ലണ്ടൻ: ലോകത്തിലെ ഏറ്റവും അത്യാധുനികമായ ആറാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നതിനായി യുകെ, ജപ്പാൻ, ഇറ്റലി രാജ്യങ്ങൾ 6.1 ബില്യൺ ഡോളറിന്റെ (ഏകദേശം 58,081.46 കോടി രൂപ) കരാറിൽ ഒപ്പുവെച്ചു. ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാം (GCAP) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായാണ് വൻ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ബിഎഇ സിസ്റ്റംസ് (BAE Systems), ഇറ്റലിയുടെ ലിയോനാർഡോ (Leonardo), ജപ്പാന്റെ ജെ.എ.ഐ.ഇ.സി (JAIEC) എന്നീ കമ്പനികൾ ചേർന്നുള്ള 'എഡ്ജ്വിംഗ്' (Edgewing) എന്ന സംയുക്ത സംരംഭമാണ് വിമാനങ്ങൾ നിർമ്മിക്കുന്നത്. 2035-ഓടെ ഈ യുദ്ധവിമാനങ്ങൾ വ്യോമസേനകളുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,

നിലവിലുള്ള അഞ്ചാം തലമുറ വിമാനങ്ങളെക്കാൾ കരുത്തുള്ളതായിരിക്കും ഇവ. നിലവിലുള്ള അഞ്ചാം തലമുറ വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആറാം തലമുറ വിമാനങ്ങൾ ഒരു വലിയ ശൃംഖലയുടെ കേന്ദ്രബിന്ദുവായി (centrepiece) പ്രവർത്തിക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിഷൻ മാനേജ്മെന്റിനായി എഐയുടെ സഹായം ഈ വിമാനങ്ങളിൽ ലഭ്യമാകും. പൈലറ്റില്ലാത്ത സ്വയംനിയന്ത്രിത ഡ്രോണുകളുമായി (autonomous 'loyal wingman drones) ചേർന്ന് പോരാടാനുള്ള കഴിവ് ഇവയ്ക്കുണ്ടാകും.

പുതിയ ആയുധങ്ങൾ, സെൻസറുകൾ, സോഫ്റ്റ്വെയറുകൾ എന്നിവ വിമാനത്തിന്റെ പ്രവർത്തനകാലയളവിൽ എപ്പോൾ വേണമെങ്കിലും വളരെ വേഗത്തിൽ കൂട്ടിച്ചേർക്കാൻ സഹായിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണം. കൂടുതൽ അത്യാധുനികമായ സ്റ്റെൽത്ത് സാങ്കേതികവിദ്യ, സെൻസർ ഫ്യൂഷൻ, സുരക്ഷിതവും അതിവേഗത്തിലുള്ളതുമായ ഡാറ്റ കൈമാറ്റം എന്നിവ ഇതിന്റെ പ്രത്യേകതകളായിരിക്കും. അഞ്ചാം തലമുറ വിമാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ദൂരപരിധിയിലുള്ള പ്രവർത്തനങ്ങൾ നടത്താൻ ഇവയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിട്ടന്റെ 'ടെമ്പസ്റ്റ്' (Tempest), ജപ്പാന്റെ എഫ്-എക്‌സ് ( F-X) എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാം പ്രഖ്യാപിച്ചത്. ഇവ നിലവിലെ യൂറോഫൈറ്റർ ടൈഫൂൺ (Eurofighter Typhoon), മിത്സുബിഷി എ2 (Mitsubishi F-2) എന്നീ വിമാനങ്ങൾക്ക് പകരമായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഭാവിയിലെ യുദ്ധമുഖങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്ന് ജി.സി.എ.പി ഏജൻസി ചീഫ് എക്‌സിക്യൂട്ടീവ് മസാമി ഒക്ക പറഞ്ഞു. നേരത്തെ ഫ്രാൻസും ജർമനിയും സ്‌പെയിനും ചേർന്നുള്ള മറ്റൊരു ആറാം തലമുറ യുദ്ധവിമാന പദ്ധതിയായ ഫ്യൂച്ചർ കോമ്പാറ്റ് എയർ സിസ്റ്റം ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഈ പദ്ധതിയിലേക്ക് ഇന്ത്യ പങ്കാളിയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ യുഎസിനും ആറാം തലമുറ യുദ്ധവിമാന പദ്ധതിയുണ്ട്. നെക്‌സ്റ്റ് ജനറേഷൻ എയർ ഡോമിനൻസ് ( NGAD) എന്ന പേരിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് ബോയിങ് കമ്പനിയാണ്. 2029 ഓടെ സേനയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി മുന്നോട്ടുപോകുന്നത്. ആറാം തലമുറ യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ എല്ലാവരേക്കാളും ചൈന മുന്നിലെത്തിയിരുന്നു. രണ്ട് ആറാം തലമുറ യുദ്ധവിമാനങ്ങളുടെ പ്രോട്ടോടൈപ്പ് ചൈന അവതരിപ്പിച്ചിരുന്നു.