ബംഗാൾ ഉൾക്കടലിൽ ആണവ വാഹകശേഷിയുള്ള സബ്മറൈൻ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈൽ, ഇന്ത്യ രഹസ്യമായി പരീക്ഷിച്ചെന്ന് റിപ്പോർട്ട്.  ഡിസംബർ 23-നായിരുന്നു പരീക്ഷണമെന്നാണ് വിവരം. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെയില്ല. ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള K-4 ബാലിസ്റ്റിക് മിസൈൽ ആണ്, അരിഹന്ത് ക്ലാസ് ആണവ അന്തർവാഹിനികളിൽ ഒന്നിൽനിന്ന് പരീക്ഷിച്ചതെന്നാണ് സൂചന. അത് ഐഎൻഎസ് അരിഹന്ത് (INS Arihant) അല്ലെങ്കിൽ ഐഎൻഎസ് അരിഘട്ട് (INS Arighat) എന്നിവയിൽ ഒന്നായിരിക്കാനാണ് സാധ്യത. 

To advertise here,

പരീക്ഷണം രഹസ്യമായി സൂക്ഷിക്കുന്നതിന്‍റെ ഭാഗമായി മിസൈൽ പരീക്ഷണങ്ങൾക്ക് മുന്നോടിയായി വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കായി നൽകുന്ന നിർണ്ണായകമായ മുന്നറിയിപ്പായ നോട്ടീസ് ടു എയർമെൻ (NOTAM) ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ ചൈനീസ് നിരീക്ഷണ കപ്പലുകളുടെ സാന്നിധ്യം കണ്ടതിനാലാണ് ഇത്തരം ഒരു നടപടി. പ്രതിരോധ മന്ത്രാലയമോ ഡിആർഡിഒയോ (DRDO), ഇന്ത്യൻ നാവികസേനയോ ഇതുവരെ ഈ പരീക്ഷണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ആണവ പ്രതിരോധം ശക്തിപ്പെടുത്തുന്ന ഇന്ത്യ

സമുദ്രാധിഷ്ഠിത ആണവ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് ഈ പരീക്ഷണത്തിലൂടെ ഇന്ത്യ നടത്തിയിരിക്കുന്നത്. ഒരു 'സെക്കൻഡ് സ്ട്രൈക്ക്' (Second-strike ability) ശേഷി ഉറപ്പാക്കാൻ സാധിക്കും. അതായത്, രാജ്യം ഒരു ആണവാക്രമണത്തിന് ഇരയായാൽ പോലും ശക്തമായ രീതിയിൽ ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കാനുള്ള ശേഷി ഇതിലൂടെ ലഭിക്കുന്നു.

കര, വായു, കടൽ എന്നീ മൂന്ന് മേഖലകളിൽ നിന്നും ആണവാക്രമണം നടത്താൻ ശേഷിയുള്ള 'ന്യൂക്ലിയർ ട്രയാഡ്' (Nuclear Triad) സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഇതിൽ അന്തർവാഹിനികളിൽ നിന്നുള്ള ആണവായുധങ്ങളാണ് ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്നത്; കാരണം അന്തർവാഹിനികൾക്ക് കടലിനടിയിൽ ദീർഘകാലം ഒളിഞ്ഞിരിക്കാൻ സാധിക്കും.

K-4 മിസൈലിന്റെ പ്രധാന സവിശേഷതകൾ

DRDO തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കെ-സീരീസ് മിസൈലുകളിൽ ഒന്നാണ് K-4. ആണവ അന്തർവാഹിനികളിൽ ഉപയോഗിക്കാൻ വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണിവ.

പ്രധാന സവിശേഷതകൾ:

  • പരിധി: ഏകദേശം 3,500 കിലോമീറ്റർ (വാഹകശേഷി അനുസരിച്ച് 3,000 മുതൽ 4,000 കിലോമീറ്റർ വരെയാകാം).
  • നീളം: ഏകദേശം 12 മീറ്റർ.
  • വ്യാസം: ഏകദേശം 1.3 മീറ്റർ.
  • ഭാരം: 17 മുതൽ 20 ടൺ വരെ.
  • വാഹകശേഷി (Payload): ആണവ പോർമുന ഉൾപ്പെടെ 2 ടൺ വരെ.
  • ഇന്ധനം: ടു-സ്റ്റേജ് സോളിഡ് ഫ്യുവൽ റോക്കറ്റ്.
  • വിക്ഷേപണ രീതി: അണ്ടർവാട്ടർ കോൾഡ് ലോഞ്ച് സിസ്റ്റം (Underwater cold launch system).
  • നൂതന സാങ്കേതികവിദ്യ: ശത്രുക്കളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് നീങ്ങാൻ സഹായിക്കുന്ന 3D മാനുവറിംഗ് (3D maneuvering) ശേഷി.

750 കിമീ ദൂരപരിധിയുള്ള പഴയ K-15 മിസൈലുകളെ അപേക്ഷിച്ച് കെ-4 വലിയൊരു മുന്നേറ്റമാണ്. ശത്രുവിന്റെ തീരങ്ങളിൽ നിന്ന് അകലം പാലിച്ച് തന്നെ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ഇതിലൂടെ സാധിക്കും.

അരിഹന്ത് ക്ലാസ് അന്തർവാഹിനികൾ

ഓരോ അരിഹന്ത് ക്ലാസ് അന്തർവാഹിനിക്കും നാല് K-4 മിസൈലുകൾ വീതം വഹിക്കാൻ ശേഷിയുണ്ട്. നിർമാണത്തിലിരിക്കുന്ന ഭാവി അന്തർവാഹിനികൾക്ക് എട്ട് മിസൈലുകൾ വരെ വഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ സമുദ്രാധിഷ്ഠിത ആക്രമണ ശേഷി വർധിപ്പിക്കും.

2024 നവംബറിൽ ഐഎൻഎസ് അരിഘട്ടിൽ നിന്ന് K-4 മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. 2025 ഡിസംബർ 23-ലെ പരീക്ഷണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, തന്ത്രപരമായ ആണവ ശക്തി വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങളെ ഇത് സൂചിപ്പിക്കുന്നു. K-4 മിസൈലിന്റെ വികസനം ഇന്ത്യയുടെ ദേശീയ സുരക്ഷയിലും ആണവ പ്രതിരോധത്തിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവരിക.