സിലിക്കൺ വാലിയിലെ വമ്പൻ കമ്പനികളുടെ തുടക്കം പലപ്പോഴും ദീർഘദർശികളായ യുവാക്കളിൽ നിന്നാണെന്ന് കാണാം. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരാൾ കൂടി വാർത്തകളിൽ ഇടം പിടിക്കുകയാണ്. സിലിക്കൺ വാലിയിലെ പ്രധാനപ്പെട്ടൊരു സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമുകളിലൊന്നിൽ ഇടംനേടിയിരിക്കുകയാണ് 16 വയസ്സുള്ള ഹെൻറിജ്സ് ഡാൻഡ്സ്ബെർഗ്സ് എന്ന ലാത്വിയക്കാരൻ. നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെ പ്രവർത്തിക്കുന്ന മിസൈലുകൾ വികസിപ്പിക്കുകയാണ് ഈ കൗമാരക്കാരന്റെ ലക്ഷ്യം.

To advertise here,

കുറഞ്ഞ ചെലവിൽ നിർമിക്കാവുന്നതും പോർട്ടബിൾ ലോഞ്ചറുകൾ ഉപയോഗിച്ച് വിക്ഷേപിക്കാവുന്നതുമായ കൃത്യതയേറിയ മിസൈലുകൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ഹെൻറിജ്സ് ഡാൻഡ്സ്ബെർഗ്സ് തുടക്കമിട്ട സ്റ്റാർട്ടപ്പാണ് പോളിമോസ് ഇൻഡസ്ട്രീസ് (Polemos Industries). 2026-ലെ ഫാൾ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പോളിമോസ് ഇൻഡസ്ട്രീസിന് വൈ കോമ്പിനേറ്ററിൽ (Y Combinator) നിന്ന് അഞ്ച് ലക്ഷം ഡോളറാണ് (ഏകദേശം 4.4 കോടി രൂപ) നിക്ഷേപമായി ലഭിച്ചത്.

എയർബിഎൻബി, റെഡ്ഡിറ്റ്, സ്ട്രൈപ്പ്, ഡോർഡാഷ് തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് തുടക്കത്തിൽ പിന്തുണ നൽകിയിട്ടുള്ള ആക്സിലറേറ്ററാണ് വൈ കോമ്പിനേറ്റർ. ഇത്രയും പ്രായം കുറഞ്ഞ സ്ഥാപകർക്ക് ഇവിടെ അവസരം ലഭിക്കുന്നത് അപൂർവമാണ്. വൈ കോമ്പിനേറ്ററിലെ ഏറ്റവും പ്രായം കുറഞ്ഞ ഒറ്റയ്ക്കുള്ള സ്ഥാപകനാണ് ഡാൻഡ്സ്ബെർഗ്സ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

കൂടുതൽ എളുപ്പത്തിൽ ഉത്പാദിപ്പിക്കാവുന്ന ആയുധങ്ങൾ നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സാധാരണ ഉപയോഗിക്കുന്ന വാർ ഡ്രോണുകളേക്കാൾ വലിയ പോർമുനകൾ വഹിക്കാൻ കഴിയുന്നതും ഇലക്ട്രോണിക് ജാമിങ് വഴി പ്രവർത്തനം തടസ്സപ്പെടുത്താൻ പ്രയാസമുള്ളതുമായ സംവിധാനങ്ങൾ വികസിപ്പിക്കാനാണ് ശ്രമം.

മിസൈൽ നിർമാണത്തിലേക്ക് നയിച്ചത് യുക്രെയ്ൻ യുദ്ധം

യുക്രെയ്ൻ യുദ്ധമാണ് ഡാൻഡ്സ്ബെർഗ്സിന്റെ യുദ്ധസാങ്കേതികവിദ്യയോടുള്ള താത്പര്യം ജനിപ്പിച്ചത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന ലാത്വിയയിലാണ് അദ്ദേഹം വളർന്നത്. സ്വന്തം രാജ്യത്തേക്കും യുദ്ധഭീഷണി ഉയരുന്നത് പ്രതിരോധ സാങ്കേതികവിദ്യയിലുള്ള താത്പര്യം വർധിപ്പിച്ചു. ഭാവിയിലെ യുദ്ധങ്ങളിൽ സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾക്ക് (Autonomous Weapons) നിർണായക സ്ഥാനമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ചെറുപ്പം മുതലേ എൻജിനിയറിങ്ങിലും സാങ്കേതികവിദ്യയിലും താത്പര്യമുണ്ടായിരുന്നു. റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ വർഷങ്ങളോളം പരീക്ഷണങ്ങൾ നടത്തി. റോബോട്ടിക് കൈയും സ്വയം പറക്കുന്ന ഡ്രോണും ഇതിൽ ഉൾപ്പെടുന്നു. സാങ്കേതിക മികവ് പരീക്ഷിക്കാൻ വിവിധ ഹാക്കത്തോണുകളിലും പങ്കെടുത്തു.

ലണ്ടനിൽ നടന്ന ഒരു മത്സരം നിർണായകമായി. ഏപ്രിലിൽ നടന്ന മത്സരത്തിൽ ഡാൻഡ്സ്ബെർഗ്സും മറ്റ് രണ്ട് ഡെവലപ്പർമാരും ചേർന്ന് സാധാരണ ഭാഷയിലുള്ള നിർദേശങ്ങൾ ഉപയോഗിച്ച് ഹാർഡ്‌വേർ സർക്യൂട്ട് ബോർഡുകളുടെ ഡിസൈൻ തയ്യാറാക്കാൻ കഴിയുന്ന എ.ഐ. ഉപകരണം വികസിപ്പിച്ചു. മത്സരത്തിൽ ശ്രദ്ധ നേടിയ ഈ പ്രോട്ടോടൈപ്പ് വിജയിക്കുകയും ചെയ്തു.

ഇതോടെ വൈ കോമ്പിനേറ്റർ പ്രോഗ്രാമിൽ ചേരാനുള്ള അവസരവും ടീമിന് ലഭിച്ചു. എന്നാൽ തങ്ങളുടെ കമ്പനി ഭാവിയിൽ ഏത് ദിശയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന കാര്യത്തിൽ ഡാൻഡ്സ്ബെർഗ്സും മറ്റ് ഡെവലപ്പർമാരും തമ്മിൽ ആശയക്കുഴപ്പമുണ്ടായി. ഹാർഡ്‌വേർ ഡിസൈൻ ആശയവുമായി മുന്നോട്ടുപോകാനായിരുന്നു മറ്റ് അംഗങ്ങളുടെ താത്പര്യം. എന്നാൽ പ്രതിരോധ മേഖലയിലെ സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഡാൻഡ്സ്ബെർഗ്സിന്റെ ആഗ്രഹം. ഒടുവിൽ സ്വതന്ത്രമായി മുന്നോട്ടുപോകാൻ തീരുമാനിച്ച അദ്ദേഹം പോളിമോസ് ഇൻഡസ്ട്രീസ് സ്ഥാപിച്ച് വൈ കോമ്പിനേറ്ററിലേക്ക് വീണ്ടും അപേക്ഷിക്കുകയായിരുന്നു.