ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ( Airborne Early Warning and Control System) ഘടിപ്പിച്ച വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി ( Cabinet Committee on Security- CCS) കഴിഞ്ഞ ദിവസമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ആറ് എയര്‍ബസ് വിമാനത്തിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അവാക്‌സ് സംവിധാനം ഘടിപ്പിക്കുക. നേത്ര മാര്‍ക്ക് 2എയര്‍ബസിന്റെ എ321 വിമാനത്തിലാണ് ഇന്ത്യയുടെ അവാക്‌സ് സംവിധാനം ഘടിപ്പിക്കുന്നത്. 19,000 കോടിരൂപയുടേതാകും ഇടപാട്. ആറ് വിമാനങ്ങള്‍ 2033-ഓടെ സേനയുടെ ഭാഗമായി മാറും.
നേരത്തെ മാര്‍ച്ചില്‍ നേത്ര മാര്‍ക്ക് 1 എ അവാക്‌സ് സംവിധാനം ഘടിപ്പിച്ച വിമാനങ്ങള്‍ വാങ്ങാന്‍ ഡിഫന്‍ അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. നേത്ര മാര്‍ക്ക് 1 എ സംവിധാനം ബ്രസീലിന്റെ എംബ്രായര്‍ ഇഎംബി-145 വിമാനത്തിലാണ് ഘടിപ്പിക്കുക. പുതിയ ആറ് വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ഇന്ത്യയുടെ ആകാശനിരീക്ഷണം കൂടുതല്‍ ശക്തിപ്പെടും. നിലവില്‍ നേത്ര മാര്‍ക്ക് 1 എ സംവിധാനമുള്ള മൂന്ന് ഇഎംബി-145 വിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇതിനൊപ്പം ഇസ്രയേലിന്റെ ഫാല്‍കണ്‍ അവാസ്‌ക് സംവിധാനം ഘടിപ്പിച്ച മൂന്ന് ഇല്യൂഷിന്‍ ഐഎല്‍-76 വിമാനങ്ങളും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയുടെ നേത്ര മാര്‍ക്ക് 1 എ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് വികസിപ്പിച്ചത്. 240 ഡിഗ്രി റഡാര്‍ നിരീക്ഷണമാണ് ഉറപ്പുനല്‍കുന്നത്. എന്നാല്‍ കൂടുതല്‍ പരിഷ്‌കരിച്ച മാര്‍ക്ക് 2 സംവിധാനം വാങ്ങാനാണ് ഇപ്പോള്‍ തീരുമാനം. ഇതിന് 300 ഡിഗ്രി റഡാര്‍ നിരീക്ഷണം നടത്താന്‍ സാധിക്കും.
ഗാലിയം നൈട്രൈഡ് അടിസ്ഥാനമാക്കിയ ആക്്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അരെ ( AESA) റഡാര്‍, ഡോര്‍സല്‍ ആന്റിന, നോസ് മൗണ്ടടഡ് ആന്റിന എന്നിവയുള്‍പ്പെടുന്ന വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനമാണ് നേത്ര മാര്‍ക്ക് 2. നേരത്തെ എയര്‍ ഇന്ത്യ ഉപയോഗിച്ചിരുന്ന ആറ് എയര്‍ബസ് എ-321 വിമാനങ്ങള്‍ പരിഷ്്കരിച്ചാണ് നേത്ര അവാക്‌സ് വിമാനമായി മാറ്റുന്നത്.
ഇതിനായി എയര്‍ ബസ് വിമാനങ്ങള്‍ സ്‌പെയിനില്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. യാത്രാവിമാനങ്ങളുടെ സംവിധാനങ്ങളൊക്കെ മാറ്റി സൈനിക ഉപയോഗത്തിന് അനുസരിച്ചുള്ള എയര്‍ഫ്രെയിം പരിഷ്‌കരണങ്ങളും ഏവിയോണിക്‌സ് പരിഷ്‌കരണങ്ങളുമൊക്കെയാണ് നടക്കുന്നത്.
ഓക്‌സിലറി പവര്‍ യൂണിറ്റ്, ആക്ടീവ് നോയിസ് കാന്‍സലേഷന്‍ തുടങ്ങിയവും ഉള്‍പ്പെടുത്തി വിമാനങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറും. തുടര്‍ന്ന് ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇവയില്‍ തദ്ദേശീയ സംവിധാനങ്ങള്‍ ഘടിപ്പിക്കും. നേത്ര അവാക്‌സ് സംവിധാനത്തെ സഹായിക്കുന്ന ഇലക്ട്രോണിക് സപ്പോര്‍ട്ട് മെഷര്‍ ( ESM), റഡാര്‍ വാണിങ് റിസീവര്‍ ( RWR), അവാക്‌സ് വിമാനങ്ങളെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള കൗണ്ടര്‍ മെഷര്‍ ഡിസ്‌പെന്‍സിങ് സിസ്റ്റം ( CMDS) , സാറ്റ്‌കോം കമ്മ്യൂണിക്കേഷന്‍ സംവിധാനം എന്നിവയൊക്കെയാണ് വിമാനങ്ങളില്‍ ഘടിപ്പിക്കുക.
ഡിആര്‍ഡിഒ വികസിപ്പിച്ച നേത്ര വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനത്തിന് താഴ്ന്ന് പറക്കുന്ന യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയ്ക്ക് പുറമെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ എന്നിവ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കും. ഒരു പറക്കുന്ന കമാന്‍ഡ് സെന്റര്‍ പോലെയാകും നേത്ര പ്രവര്‍ത്തിക്കുക.
നിലവില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സേനയുടെ പക്കലില്ല. 2019ലെ ബാലകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷമുണ്ടായ പാകിസ്താനുമായി നടത്തിയ സംഘര്‍ഷത്തിലാണ് ഇന്ത്യ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. ആ സമയത്ത് പാകിസ്താന്റെ പക്കല്‍ 13 അവാക്‌സ് വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ത്യയ്ക്ക് വെറും ആറ് വിമാനങ്ങളും. ഈ പ്രതിസന്ധി ഇനി ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് പുതിയ തീരുമാനത്തിന് പിന്നില്‍.
ഇന്ത്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ചൈന വിന്യസിച്ചിരിക്കുന്നത് 30 അവാക്‌സ് വിമാനങ്ങളാണ്. ഇന്ത്യയുടെ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ശേഷിയും എണ്ണവും വര്‍ധിപ്പിക്കേണ്ടത് ഇത് അത്യന്താപേക്ഷിതമാക്കുന്നു. ഇന്ത്യയുടെ നേത്ര മാര്‍ക്ക് 2 വിന് 300 ഡിഗ്രി ചുറ്റളവില്‍ 500 കിലോമീറ്റര്‍ ദുരത്തിലുള്ള ലക്ഷ്യങ്ങളെ കണ്ടെത്താന്‍ സാധിക്കും. ഇവയെ പ്രതിരോധിക്കാനും പ്രത്യാക്രമണത്തിന് സജ്ജമാകാനും സൈന്യത്തിന് സമയം കൂടുതല്‍ ലഭിക്കുമെന്നതാണ് നേത്രയുടെ മേന്മ.
നേത്രയുടെ കാര്യക്ഷമത ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പരീക്ഷിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. ആറ് നേത്ര മാര്‍ക്ക് 2 വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ഇന്ത്യയുടെ തദ്ദേശീയ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനമുള്ള അവാക്‌സ് വിമാനങ്ങളുടെ എണ്ണം 12 ആയി ഉയരും. ഇതിനൊപ്പം ഇസ്രയേലിന്റെ മൂന്ന് അവാക്‌സ് സംവിധാനങ്ങള്‍ കൂടി ചേരുമ്പോള്‍ എണ്ണം 15 ആകും. ചൈന, പാക് നിരീക്ഷണത്തിനുള്ള കൃത്യമായ മറുപടിയാകും അത്. ഇതിന് പുറമെ 360 ഡിഗ്രിയില്‍ നിരീക്ഷണം സാധ്യമാക്കുന്ന നേത്രയുടെ മാര്‍ക്ക് 3 പതിപ്പ് വികസന ഘട്ടത്തിലാണ്. ഇതുകൂടി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയ്ക്ക് അവാക്‌സ് സംവിധാനങ്ങളുടെ കാര്യത്തിലുള്ള വിദേശ ആശ്രിതത്വം പൂര്‍ണമായും ഒഴിവാക്കാനാകും.
Content Highlights: India Approves 6 Netra AEW&C Aircraft
Published: 21 Aug 2025, 10:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented