ഇന്ത്യയും ജപ്പാനും തങ്ങളുടെ തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്തത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ഹൈപ്പർസോണിക് ആയുധങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക മിസൈൽ സാങ്കേതികവിദ്യകളിലും പ്രതിരോധ-വ്യവസായ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കാനാണ് തീരുമാനം. സംയുക്തമായി ഹൈപ്പർസോണിക് മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഇതെന്നാണ് നിരീക്ഷണം.
നിലവിൽ ഇന്ത്യയും റഷ്യയും തമ്മിൽ ഇത്തരത്തിൽ സഹകരണമുണ്ട്. ഈ സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് മിസൈൽ വികസനത്തിലേക്ക് വഴിതെളിച്ചത്. ഇന്ന് ഇന്ത്യയുടെ തന്ത്രപ്രധാനമായ ആയുധങ്ങളിലൊന്നാണ് ബ്രഹ്‌മോസ്. ഒട്ടേറെ രാജ്യങ്ങളിലേക്ക് മിസൈൽ കയറ്റുമതി ചെയ്യുന്നുമുണ്ട്.
പ്രതിരോധരംഗത്ത് കൂടുതൽ സഹകരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനം ഇന്തൊ- പസഫിക് മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. അടുത്തിടെ നടന്ന ഇന്ത്യ-ജപ്പാൻ '2+2' മന്ത്രിതല ചർച്ചയിലാണ് ഇതുസംബന്ധിച്ച പദ്ധതികൾക്ക് വേഗം കൂടിയത്. ഹൈപ്പർസോണിക് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടുത്ത തലമുറ മിസൈലുകൾ സംയുക്തമായി വികസിപ്പിക്കാനും സാങ്കേതിക വിജ്ഞാനം പങ്കുവെക്കാനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
പ്രാദേശിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും ചൈനയുടെ സൈനിക നീക്കങ്ങളും വടക്കൻ കൊറിയയുടെ മിസൈൽ ശേഷിയും പ്രതിരോധിക്കുന്നതിനുമാണ് ജപ്പാൻ ഈ നീക്കം നടത്തുന്നത്. നേരെമറിച്ച്, സാങ്കേതിക വിദ്യകളിൽ മുൻനിരയിൽ നിൽക്കുന്ന ജപ്പാന്റെ സഹകരണം ഇന്ത്യയുടെ പ്രതിരോധ രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കും.
'ഡിസൈൻ വിത്ത് ജപ്പാൻ, മേക്ക് ഇൻ ഇന്ത്യ' (Design with Japan, Make in India) മാതൃകയിലാകും പദ്ധതി നടപ്പാക്കുക. ഈ രീതിയിൽ നാവികസേന കപ്പൽ നിർമ്മാണത്തിലും സമുദ്ര സാങ്കേതികവിദ്യകളിലും ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കുന്നുണ്ട്. യുദ്ധക്കപ്പലുകളെ റഡാർ നിരീക്ഷണത്തിൽനിന്ന് മറയ്ക്കാൻ സഹായിക്കുന്ന 'യൂണികോൺ' (Unicorn- Unified Complex Radio Antenna) റേഡിയോ ആന്റിന സിസ്റ്റം നിർമ്മിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ചർച്ചകളുടെ ഭാഗമാണ്.
ഇതിനുപുറമെ, ഇന്ത്യയിലെ മിസൈൽ പരീക്ഷണകേന്ദ്രങ്ങൾ ജപ്പാന് ഉപയോഗിക്കുന്നതിനായി ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഡിആർഡിഒയുടെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന് പുറമെ, പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും വികസിപ്പിക്കുന്ന പുതിയ രണ്ട് പരീക്ഷണ കേന്ദ്രങ്ങളിലും ജപ്പാന് പ്രവേശനം നൽകാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്ത് ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഭൂമിശാസ്ത്രപരമായ പരിമിതികൾ മൂലമാണ് ജപ്പാൻ ഇന്ത്യയുടെ പരീക്ഷണകേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. ഒക്ടോബറിൽ ജാപ്പനീസ് സൈനിക പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ച് മിസൈലുകളും ചെറിയ ആക്രമണ ഡ്രോണുകളും പരീക്ഷിക്കാനുള്ള സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഇന്ത്യയുമായി പ്രതിരോധ സഹകരണം ജപ്പാൻ ശക്തിപ്പെടുത്തുമ്പോൾ ഇന്തൊ- പസഫിക് മേഖലയിൽ ഇന്ത്യയ്ക്കും സ്വാധീനം വർധിക്കും.
Content Highlights: India and Japan are set to collaborate on developing hypersonic missile technology, marking a new phase in their defense partnership.
Published: 26 Nov 2026, 12:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented