ഭാവിയിലെ യുദ്ധങ്ങൾ ഇന്ന് കാണുന്നതുപോലെയാകില്ല. വൻ കാലാൾപ്പടയും കൂടുതൽ ആയുധങ്ങളുമുള്ളവർ മേൽക്കോയ്മ നേടുന്ന യുദ്ധങ്ങളാകില്ല ഇനി വരാൻ പോകുന്നത്. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അത്യാധുനിക സെൻസറുകൾ എന്നിവ യുദ്ധത്തിന്റെ ഗതിയും വിഗതികളും നിർണയിക്കുന്ന കാലത്ത് വമ്പൻ സൈനിക സന്നാഹങ്ങളേക്കാൾ സ്മാർട്ടായ തന്ത്രങ്ങൾക്കാണ് പ്രാധാന്യം. യുഎസും, ചൈനയും റഷ്യയുമൊക്കെ ഇപ്പോൾ അത്തരം സൈനിക തന്ത്രങ്ങൾ വികസിപ്പിക്കുന്ന തിരക്കിലാണ്. ഇന്ത്യയും സ്വന്തമായി സൈന്യത്തിന്റെ കാലാൾപ്പടയെ ആധുനികവത്കരിക്കുന്നതിനുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടുതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഒരു സൈനികൻ എന്നത് യുദ്ധക്കളത്തിലെ വലിയൊരു നെറ്റ്‌വർക്കിന്റെ കണ്ണിയായി മാറുകയും ഏറ്റവും മാരകമായ ആയുധമായി മാറുകയും ചെയ്യുന്ന രീതിയാണ് വരാൻ പോകുന്നത്. ഡിആർഡിഒയുടെ എഫ്- ഇൻസാസ് ( ഫ്യൂച്ചർ ഇൻഫൻട്രി സോൾജിയർ ആസ് എ സിസ്റ്റം) എന്ന പ്രോഗ്രാമിന് കീഴിലാണ് ഈ സംവിധാനമെല്ലാം ഒരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടം നേരത്തെ പൂർത്തിയായിരുന്നു. ഇതിനെ പരിഷ്‌കരിച്ച് കൂടുതൽ സംവിധാനങ്ങളൊരുക്കും.
ഭാവിയിലെ ഇന്ത്യൻ സേനാംഗം ഒരു വെറും സൈനികൻ എന്നതിലുപരി, യുദ്ധക്കളത്തിലെ ഏറ്റവും ആധുനികമായ ആയുധശേഖരമായി മാറാൻ ഒരുങ്ങുകയാണ്. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അത്യാധുനിക സെൻസറുകൾ എന്നിവയുമായി ബന്ധിപ്പിക്കപ്പെട്ട ഒരു 'ഡിജിറ്റൽ കോംബാറ്റ് ക്ലൗഡിന്റെ' ഭാഗമായിരിക്കും ഈ സൈനികൻ. കേവലം ആയുധം ധരിച്ച വ്യക്തി എന്നതിനപ്പുറം, വിവരങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന ഒരു സജീവ നോഡ് (Node) ആയി ഓരോ സൈനികനും മാറും.
ഭാരമേറിയ ആയുധങ്ങളും സാമഗ്രികളും വഹിക്കുമ്പോഴുണ്ടാകുന്ന ക്ഷീണം കുറയ്ക്കുന്നതിനായി ഡിആർഡിഒ (DRDO) ടാറ്റയുമായി ചേർന്ന് പാസീവ് എക്‌സോസ്‌കെലിറ്റണുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിയാച്ചിൻ, ലഡാക്ക് തുടങ്ങിയ ഓക്‌സിജൻ കുറഞ്ഞ ഉയർന്ന മലനിരകളിൽ സൈനികരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഈ സംവിധാനം നിർണ്ണായകമാകും. 40 മുതൽ 60 കിലോ വരെ ഭാരം ചുമന്ന് ക്ഷീണമില്ലാതെ ദീർഘദൂരം സഞ്ചരിക്കാനും കഠിനമായ ഭൂപ്രകൃതികളിൽ വേഗത്തിൽ നീങ്ങാനും സൈനികനെ ഇത് സഹായിക്കുന്നു.
ഭാവിയിലെ സൈനികന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി അവന്റെ ഹെൽമെറ്റ് മാറും. ഡ്രോണുകൾ, ഉപഗ്രഹങ്ങൾ, യുദ്ധക്കളത്തിലെ മറ്റുസൈനികരുടെയും വാഹനങ്ങളിലെയും സെൻസറുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട് ഹെൽമെറ്റിലെ വൈസറിലൂടെ സൈനികന് കാണാൻ സാധിക്കും. ഇതിനെ 'പ്രെഡേറ്റർ വിഷൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതുപയോഗിച്ച് എവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്നതിൽ സൈനികന് കൃത്യമായ ധാരണയുണ്ടാകും. അതിനനുസരിച്ച് ഒളിക്കാനും കൃതതയോടെ എതിരാളിയെ ആക്രമിക്കാനും സൈനികർക്ക് സാധിക്കും. തെർമൽ ഇമേജിംഗ്, നൈറ്റ് വിഷൻ, ഓഗ്മെന്റഡ് റിയാലിറ്റി (AR), സ്വന്തം പക്ഷത്തുള്ള സൈനികരെ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. സൈനികന്റെ ഹെൽമെറ്റിലെ ഡിസ്‌പ്ലേയിൽ ശത്രുക്കളുടെ സ്ഥാനം, സഹസൈനികരുടെ നീക്കങ്ങൾ, അപകടമേഖലകൾ എന്നിവ തത്സമയം തെളിയും. ഇതിലൂടെ ഒരു സാധാരണ സൈനികൻ യുദ്ധക്കളത്തിലെ ഒരു 'വാക്കിംഗ് കമാൻഡ് പോസ്റ്റ്' ആയി മാറും.
കൂടാതെ, മോട്ടോർസൈക്കിൾ അധിഷ്ഠിത ചെറിയ സംഘങ്ങളായി അതിവേഗം നീങ്ങാനും ചിതറിമാറി ശത്രുവിനെ ആക്രമിക്കാനുമുള്ള തന്ത്രങ്ങളും ഇന്ത്യ പരീക്ഷിക്കുന്നുണ്ട്. ചുരുക്കത്തിൽ, വരും ദശകങ്ങളിൽ ഇന്ത്യൻ സൈനികൻ ഒരു വെറും പോരാളിയല്ല, മറിച്ച് സാങ്കേതികവിദ്യയും ശാരീരിക കരുത്തും ഒത്തിണങ്ങിയ ഒരു 'സൂപ്പർ സോൾജിയർ' ആയിരിക്കും.
റഷ്യ- യുക്രൈൻ യുദ്ധമാണ് പുതിയ മാറ്റങ്ങൾക്ക് വേഗത കൂട്ടിയത്. റഷ്യയും യുക്രൈനും എതിർ സൈനികരുടെ ശരീര താപനില തിരിച്ചറിയുന്ന സെൻസറുകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിക്കുന്നത് വ്യാപകമാക്കിയിരുന്നു. ഇത് പരിഗണിച്ച് ശരീരതാപനില ഇത്തരം സെൻസറുകൾക്ക് തിരിച്ചറിയാതിരിക്കാനുള്ള പ്രത്യേക കവചം സൈനികർക്കുണ്ടാകും. റഡാർ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന കോട്ടിംഗുകളും ശബ്ദം പുറത്തുപോകാത്ത രീതിയിലുള്ള സംവിധാനങ്ങളും ഭാവിയിലെ യൂണിഫോമുകളുടെ ഭാഗമാകും. ഇതിന് പുറമെ ഓരോ സൈനികനും നിരവധി ചെറുകിട ഡ്രോണുകൾ യുദ്ധക്കളത്തിൽ ഉപയോഗിക്കും. സൈനികന്റെ ബാഗിൽ നിന്ന് തന്നെ വിക്ഷേപിക്കാവുന്ന ചെറിയ ക്വാഡ്‌കോപ്റ്ററുകളും ആക്രമണ ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ ഇൻഫൻട്രി വിഭാഗത്തിനും സ്വന്തമായി ഡ്രോൺ ശേഖരം ഉണ്ടായിരിക്കും. ഒരേസമയം പല ഡ്രോണുകളെ നിയന്ത്രിക്കാനും ശത്രുക്കളുടെ ഒളിത്താവളങ്ങൾ കണ്ടെത്താനും സ്‌ഫോടനങ്ങൾ നടത്താനും സൈനികന് സാധിക്കും. ഇവയുപയോഗിച്ച് എതിരാളിയുടെ ഒളിത്താവളങ്ങൾ നേരത്തെ കണ്ടെത്താനും അതിനനുസരിച്ച് ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സാധിക്കും. ചുരുക്കത്തിൽ യുദ്ധക്കളത്തിൽ ശത്രുവിനേക്കാൾ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും കൃത്യതയോടെ ആക്രമിക്കാനും പ്രാപ്തനാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Content Highlights: Explore how India is transforming its soldiers into technologically advanced `super soldiers` with AI, drones, and advanced gear for future warfare. Learn about DRDO`s F-INSAS program.
Published: 24 Jan 2026, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented