ന്യൂഡൽഹി: വ്യോമസേനയ്ക്കായി 114 മൾട്ടി-റോൾ യുദ്ധവിമാനങ്ങൾ (MRFA) വാങ്ങാനുള്ള നിർണ്ണായക ചർച്ചകളിൽ ഫ്രാൻസിന് മുന്നിൽ കർശന ഉപാധികളുമായി ഇന്ത്യ. വിമാനങ്ങളിൽ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ ഘടിപ്പിക്കുന്നതിന് ആവശ്യമായ 'ഇന്റർഫേസ് കൺട്രോൾ ഡോക്യുമെന്റ്' (Interface Control Document - ICD) ലഭ്യമാക്കണമെന്നതാണ് ഇന്ത്യ മുന്നോട്ടുവെച്ചിട്ടുള്ള പ്രധാന നിബന്ധന. ഈ ഉറപ്പ് ലഭിക്കാതെ കരാറുമായി മുന്നോട്ട് പോകില്ലെന്ന വ്യക്തമായ സൂചനയാണ് പ്രതിരോധ മന്ത്രാലയം നൽകുന്നത്.

To advertise here,

ഒരു വിമാനത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളും അതിൽ ഘടിപ്പിക്കുന്ന ആയുധങ്ങളും തമ്മിൽ എങ്ങനെ ആശയവിനിമയം നടത്തണമെന്ന് നിർണ്ണയിക്കുന്ന സാങ്കേതിക രേഖയാണിത്. ഐ.സി.ഡി ലഭ്യമായാൽ, ഫ്രഞ്ച് കമ്പനിയായ ദസ്സൊ ഏവിയേഷന്റെ (Dassault Aviation) സഹായമില്ലാതെ തന്നെ ഇന്ത്യ വികസിപ്പിച്ചെടുത്ത അസ്ത്ര, രുദ്രം തുടങ്ങിയ മിസൈലുകൾ റഫാൽ വിമാനങ്ങളിൽ ഘടിപ്പിക്കാൻ സാധിക്കും. വിമാനത്തിന്റെ പ്രധാന സോഴ്‌സ് കോഡുകൾ (Source Code) നൽകാതെ തന്നെ ഈ സൗകര്യം ഒരുക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നേരത്തെ വാങ്ങിയ 36 റഫാൽ വിമാനങ്ങളിൽ ഇന്ത്യൻ ആയുധങ്ങൾ ഘടിപ്പിക്കുന്നതിന് വലിയ സാങ്കേതിക തടസ്സങ്ങളും അധിക ചെലവുകളും നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ കരാറിൽ ഐ.സി.ഡി ഒരു പ്രധാന വ്യവസ്ഥയായി ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഏകദേശം 114 വിമാനങ്ങളിൽ ഭൂരിഭാഗവും 'ബൈ ആൻഡ് മേക്ക്' പദ്ധതി പ്രകാരം ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ പ്രതിരോധ കമ്പനികളുമായി സഹകരിച്ച് വിമാനത്തിന്റെ ഭാഗങ്ങൾ ഇവിടെ നിർമ്മിക്കണമെന്നും 50 ശതമാനത്തോളം തദ്ദേശീയമായി ഇന്ത്യയിൽ തന്നെ നിർമിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.

ഫ്രഞ്ച് സർക്കാർ ഈ വ്യവസ്ഥകളോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് സൂചന. ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ, വിദേശ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വിമാനങ്ങളിൽ സ്വന്തം ആയുധങ്ങൾ ഉപയോഗിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് ലഭിക്കും. ഇത് രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷിയെ വലിയ തോതിൽ വർദ്ധിപ്പിക്കും. 

