ബ്രഹ്‌മോസിന് പുറമെ ഇന്ത്യയില്‍ പ്രതിരോധ ഡ്രോണ്‍ വ്യവസായ മേഖലയിലും കുതിച്ചുചാട്ടമുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡൽഹി: ആഗോള പ്രതിരോധ വിപണിയിൽ കരുത്തറിയിച്ച് ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. ഇന്ത്യയുടെ അഭിമാനമായ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കായി ഗൾഫ്, ലാറ്റിൻ അമേരിക്ക, ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പുതിയ അന്വേഷണങ്ങൾ എത്തുന്നതായും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡ്രോൺ വിപണിയായി മാറുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസ് മിസൈലുകൾക്കായി ഗൾഫ് രാജ്യങ്ങളും, ഈജിപ്ത്, തായ്ലൻഡ്, ബ്രസീൽ, ചിലി എന്നീ രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി ഇന്ത്യ കരാറുകളിൽ ഒപ്പിട്ടു കഴിഞ്ഞു. ഇൻഡൊനീഷ്യയുമായുള്ള കരാർ അവസാന ഘട്ടത്തിലാണ്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഏഷ്യാ വൻകരയ്ക്കുമപ്പുറത്തേക്ക് കടക്കാനൊരുങ്ങുന്നുവെന്നതാണ് ഇതിൽ പ്രധാനം. നേരത്തെ സൈപ്രസ്, ഗ്രീസ്, നോർഡിക് രാജ്യങ്ങൾ തുടങ്ങിയവർ ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ താത്പര്യമറിയിച്ചിട്ടുണ്ട്.
ബ്രഹ്‌മോസ് മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യയുമായി യുഎഇ ചർച്ചകൾ നടത്തിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയോ യുഎഇയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യാഥാർത്ഥ്യമായാൽ ഗൾഫ് മേഖലയിലേക്കുള്ള ബ്രഹ്‌മോസിന്റെ ആദ്യ പ്രവേശനമായി ഇത് മാറും. ബ്രഹ്‌മോസിന് പുറമെ ഇന്ത്യയുടെ ആകാശതീർ (Akashteera) വ്യോമ പ്രതിരോധ സംവിധാനത്തിലും യുഎഇ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഏകദേശം 2.8 മാക് വേഗതയിൽ സഞ്ചരിക്കുന്ന ബ്രഹ്‌മോസ് മിസൈലുകളുടെ ഏറ്റവും പുതിയ വകഭേദത്തിന് 450 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. സൂപ്പർസോണിക് വിഭാഗത്തിൽ ലോകത്ത് ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലുകളിലൊന്നാണ് ബ്രഹ്‌മോസ്. 200 മുതൽ 300 കിലോഗ്രം വരെ ഭാരമുള്ള പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ബ്രഹ്‌മോസിന് ആണവായുധവും വഹിക്കാനാകും. മിസൈൽ ടെക്‌നോളജി കൺട്രോൾ റെജിം ( എംടിസിആർ) അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററിൽ കൂടുതൽ പരിധിയുള്ള മിസൈലുകൾ വിൽക്കുന്നതിന് വിലക്കുള്ളതിനാൽ ഇന്ത്യ കയറ്റുമതി ചെയ്ത ബ്രഹ്‌മോസ് മിസൈലുകൾ ഈ പരിധിക്കുള്ളിൽ നിൽക്കുന്നവയാണ്. നിലവിൽ റഷ്യ തങ്ങളുടെ പുതിയ അന്തർവാഹിനികളിൽ ബ്രഹ്‌മോസ് ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.
ബ്രഹ്‌മോസിന് പുറമെ ഇന്ത്യയിൽ പ്രതിരോധ ഡ്രോൺ വ്യവസായ മേഖലയിലും കുതിച്ചുചാട്ടമുണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2026 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ 38,500-ലധികം ഡ്രോണുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധം മേഖലയ്ക്ക് പുറമെ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലും ഡ്രോണുകളുടെ ഉപയോഗം വർദ്ധിച്ചുവരികയാണ്. ഇന്ത്യയിൽ നിന്ന് ഡ്രോണുകൾ വാങ്ങാൻ സൈപ്രസും അർമേനിയയും താത്പര്യപ്പെട്ടിട്ടുണ്ട്.
2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് വളർച്ചയായ 38,424 കോടി രൂപയിൽ എത്തിയിരിക്കുകയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 62 ശതമാനത്തിന്റെ വർദ്ധനവാണിത്. പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയിൽ ആഗോള ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചൈനയുമായി തർക്കങ്ങളുള്ള രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കായി ഇന്ത്യൻ ആയുധങ്ങളിൽ കൂടുതൽ വിശ്വാസം അർപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
തദ്ദേശീയമായ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെയും വിദേശ രാജ്യങ്ങളുമായുള്ള ശക്തമായ നയതന്ത്ര ബന്ധത്തിലൂടെയും പ്രതിരോധ രംഗത്ത് ഒരു വൻശക്തിയായി മാറാനാണ് ഇന്ത്യയുടെ ശ്രമം. ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനത്തിന് ശേഷം ബ്രഹ്‌മോസ് മിസൈലുകളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്ന് അന്വേഷണങ്ങൾ വരുന്നുണ്ട്. ആഗോളതലത്തിലുണ്ടാകുന്ന ഡിമാൻഡുകൾ കണക്കിലെടുത്ത് ഉത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞു.
Content Highlights: India's defense exports reached a record 38,424 crore INR in 2026, marking a 62% growth., BrahMos supersonic cruise missiles are in high demand across Gulf, Latin American, and Asian nations., India has become the fastest-growing drone market, with over 38,500 registered drones by Feb 2026., Strategic interest from countries like UAE, Brazil, Chile, and Cyprus highlights India's growing geopolitical influence., Indigenous production capacity is being ramped up to meet international defense requirements.
Published: 01 Jul 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented