
2035 ആകുമ്പോഴേക്കും നാവികസേനയുടെ സമഗ്ര ശാക്തീകരണമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകയാണ് ഇന്ത്യ. പാകിസ്താനിൽനിന്നും ചൈനയിൽനിന്നുമുള്ള ഭീഷണികളെ ഒരേസമയം നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ സജ്ജമായിരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സേനയുടെ ആക്രമണ- പ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും എണ്ണം 200 ആയി ഉയര്‍ത്താനാണ് നീക്കം.
നിലവില്‍ ഇന്ത്യയ്ക്ക് ആകെ വിവിധ തരത്തിലുള്ള 140 യുദ്ധക്കപ്പലുകളാണുള്ളത്. രണ്ട് വിമാനവാഹിനി, 13 ഡിസ്‌ട്രോയറുകള്‍, 18 കൊര്‍വെറ്റുകള്‍, 14 ഫ്രിഗേറ്റുകള്‍. 17 ഡീസല്‍ എന്‍ജിന്‍ അന്തര്‍വാഹിനികള്‍, രണ്ട് ആണവ അന്തര്‍വാഹനികള്‍, 115 പട്രോളിങ് വെസലുകള്‍, ഓഫ്‌ഷോർ പട്രോളിങ് വെസലുകള്‍ എന്നിവയാണ് അതില്‍ പ്രധാനം.
സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 55 യുദ്ധക്കപ്പലുകള്‍ ഇന്ത്യയിലെ വിവിധ ഷിപ്പ്‌യാര്‍ഡുകളില്‍ നിര്‍മാണത്തിലാണ്. ഏതാണ്ട് ഒരുലക്ഷം കോടി രൂപയാണ് ഇതിനായി ചെലവഴിക്കേണ്ടി വരിക. ഇതിന് പുറമെ യുദ്ധക്കപ്പലുകളും അന്തര്‍വാഹനികളും ഉള്‍പ്പെടെയുള്ള 74 യാനങ്ങളുടെ നിര്‍മാണത്തിനുള്ള പ്രാഥമിക അനുമതിയും നാവികസേനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് ഏകദേശം 2.35 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒമ്പത് ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികള്‍, രണ്ട് ആണവ അന്തര്‍വാഹിനികള്‍, ഏഴ് ഫ്രിഗേറ്റുകള്‍, എട്ട് കൊര്‍വേറ്റുകള്‍, മൈനുകള്‍ നീക്കം ചെയ്യാനുള്ള 12 കപ്പലുകള്‍ എന്നിവയുള്‍പ്പെടുന്ന വലിയ പദ്ധതിയാണിത്. നാവികസേനയുടെ ശക്തി ഇത് പൂര്‍ത്തിയാകുമ്പോഴേക്കും കൂടുതല്‍ വര്‍ധിക്കും.
ഇന്തോ- പസഫിക് മേഖലയില്‍ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലും ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധവും കണക്കിലെടുത്താണ് നാവികസേനയെ വിപുലീകരിക്കുന്നത്. നിലവില്‍ ലോകത്തിലേറ്റവും വലിയ നാവികശക്തികളിലൊന്നാണ് ചൈന. 350 യുദ്ധക്കപ്പലുകളാണ് ചൈനയ്ക്കുള്ളത്. രണ്ട് വിമാനവാഹിനകളാണ് ചൈനയ്ക്കുള്ളത്. മൂന്നാമതൊരെണ്ണം പരീക്ഷണഘട്ടത്തിലാണ്.
ഈ സാഹചര്യത്തിലാണ് അടിയന്തരമായി നാവികസേനയെ ശകതിപ്പെടുത്തുന്നത്. ഇതിന് പുറമെ കാലാവധി കഴിയാറായ പഴയ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും സേനയില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ട്. എന്നാല്‍, 2035-ഓടെ ലക്ഷ്യം നേടണമെന്നുണ്ടെങ്കില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ കപ്പല്‍ നിര്‍മാണശാലകള്‍ക്ക് ഇതിനാവശ്യമായ ശേഷി വര്‍ധിപ്പിച്ചിട്ടില്ല. മാത്രമല്ല, വലിയ തോതില്‍ പണം ഇതിനായി നീക്കിവെയ്‌ക്കേണ്ടി വരും. ഇത് ബജറ്റ് വിഹിതത്തെ ബാധിക്കും. യുദ്ധക്കപ്പലുകള്‍ പോലെയുള്ള സങ്കീര്‍ണമായ സൈനിക യാനങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണവും നിലവില്‍ ഇന്ത്യയില്‍ കുറവാണ്.
ഇത് മറികടക്കണമെങ്കില്‍ പൊതു-സ്വകാര്യ സഹകരണമുള്‍പ്പെടെ നിരവധി കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. ലക്ഷ്യം പൂര്‍ത്തിയായാല്‍ 2035 ആകുമ്പോഴേക്കും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ അപ്രമാദിത്യ ശകതിയായി ഇന്ത്യ മാറും.
Content Highlights: India`s Navy Expansion Plan: 200 Warships by 2035
Published: 08 Sept 2025, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented