പാരിസ്: സംയുക്തമായി ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതിയായ ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം ( എഫ്.സി.എ.എസ്) പദ്ധതി ഉപേക്ഷിക്കാൻ ഫ്രാൻസും ജർമനിയും. യൂറോപ്പിലെ ഏറ്റവും ചെലവേറിയ യുദ്ധവിമാന പദ്ധതികളിലൊന്നായാണ് എഫ്.സി.എ.എസ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇരുരാജ്യങ്ങൾക്കും യുദ്ധവിമാനത്തിന്റെ സവിശേഷതകളെക്കുറിച്ച് വ്യത്യസ്തമായ ആവശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആവശ്യങ്ങളും സാങ്കേതിക- നിർമാണ മേഖലയിലെ പങ്കാളിത്തത്തിലെ തർക്കങ്ങളും കൊണ്ട് ഏറെ നാളായി സ്തംഭനാവസ്ഥയിലായിരുന്ന സംയുക്ത പദ്ധതി ഒടുവിൽ ഉപേക്ഷിക്കാനാണ് ജർമനിയും ഫ്രാൻസും തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പദ്ധതി ഉപേക്ഷിക്കാൻ ജർമൻ ചാൻസർ ഫ്രെഡറിക് മെർസും ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏകദേശം 100 ബില്യൺ യൂറോ (ഏകദേശം പതിനൊന്നായിരത്തി നാൽപ്പത് കോടി മുപ്പത് ലക്ഷം ഇന്ത്യൻ രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ മാസങ്ങളായി തുടരുന്ന സ്തംഭനാവസ്ഥ മാറ്റാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പദ്ധതി ഉപേക്ഷിക്കാൻ ഇരുനേതാക്കളും തീരുമാനിച്ചത്. പദ്ധതിയുടെ ഏറ്റവും പ്രധാന ഭാഗമായ അടുത്ത തലമുറ യുദ്ധവിമാനം (core fighter jet) വികസിപ്പിക്കേണ്ടതില്ലെന്ന് ജർമ്മനിയും ഫ്രാൻസും തീരുമാനിച്ചു. ഇതോടെ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം ഇല്ലാതായിരിക്കുകയാണ്. പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഒഴിവാക്കാൻ എഫ്.സി.എ.എസ് എന്ന പേര് തന്നെ തുടർന്നും ഉപയോഗിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇത് പ്രധാനമായും ഒരു പ്രതീകാത്മകമായ നീക്കം മാത്രമായിരിക്കും. യുദ്ധവിമാനത്തിന് പകരമായി, വിമാനങ്ങളെയും ഡ്രോണുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിസുരക്ഷിതമായ ശൃംഖലയായ 'കോംബാറ്റ് ക്ലൗഡ്' (combat cloud) പോലുള്ള മറ്റ് സാങ്കേതിക വിദ്യകൾ എഫ്.സി.എ.എസ് എന്ന പേരിൽ വികസിപ്പിക്കാനാണ് നിലവിലെ നീക്കം.
ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് പദ്ധതി പൂർണ്ണമായും അവസാനിച്ചുവെന്ന് പ്രഖ്യാപിക്കേണ്ടി വരാത്ത തരത്തിലുള്ള ഒരു ഒത്തുതീർപ്പിനാണ് അധികൃതർ ശ്രമിക്കുന്നത്.
പദ്ധതിയുടെ നിയന്ത്രണം ആർക്കായിരിക്കണം എന്നതിനെക്കുറിച്ചും അതിന്റെ സാങ്കേതിക മാനദണ്ഡങ്ങളെക്കുറിച്ചും (specifications) ഇരുപക്ഷവും തമ്മിൽ മാസങ്ങളായി തർക്കത്തിലായിരുന്നു. ആറാം തലമുറയിൽപ്പെട്ട യുദ്ധവിമാനങ്ങൾ സ്വന്തം രാജ്യത്തിന്റെ വ്യോമസേനയ്ക്ക് എത്രത്തോളം ആവശ്യമാണെന്ന കാര്യത്തിൽ ജർമ്മൻ നേതാവായ ഫ്രെഡറിക് മെർസ് സംശയം പ്രകടിപ്പിച്ചു. വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പറന്നുയരാൻ കഴിയുന്നതോ അല്ലെങ്കിൽ ആണവായുധ ശേഷിയുള്ളതോ ആയ വിമാനങ്ങൾ ജർമ്മനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം
ജർമ്മനിയെയും സ്‌പെയിനിനെയും പ്രതിനിധീകരിക്കുന്ന എയർബസ് (Airbus), ഫ്രാൻസിന്റെ ദസ്സൊ ഏവിയേഷൻ (Dassault Aviation) എന്നീ കമ്പനികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.