അതേസമയം, ഇന്ത്യയുടെ വരാനിരിക്കുന്ന എം.ആർ.എഫ്.എ കരാറിൽ ഫ്രഞ്ച് റഫാലിന് കടുത്ത വെല്ലുവിളിയായി ദക്ഷിണ കൊറിയയുടെ കെ.എഫ്-21 ബോറാമേ (KF-21 Boramae) രംഗപ്രവേശം ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. റഫാൽ ഒരു '4.5 ജനറേഷൻ' വിമാനമാണെങ്കിൽ, കെ.എഫ്-21 ഏതാണ്ട് അഞ്ചാം തലമുറയോട് അടുത്ത ഫീച്ചറുകളുള്ള വിമാനമാണ്. ഇതിന്റെ ആധുനികമായ സ്റ്റെൽത്ത് രൂപകൽപ്പന റഫാലിനേക്കാൾ മികച്ചതാണെന്ന് കരുതപ്പെടുന്നു. റഫാലിനെ അപേക്ഷിച്ച് കെ.എഫ്-21 വിമാനങ്ങൾക്ക് വില കുറവായിരിക്കുമെന്നതും പ്രവർത്തന ചെലവ് കുറവാണെന്നതും ഇന്ത്യയെ ആകർഷിച്ചേക്കാവുന്ന ഘടകങ്ങളാണ്. കെഎഫ് 21 വിമാനത്തിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ എൻജിനാണ്. ഇതിൽ ഉപയോഗിക്കുന്ന ജനറൽ ഇലക്ട്രിക് എഫ്414 (GE F414) എൻജിൻ തന്നെയാണ് ഇന്ത്യയുടെ തേജസ് മാർക്ക് 2 (Tejas Mk 2), എഎംസിഎ (AMCA) എന്നീ പദ്ധതികൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ എൻജിൻ ഇന്ത്യയിൽ നിർമിക്കാനുള്ള സാങ്കേതിക വിദ്യാ കൈമാറ്റത്തിൽ ധാരണയായിട്ടുമുണ്ട്. ഈ വർഷം തന്നെ ഇതിനുള്ള കരാറിലൊപ്പിടാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇന്ത്യയിലെ എൻജിൻ നിർമ്മാണവും പരിപാലനവും കൂടുതൽ ലളിതമാക്കാൻ സഹായിക്കും. കൂടാതെ, എഇഎസ്എ (AESA) റഡാർ, അത്യാധുനിക മിഷൻ കമ്പ്യൂട്ടർ, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് എന്നിവ ഈ വിമാനത്തിലുണ്ട്. 2010-കളിൽ രൂപകൽപ്പന ചെയ്തതിനാൽ കെഎഫ് 21-ലെ ഡിജിറ്റൽ സംവിധാനങ്ങളും സൈബർ സുരക്ഷാ ക്രമീകരണങ്ങളും റഫാലിനേക്കാൾ പുതിയതാണ് എന്നതും മേന്മയാണ്.

ദക്ഷിണ കൊറിയ കൂടുതൽ ആധുനിക സാങ്കേതിക വിദ്യകൾ കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ സാങ്കേതികവിദ്യ കൈമാറാൻ തയ്യാറായാൽ റഫാലിന്റെ കുത്തക തകരാൻ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിൽ പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ധാരണയിലെത്തിയിട്ടുമുണ്ട് എന്നത് ഇതിനോട് ചേർത്ത് വായിക്കണം. ഇതിന് മുമ്പും ഇന്ത്യയും ദക്ഷിണ കൊറിയയും പ്രതിരോധ ഇടപാട് നടത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ നിന്ന് വാങ്ങിയ കെ-9 പീരങ്കിയുടെ സാങ്കേതിക വിദ്യ പഠിച്ച് അതിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ കെ-9 വജ്ര എന്ന സെൽഫ് പ്രൊപ്പൽഡ് ഹൊവിറ്റ്‌സർ നിർമിച്ചത്. ഈ ചരിത്രം നിലനിൽക്കുന്നതിനാൽ ദക്ഷിണകൊറിയയുമായി കൂടുതൽ സഹകരണത്തിന് ഇന്ത്യ തയ്യാറായേക്കും.

റഫാൽ ഇതിനോടകം തന്നെ യുദ്ധങ്ങളിൽ തെളിയിക്കപ്പെട്ട വിമാനമാണ്. എന്നാൽ കെ.എഫ്-21 പുതിയ വിമാനമായതിനാൽ അതിന്റെ കരുത്ത് പൂർണ്ണമായും തെളിയിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. മാത്രമല്ല യുദ്ധ സാഹചര്യങ്ങളിൽ നിരവധി തവണ പരീക്ഷിക്കപ്പെട്ട വിമാനമാണ് റഫാൽ.

റഫാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങളിൽ പരീക്ഷിക്കപ്പെട്ടതാണ്. എന്നാൽ കെഎഫ് 21 ഇതുവരെ ഒരു യുദ്ധസാഹചര്യത്തിലും ഉപയോഗിച്ചിട്ടില്ല എന്നത് ന്യൂനതയാണ്. എൻജിനും മറ്റ് പ്രധാന ഘടകങ്ങളും അമേരിക്കൻ നിർമ്മിതമായതിനാൽ, ഇന്ത്യയ്ക്ക് ഈ വിമാനം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും അമേരിക്കയുടെ അനുമതി ആവശ്യമായി വരും എന്നതും ഒരു പോരായ്മയാണ്. ഫ്രാൻസുമായുള്ള ബന്ധം ഇന്ത്യയ്ക്ക് പ്രധാനമാണെങ്കിലും, ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ കുറഞ്ഞ ചെലവിൽ സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.