ന്യൂഡൽഹി: ആണവ മിസൈലുകൾ ആദ്യം പ്രയോഗിക്കില്ലെന്ന് വ്യക്തമായി പ്രസ്താവിച്ച രണ്ട് ആണവ ശക്തികളിൽ ഒന്നാണ് ഇന്ത്യ. മറ്റൊരു രാജ്യം ചൈനയാണ്. 2003-ൽ അംഗീകരിച്ച ഒരു ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 'ആദ്യം പ്രയോഗിക്കില്ല' (No First Use- NFU) നയം വ്യക്തമായ മുന്നറിയിപ്പോടെയാണ് വന്നത്- ഇന്ത്യയ്ക്കെതിരെ ആണവ ആയുധം ഉപയോഗിച്ചാൽ, ആക്രമണകാരിക്ക് വലിയ രീതിയിലുള്ളതും ഏറ്റവും മോശമായതുമായ നാശനഷ്ടം നേരിടേണ്ടിവരും എന്നുള്ള മുന്നറിയിപ്പ്.

To advertise here,

അത്തരത്തിലുള്ള മുന്നറിയിപ്പ് ആത്മവിശ്വാസത്തോടെ നൽകണമെങ്കിൽ വിദഗ്ധർ പറയുന്നതുപോലെ, തിരിച്ചടിയ്ക്കുള്ള ശക്തമായ ആക്രമണശേഷി ഇന്ത്യയ്ക്ക് ഉണ്ടായിരിക്കണം. ആദ്യ ആക്രമണത്തിൽ ശത്രുനാശത്തിന് സാധ്യമായ, അത്യധികം രഹസ്യമായ സ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന ഒരു ആണവ മിസൈൽ. ഈ ആഴ്ച ആദ്യം, അതായത് ഡിസംബർ 23ന് അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ (SLBM)-K-4 ഇന്ത്യ രഹസ്യമായി പരീക്ഷിച്ചതായി റിപ്പോർട്ടുണ്ട്. ഈ രഹസ്യ പരീക്ഷണം ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധത്തിലും പ്രതിരോധ ആക്രമണം നടത്താനുള്ള കഴിവ് വ്യക്തമാക്കുന്നു.

3,500 കിലോ മീറ്റർ ദൂരപരിധിയുള്ള ഈ മിസൈലിന്റെ ആണവ അന്തർവാഹിനിയിൽനിന്നുള്ള രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമാണിത്. ആദ്യ വിക്ഷേപണം 2024 അവസാനം നടന്നതായാണ് കരുതപ്പെടുന്നത്. ഏത് അന്തർവാഹിനിയാണ് ഏത് വിക്ഷേപണം നടത്തിയത് എന്ന് ഇപ്പോഴും വ്യക്തമല്ല. നിലവിൽ ഇന്ത്യയ്ക്ക് ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘട്ട് എന്നിങ്ങനെ രണ്ട് ആണവ അന്തർവാഹിനികൾ പ്രവർത്തനക്ഷമമായുണ്ട്. മറ്റ് രണ്ടെണ്ണം സമുദ്ര പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആണവ ആയുധങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന പാരമ്പര്യം തുടരുന്നതിനാൽ രണ്ട് വിക്ഷേപണങ്ങളും ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഒരു SSBN (Ship, Submersible, Ballistic, Nuclear)- ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാനും വിക്ഷേപിക്കാനുമായി രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ള ആണവ അന്തർവാഹിനി- അന്തിമ പോരാട്ടപങ്കാളിയാണ്. കരയിലുള്ള ലോഞ്ചറുകളിൽ (ഉപഗ്രഹങ്ങൾക്ക് കാണാൻ കഴിയും) അല്ലെങ്കിൽ ബോംബർ വിമാനങ്ങളിൽ (റഡാറുകൾക്ക് ട്രാക്ക് ചെയ്യാൻ കഴിയും) നിന്ന് വ്യത്യസ്തമായി, ഒരു SSBN മാസങ്ങളോളം സമുദ്രത്തിന്റെ ആഴങ്ങളിൽ അപ്രത്യക്ഷമാകും. വർഷങ്ങളോളം വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന റിയാക്ടറാണ് അന്തർവാഹിനിയ്ക്ക് ഊർജമേകുന്നത്. സാവധാനത്തിൽ നീങ്ങുന്നതും അത്യന്തം നിശ്ശബ്ദവുമായ SSBN-കൾക്ക് ദീർഘകാലം വെള്ളത്തിനടിയിൽ തുടരാൻ കഴിയും.

ഇതാണ് ഇന്ത്യയുടെ ഉറപ്പായ ‘രണ്ടാം ആക്രമണശേഷി’ (second-strike capability). ഇന്ത്യയുടെ എല്ലാ കരയിലെ സിലോകളും എയർബേസുകളും തുടച്ചുനീക്കാൻ കഴിയുന്നത്ര വിനാശകരമായ ഒരു ആണവ ആക്രമണം ശത്രു നടത്തിയാൽ, ആഴത്തിലുള്ള വെള്ളത്തിനടിയിൽ പതിയിരിക്കുന്ന SSBN തിരിച്ചടി ആരംഭിക്കും. ഇത് വൻതോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമാകും. ഇന്ത്യയ്ക്ക് നേരെയുള്ള ആദ്യ ആക്രമണം ആക്രമണം നടത്തുന്നവരുടെ ആത്മഹത്യയ്ക്ക് സമാനമായിരിക്കുമെന്ന് ഉറപ്പാക്കുന്നു.

നിലവിൽ, ഇന്ത്യയ്ക്ക് രണ്ട് SSBN-കൾ സേവനത്തിനായുണ്ട്. ഐഎൻഎസ് അരിഹന്ത് (ശത്രുക്കളെ സംഹരിക്കുന്നവൻ), ഐഎൻഎസ് അരിഘട്ട് (ശത്രുക്കളെ നശിപ്പിക്കുന്നവൻ) എന്നിവ യഥാക്രമം 2016-ലും 2024-ലും കമ്മിഷൻ ചെയ്തു. ഈ ശ്രേണിയിലെ മൂന്നാമത്തെ അന്തർവാഹിനിയായ ഐഎൻസ് അരിധാമൻ (ശത്രുക്കളെ കീഴടക്കുന്നവൻ) പരീക്ഷണങ്ങളിലാണ്, അടുത്ത വർഷം ആദ്യം കമ്മിഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പേര് വെളിപ്പെടുത്താത്ത നാലാമത്തെ SSBN താമസിയാതെ സജ്ജമാകും. നാല് SSBN-കളോടെ, ഇന്ത്യയ്ക്ക് അതിശക്തമായ രണ്ടാം ആക്രമണശേഷി ലഭിക്കും. നാലെണ്ണവും പ്രവർത്തനക്ഷമമാകുന്നതോടെ അന്തർവാഹിനികളിൽ ഒരെണ്ണമെങ്കിലും എപ്പോഴും കടലിൽ ഉണ്ടാകും.

K-4 വരുന്നതോടെ കളിമാറും. ഏകദേശം 3,500 കിലോമീറ്റർ ദൂരപരിധിയുള്ള K-4, ഇന്ത്യൻ അന്തർവാഹിനികൾക്ക് പാകിസ്താൻ മൊത്തമായും ചൈനയുടെ വലിയ ഭാഗങ്ങളെയും  ലക്ഷ്യമിടാൻ കഴിയും. K-4 അവസാന വാക്കല്ല. ഡിആർഡിഒ K-5, K-6 മിസൈലുകൾ വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇവയുടെ ദൂരപരിധി 5,000 കിലോ മീറ്ററിന് മുകളിലായിരിക്കുമെന്നും സൂചനയുണ്ട്. എന്നാൽ, വലിപ്പമേറിയതാകാൻ സാധ്യതയുള്ളതിനാൽ അവയ്ക്ക് വലിയ കപ്പലുകൾ ആവശ്യമായി വന്നേക്കും. ഇതിനായുള്ള വാഹിനികൾ S5 എന്ന കോഡ്നാമത്തിലാണ് അറിയപ്പെടുന്നത്. ഈ അന്തർവാഹിനികൾ അരിഹന്ത് ശ്രേണിയേക്കാൾ ഇരട്ടി വലുപ്പമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസിന്റെയും റഷ്യയുടെയും പക്കലുള്ള ഭീമാകാരമായ "ബൂമറുകളുടെ" കൂട്ടത്തിൽപ്പെടുന്നവയായിരിക്കും ഇവയെന്നാണ് കരുതപ്പെടുന്നത്.