സൈനിക ശേഷി വർധിപ്പിക്കാതെ അമേരിക്കയെ ആശ്രയിച്ചുള്ള പ്രതിരോധ നയമായിരുന്നു ഇത്രയും കാലം വരെ യൂറോപ്പിനുണ്ടായിരുന്നത്. എന്നാൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതുമുതൽ കാര്യങ്ങൾ മാറി. യൂറോപ്പ് സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കണമെന്ന് ട്രംപ് നിർബന്ധം പിടിടിച്ചു. ഇതിനെ തുടർന്നാണ് ആറാം തലമുറ യുദ്ധവിമാന പദ്ധതിയേപ്പറ്റിയുള്ള ചർച്ചകൾ തുടങ്ങിയത്. യൂറോപ്പിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കാനുള്ള ദശാബ്ദങ്ങളായുള്ള പരിശ്രമങ്ങൾ നേരിടുന്ന വലിയൊരു തിരിച്ചടിയായാണ് എഫ്.സി.എ.എസ് പദ്ധതി ഉപേക്ഷിക്കപ്പെട്ടതിനെ വിലയിരുത്തപ്പെടുന്നത്.
ബ്രിട്ടൻ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി വികസിപ്പിക്കുന്ന ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാം എന്ന മറ്റൊരു ആറാം തലമുറ യുദ്ധവിമാന പദ്ധതികൂടിയുണ്ട്. ഈ വിമാനം വികസിപ്പിക്കുന്നതിനായി ബ്രിട്ടനിലെ ബി.എ.ഇ സിസ്റ്റംസ് (BAE Systems), ഇറ്റലിയിലെ ലിയോനാർഡോ (Leonardo), ജപ്പാനിലെ മിത്സുബിഷി (MHI) എന്നിവർ ചേർന്ന് 'എഡ്ജ്വിംഗ്' (Edgewing) എന്ന പേരിൽ ഒരു സംയുക്ത സംരംഭ കമ്പനി രൂപീകരിച്ചിട്ടുണ്ട്.
വിമാനം 2035-ൽ തന്നെ പൂർണ്ണ സജ്ജമാക്കി വ്യോമസേനകളുടെ ഭാഗമാക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യമെങ്കിലും, പുതിയ സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഇത് 2030-കളുടെ അവസാനത്തിലേക്കോ 2040-ന്റെ തുടക്കത്തിലേക്കോ നീണ്ടുപോയേക്കാം. ഇതിന് പ്രധാന കാരണം യുകെയുടെ സാമ്പത്തിക പ്രശ്‌നങ്ങളാണ്. യുകെയുടെ പുതിയ പ്രതിരോധ നിക്ഷേപ പദ്ധതി പ്രകാരം ആഭ്യന്തര ഫണ്ടിംഗിൽ ചില പുനഃക്രമീകരണങ്ങൾ നടക്കുന്നുണ്ട്. ഡ്രോണുകൾക്കും മറ്റ് സാങ്കേതികവിദ്യകൾക്കും മുൻഗണന നൽകുന്നതിനാൽ പദ്ധതിയിലേക്ക് നൽകേണ്ട തുകയിൽ കുറവ് വരുത്താനോ അല്ലെങ്കിൽ അത് 2030-കളുടെ മധ്യത്തിലേക്ക് മാറ്റിവെക്കാനോ യുകെ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പദ്ധതിയുടെ വൻ ചിലവ് പങ്കിടാൻ കാനഡ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളെക്കൂടി ഇതിലേക്ക് പങ്കാളികളാക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. കൂടാതെ ഫ്രാൻസുമായുള്ള വിമാന പദ്ധതി തകർന്നതോടെ ജർമ്മനിയും ഈ ബ്രിട്ടൻ-ജപ്പാൻ സഖ്യത്തിലേക്ക് ചേക്കേറാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
Published: 09 Jun 2026, 12:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented