻഡ് സ്‌ട്രൈക്ക്' (Second Strike) ശേഷി കൈവരിക്കാൻ ഒരു ദീർഘദൂര ബോംബർ അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കരയിൽനിന്നും സമുദ്രത്തിൽനിന്നും ആകാശത്തുനിന്നും ആണവായുധം പ്രയോഗിക്കാനുള്ള ശേഷി ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേയുള്ളു. ദീർഘദൂര ആണവ പ്രത്യാക്രമണത്തിന് നിലവിൽ ഇന്ത്യയ്ക്ക് അഗ്നി മിസൈലിനെ മാത്രമേ ഉപയോഗിക്കാനാകു. ആണവായുധ വാഹകശേഷിയുള്ള ദീർഘദൂര ബോംബർ വിമാനമുണ്ടാവുക എന്നത് ഇന്ത്യയുടെ സൈനിക കരുത്തിനെയാണ് വർധിപ്പിക്കുക. മാത്രമല്ല, മറ്റുള്ളവർക്ക് അത് നൽകുന്ന സന്ദേശവും വ്യക്തമാണ്.
ഇന്ത്യയ്ക്ക് എന്തുകൊണ്ട് സ്വന്തമായി ഒരു ബോംബർ വിമാന വ്യൂഹമില്ല?
ചരിത്രപരമായി നോക്കിയാൽ, ഇന്ത്യയ്ക്ക് മുൻപ് ബോംബർ വിമാനങ്ങൾ ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തെ ബി-24 ലിബറേറ്ററുകളും പിന്നീട് വന്ന ഇംഗ്ലീഷ് ഇലക്ട്രിക് കാൻബറയും ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്നു. 1971-ലെ യുദ്ധത്തിൽ കറാച്ചിയിലെ എണ്ണശേഖരങ്ങൾ തകർക്കുന്നതിലും പാകിസ്താന്റെ റഡാർ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിലും കാൻബറ വിമാനങ്ങൾ നിർണ്ണായക പങ്ക് വഹിച്ചു. എന്നാൽ 2007-ഓടെ കാൻബറ വിമാനങ്ങൾ പിൻവാങ്ങിയെങ്കിലും ഇന്ത്യ പുതിയ ബോംബറുകൾ വാങ്ങിയില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഒന്നാമതായി, ആധുനിക യുദ്ധതന്ത്രങ്ങളിൽ വന്ന മാറ്റമാണ്. പഴയകാലത്തെ ബോംബറുകൾ ഒരു നിശ്ചിത പ്രദേശത്ത് വലിയ തോതിൽ ബോംബുകൾ വർഷിക്കുന്നതിനാണ് (Carpet Bombing) ഉപയോഗിച്ചിരുന്നത്. ഇന്നത്തെ കാലത്ത് കൃത്യതയാർന്ന മിസൈലുകളുടെയും (Precision Guided Munitions) സ്റ്റാൻഡ്-ഓഫ് ആയുധങ്ങളുടെയും വരവോടെ വലിയ ബോംബർ വിമാനങ്ങളുടെ ആവശ്യകത കുറഞ്ഞു. സുഖോയ്-30 എംകെഐ പോലുള്ള മൾട്ടിറോൾ വിമാനങ്ങൾക്ക് ബോംബുകൾ വർഷിക്കാനും അതോടൊപ്പം തന്നെ ശത്രുവിമാനങ്ങളുമായി പോരാടാനും ശേഷിയുണ്ട്. ഇത് ബോംബർ വിമാനങ്ങളേക്കാൾ കൂടുതൽ വൈവിധ്യമാർന്ന ഉപയോഗം നൽകുന്നു.
രണ്ടാമത്തെ പ്രധാന കാരണം സാമ്പത്തികമാണ്. ഒരു ബോംബർ വിമാന വ്യൂഹം നിലനിർത്തുക എന്നത് വൻചെലവേറിയ കാര്യമാണ്. അമേരിക്കയുടെ ബി-2 സ്പിരിറ്റ് പോലുള്ള ഒരു വിമാനത്തിന് ഏകദേശം 200 കോടി ഡോളറിലധികം വിലവരും. കൂടാതെ, ഇവയുടെ അറ്റകുറ്റപ്പണികൾക്കും പ്രത്യേക വിമാനത്താവളങ്ങൾക്കും വലിയ തുക ആവശ്യമാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് പരിമിതമായ പ്രതിരോധ ബജറ്റിൽ ഫൈറ്റർ വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനാണ് മുൻഗണന നൽകേണ്ടി വരുന്നത്. കൂടാതെ, ഇന്ത്യയുടെ പ്രതിരോധ നയം പ്രധാനമായും അതിർത്തികൾ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമേരിക്കയെയോ റഷ്യയെയോ ചൈനയെയോ പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക ഇടപെടലുകൾ നടത്താൻ ഇന്ത്യ ആഗ്രഹിച്ചിരുന്നില്ല. ലോകത്തെല്ലായിടത്തും സൈനിക ഇടപെടൽ നടത്തുക എന്നത് ഇന്ത്യയുടെ നയവുമല്ല. സൈനിക ഇടപെടലിനേക്കാൾ നയതന്ത്രത്തിനാണ് ഇന്ത്യ എപ്പോഴും പ്രാധാന്യം നൽകുന്നതും. അത് ഫലിക്കാതെ വരുമ്പോൾ മാത്രമാണ് സൈനിക നടപടിയെന്ന അറ്റകൈപ്രയോഗത്തിന്റെ ആവശ്യം വരുന്നത്.
അയൽരാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിൽ പ്രഹരമേൽപ്പിക്കാൻ നിലവിലുള്ള മിസൈലുകളും ഫൈറ്റർ വിമാനങ്ങളും മതിയെന്നായിരുന്നു ഇന്ത്യയുടെ
ഇതുവരെയുള്ള കണക്കുകൂട്ടലുകൾ. അതിനാൽ ഉയർന്ന ചിലവുള്ള വിമാനം വാങ്ങുന്നതിനും പ്രവർത്തനക്ഷമമായി നിലനിർത്തുന്നതിനും വലിയ സാമ്പത്തിക ഭാരം, സ്റ്റെൽത്ത് സാങ്കേതികവിദ്യയും ഉയർന്ന ശേഷിയുള്ള എഞ്ചിനുകളും വികസിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് പുറമെ ഫൈറ്റർ സ്‌ക്വാഡ്രണുകളുടെ എണ്ണം കുറയുന്നത് ഇതൊക്കെ പരിഗണിച്ചാണ് സുഹൃദ് രാജ്യമായ റഷ്യ വാഗ്ദാനം ചെയ്തിട്ടും ഇന്ത്യ ബോംബർ വിമാനത്തേപ്പറ്റി ആലോചിക്കാതിരുന്നത്. ഇതിന് പുറമെ ദീർഘദൂര പ്രഹരശേഷിയുള്ള അഗ്‌നി, ബ്രഹ്‌മോസ് തുടങ്ങിയ മിസൈലുകൾ ബോംബറുകളുടെ പല ജോലികളും ചെയ്യുന്നു. അതിനാൽ തന്ത്രപ്രധാനമായ ബോംബർ വിമാനവ്യൂഹം നിലവിൽ ഇന്ത്യയുടെ പരിഗണനയിലുള്ള വിഷയമേയല്ല.
പദ്ധതിയില്ല, പക്ഷെ ഗവേഷണം നടക്കുന്നു
ഇന്ത്യയ്ക്ക് ഔദ്യോഗികമായി ഒരു തന്ത്രപ്രധാന ബോംബർ വിമാന പദ്ധതി നിലവിലില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ആ ദിശയിലുള്ള പല ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ഘാതക്' (Ghatak) അൺമാൻഡ് കോംബാറ്റ് ഏരിയൽ വെഹിക്കിൾ (UCAV) പദ്ധതി. ഘാതക് യു.സി.എ.വി (Ghatak UCAV)മുൻപ് ഔറ (AURA) എന്നറിയപ്പെട്ടിരുന്ന പദ്ധതിയാണ്. ഒരു സ്റ്റെൽത്ത് യുദ്ധ ഡ്രോൺ വികസിപ്പിക്കാനുള്ള ശ്രമമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആളില്ലാ ബോംബർ വിമാനം പോലെ പ്രവർത്തിക്കാൻ ശേഷിയുള്ളതായാണ് ഘാതകിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റഡാറുകളിൽനിന്ന് രക്ഷപെടാൻ സഹായിക്കുന്ന 'ഫ്‌ലൈയിംഗ് വിംഗ്' (Flying Wing) ഡിസൈനാണ് ഇതിനുള്ളത്. ഇതിൽ ലംബമായ ചിറകുകൾ (Vertical Tail Fins) ഇല്ലാത്തതിനാൽ റഡാർ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്നത് കുറവായിരിക്കും. 2022 ജൂലൈയിൽ ഘാതകിന്റെ ചെറിയ രൂപമായ സ്വിഫ്റ്റ് (SWiFT) വിജയകരമായി പരീക്ഷിച്ചു. 2026 മാർച്ചിലെ റിപ്പോർട്ടുകൾ പ്രകാരം, 60 ഘാതക് ഡ്രോണുകൾ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ ബോർഡ് ശുപാർശ നൽകിയിട്ടുണ്ട്. 12,000 കിലോ മീറ്റർ റേഞ്ചുള്ള 'ULRSA' എന്ന പേരിൽ ഒരു സ്റ്റെൽത്ത് ബോംബർ ഇന്ത്യ വികസിപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അമേരിക്കയുടെ ബി-21 റെയ്ഡർ വിമാനത്തിന് സമാനമായ ശേഷിയുള്ള ഒന്നായിരിക്കും ഇതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, പ്രതിരോധ മന്ത്രാലയം ഇത് നിഷേധിക്കുകയും ഇത്തരമൊരു പദ്ധതി നിലവിൽ ഡി.ആർ.ഡി.ഒ (DRDO) പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എങ്കിലും, ഭാവിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഇന്ത്യയ്ക്ക് ഇത്തരം പ്ലാറ്റ്ഫോമുകൾ ആവശ്യമാണെന്ന നിലപാടിലാണ് മുൻ വ്യോമസേനാ മേധാവികൾ.
സ്വന്തമായി ഒരു ബോംബർ നിർമ്മിക്കുന്നതിന് മുൻപായി റഷ്യയിൽനിന്ന് ടിയു-160 പാട്ടത്തിനെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലുതും വേഗമേറിയതുമായ ഈ ബോംബർ വിമാനത്തിന് 12,000 കിലോ മീറ്ററിലധികം ദൂരത്തേക്ക് പറക്കാൻ ശേഷിയുണ്ട്. ആറ് മുതൽ എട്ട് വരെ വിമാനങ്ങൾ പാട്ടത്തിന് എടുക്കാനായിരുന്നു പ്രാഥമിക ചർച്ചകൾ. എന്നാൽ, റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം ഈ നീക്കം പ്രതിസന്ധിയിലായി. റഷ്യയ്ക്ക് അവരുടെ സ്വന്തം ആവശ്യങ്ങൾക്ക് വിമാനങ്ങൾ വേണ്ടിവന്നതും പാശ്ചാത്യ ഉപരോധങ്ങൾ കാരണം അറ്റകുറ്റപ്പണികൾക്ക് ബുദ്ധിമുട്ടുള്ളതിനാലും ഈ കരാർ നടപ്പാകാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ അമേരിക്കയുടെ 'കാറ്റ്സ' (CAATSA) ഉപരോധം ഉണ്ടാകാനുള്ള ഭയവും ഇന്ത്യയെ പിന്നോട്ട് വലിക്കുന്നു.
കാവേരി എഞ്ചിനും എഞ്ചിൻ സ്വയംപര്യാപ്തതയും
ഏതൊരു വിമാനത്തിന്റെയും ഹൃദയം അതിന്റെ എഞ്ചിനാണ്. വർഷങ്ങളായി ഇന്ത്യ സ്വന്തമായി ഒരു ജെറ്റ് എഞ്ചിൻ (കാവേരി എഞ്ചിൻ) വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തേജസ് വിമാനത്തിന് ആവശ്യമായ കരുത്ത് നൽകാൻ അതിന് സാധിച്ചിരുന്നില്ല. എന്നാൽ, ഘാതക് പദ്ധതി കാവേരി എഞ്ചിന് പുതുജീവൻ നൽകിയിരിക്കുകയാണ്. ഘാതക് ഡ്രോണുകൾക്ക് ആവശ്യമായ ആഫ്റ്റർ ബർണർ ഇല്ലാത്ത 'ഡ്രൈ' വകഭേദമായിരിക്കും ഉപയോഗിക്കുക.
ആഫ്റ്റർ ബർണർ ഇല്ലാത്തതിനാൽ വിമാനത്തിന്റെ എൻജൻ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന താപം കുറവായിരിക്കും. ഇത് ഇൻഫ്രാറെഡ് സിഗ്നേച്ചർ കുറയ്ക്കുകയും ഇൻഫ്രാറെഡ് തരംഗങ്ങളെ നിരിക്ഷിക്കുന്ന റഡാറുകളിൽനിന്ന് രക്ഷപ്പെടുത്തുകയും ചെയ്യും.
2025 ഏപ്രിലിൽ ഗോദ്റെജ് എയ്റോസ്പേസ് ആദ്യത്തെ കാവേരി എഞ്ചിൻ മൊഡ്യൂളുകൾ ഡി.ആർ.ഡി.ഒയ്ക്ക് കൈമാറി. റഷ്യയിലെ ഇല്യൂഷിൻ-76 വിമാനത്തിൽ ഘടിപ്പിച്ചു കൊണ്ടുള്ള ഈ എഞ്ചിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ, ഇന്ത്യയും ഫ്രാൻസും ബ്രിട്ടനും തമ്മിൽ സംയുക്തമായി ആറാം തലമുറ എഞ്ചിനുകൾ വികസിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 2026 ഫെബ്രുവരിയിൽ നൽകിയ നിർദ്ദേശം അനുസരിച്ച് അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഈ സാങ്കേതികവിദ്യ ഇന്ത്യ കൈവരിക്കേണ്ടതുണ്ട്. നിലവിൽ കാവേരി എൻജിന്റെ ഗ്രൗണ്ട് പരീക്ഷണം പൂർത്തിയായി (1,700 മണിക്കൂറിലധികം). ഹൈ ആൾട്ടിറ്റിയൂഡ് പരീക്ഷണം റഷ്യയിൽ നടക്കുന്നു. ഇൻ-ഫ്‌ലൈറ്റ് ടെസ്റ്റ് 2025-26 കാലയളവിൽ പ്ലാൻ ചെയ്തിരിക്കുന്നു.
ആഗോള വെല്ലുവിളികളും ചൈനയുടെ മുന്നേറ്റവും
ചൈനയുടെ വ്യോമസേന അതിവേഗം ആധുനികവൽക്കരിക്കപ്പെടുന്നത് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. ചൈനയുടെ എച്ച്-6 (H-6) ബോംബറുകൾ ഇതിനകംതന്നെ ലഡാക്കിന് സമീപമുള്ള ഹോടാൻ (Hotan), കഷ്ഗർ (Kashgar) ബേസുകളിൽ വിന്യസിച്ചിട്ടുണ്ട്. ഇവയ്ക്ക് ബ്രഹ്‌മോസിന് സമാനമായ മിസൈലുകൾ വഹിക്കാനും ദൂരെയുള്ള ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാനും ശേഷിയുണ്ട്. കൂടാതെ, ചൈന വികസിപ്പിക്കുന്ന എച്ച്-20 (H-20) സ്റ്റെൽത്ത് ബോംബർ ഇന്ത്യയുടെ റഡാർ സംവിധാനങ്ങളെ വെല്ലുവിളിക്കാൻ പോന്നതാണ്. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു സ്റ്റെൽത്ത് പ്ലാറ്റ്ഫോം ആവശ്യമാണെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ എസ്-400 (S-400) മിസൈൽ പ്രതിരോധ സംവിധാനത്തിന് ഇത്തരം സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നു.
2047-ൽ ഇന്ത്യയുടെ സ്വാതന്ത്യത്തിന്റെ നൂറാം വാർഷികമാകുമ്പോഴേക്കും പ്രതിരോധ രംഗത്ത് പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ലക്ഷ്യമിട്ട് 'വിഷൻ 2047' എന്നൊരു പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി മനുഷ്യ നിയന്ത്രിത വിമാനങ്ങളും ഡ്രോണുകളും ഒത്തുചേർന്ന് പ്രവർത്തിക്കുന്ന (Manned-Unmanned Teaming) യുദ്ധതന്ത്രങ്ങൾക്കാണ് മുൻഗണന. ഭാവിയിൽ ഇന്ത്യ ഒരു സ്‌പെഷ്യലൈസ്ഡ് സ്റ്റെൽത്ത് ബോംബർ നിർമ്മിക്കുകയാണെങ്കിൽ, അത് എ.എം.സി.എ (AMCA) പോലുള്ള അഞ്ചാം തലമുറ വിമാനങ്ങളിൽനിന്ന് ലഭിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും. കുറഞ്ഞ മെയിന്റനൻസ് ചെലവും ഉയർന്ന അതിജീവന ശേഷിയുമുള്ള ആധുനിക പ്ലാറ്റ്ഫോമുകളിലേക്കാണ് ഇന്ത്യയുടെ ശ്രദ്ധ മാറുന്നത്.
സ്വന്തമായി ഒരു സ്റ്റെൽത്ത് ബോംബർ വിമാനം എന്നത് ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഡംബരമല്ല, മറിച്ച് മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ അനിവാര്യതയാണ്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാനും ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളിൽ പ്രഹരമേൽപ്പിക്കാനും ഇത്തരം വിമാനങ്ങൾ ഇന്ത്യയെ സഹായിക്കും. വലിയ വിമാനങ്ങൾ വാങ്ങുന്നതിലെ സാമ്പത്തികവും സാങ്കേതികവുമായ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, ഘാതക് യു.സി.എ.വി പദ്ധതിയിലൂടെ ഇന്ത്യ ആ ദിശയിൽ നിർണ്ണായകമായ ചുവടുവെപ്പുകൾ നടത്തിക്കഴിഞ്ഞു. കാവേരി എഞ്ചിന്റെ വികസനവും ആഗോള പങ്കാളിത്തങ്ങളും ഇന്ത്യയെ ഈ രംഗത്ത് സ്വയംപര്യാപ്തതയിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം.
Content Highlights: Evolution of India from regional power to global strategic player., Strategic necessity of stealth bombers for long-range deterrence against China., Limitations of current multi-role fighters in deep-strike missions., Progress of the 'Ghatak' UCAV project and indigenous Kaveri engine., Focus on Manned-Unmanned Teaming (MUM-T) under Vision 2047.
Published: 13 Mar 2026, 06:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented