ന്യൂഡൽഹി: കഴിഞ്ഞ വർഷം പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ വിജയകരമായി നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയിൽ തദ്ദേശീയ യുദ്ധസാമഗ്രികളുടെ പ്രകടനം കണ്ട് ഇന്ത്യൻ ആയുധങ്ങളിലേക്ക് കണ്ണുവെച്ച് യൂറോപ്യൻ രാജ്യമായ സൈപ്രസ്. ഇന്ത്യ വികസിപ്പിച്ച അത്യാധുനിക കാമികാസെ ഡ്രോണുകളും ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും വാങ്ങാൻ സൈപ്രസ് അതീവ താല്പര്യം പ്രകടിപ്പിച്ചതായാണ് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് 2026 മുതൽ 2031 വരെയുള്ള കാലയളവിലേക്കുള്ള സമഗ്രമായ പ്രതിരോധ സഹകരണ രൂപരേഖയ്ക്ക് ഇരുരാജ്യങ്ങളും അംഗീകാരം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലൈഡസും ന്യൂഡൽഹിയിൽ നടത്തിയ ഉച്ചകോടിയിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ ആയുധങ്ങൾ വാങ്ങാൻ സൈപ്രസ് തയ്യാറെടുക്കുന്നത്.

To advertise here,

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്' ഉയർത്തിയതിന് പിന്നാലെയാണ് പ്രതിരോധ കരാറിന് കളമൊരുങ്ങുന്നത്. പ്രധാനമായും ഇന്ത്യയുടെ കാമികാസെ ഡ്രോണുകളായ നാഗാസ്ത്ര-1, സ്‌കൈസ്‌ട്രൈക്കർ എന്നീ ലോയിറ്ററിങ് മ്യുണിഷൻ സംവിധാനങ്ങളും ആകാശത്തുനിന്നും ഭൂമിയിൽനിന്നും തൊടുക്കാവുന്ന ബ്രഹ്‌മോസ് മിസൈലുകളുമാണ് സൈപ്രസ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ കൃത്യതയോടെ ശത്രുക്കളുടെ വ്യോമപ്രതിരോധം തകർക്കാൻ ഇന്ത്യൻ ഡ്രോണുകൾക്ക് കഴിയുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിക്കപ്പെട്ടിരുന്നു. കഠിനമായ യുദ്ധസാഹചര്യങ്ങളിൽ ഇന്ത്യൻ ആയുധങ്ങൾ തെളിയിച്ച കൃത്യതയും പ്രഹരശേഷിയുമാണ് സൈപ്രസിനെ ഇന്ത്യൻ നിർമ്മിത ആയുധങ്ങളിലേക്ക് ആകർഷിച്ചത്.

ഇന്ത്യയും സൈപ്രസും തമ്മിലുള്ള ഈ പ്രതിരോധ കൂട്ടുകെട്ടിന് വലിയ ഭൗമരാഷ്ട്രീയ പ്രാധാന്യമുണ്ട്. സൈപ്രസുമായി കാലങ്ങളായി അതിർത്തി തർക്കത്തിലുള്ള രാജ്യമാണ് തുർക്കി. എന്നാൽ തുർക്കിയാകട്ടെ, കശ്മീർ വിഷയത്തിൽ നിരന്തരം ഇന്ത്യക്കെതിരെ സംസാരിക്കുകയും കഴിഞ്ഞ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താന് ഡ്രോണുകളും സൈനിക സഹായവും നൽകി പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. തുർക്കിയുടെ ഈ ഇന്ത്യാവിരുദ്ധ നീക്കത്തിന് സൈപ്രസുമായി പ്രതിരോധക്കരാറിൽ ഏർപ്പെടുന്നതിലൂടെ ഇന്ത്യ ശക്തമായ മറുപടിയാണ് നൽകുന്നത്.

യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ സൈപ്രസ് ഇന്ത്യൻ ആയുധങ്ങൾ വാങ്ങാൻ തയ്യാറാകുന്നത് വഴി യൂറോപ്യൻ പ്രതിരോധ വിപണിയിലേക്ക് കടക്കാനുള്ള വലിയ അവസരമാണ് ഇന്ത്യൻ ആയുധ നിർമ്മാതാക്കൾക്ക് തുറന്നുകിട്ടുന്നത്. നാറ്റോ അംഗമല്ലാത്തതിനാൽ പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിൽ സൈപ്രസിന് കൂടുതൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനാകും. സമുദ്ര സുരക്ഷാരംഗത്ത് സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനാ കപ്പലുകൾ സൈപ്രസ് തുറമുഖങ്ങളിൽ സന്ദർശനം നടത്താനും സംയുക്ത നാവിക അഭ്യാസങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

സൈപ്രസിനെ സംബന്ധിച്ചിടത്തോളം ബ്രഹ്‌മോസ് മിസൈൽ ഇടപാട് തുർക്കിക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. സമുദ്ര പര്യവേക്ഷണത്തിന് വേണ്ടിയും അല്ലാതെയും തുർക്കി സൈപ്രസിന്റെ സമുദ്രപരിധി മനപൂർവം ലംഘിക്കുന്നുണ്ട്. എന്നാൽ കടുത്ത പ്രഹരശേഷിയുള്ള ആയുധങ്ങൾ സൈപ്രസിന്റെ പക്കലുണ്ടാകുമ്പോൾ തുർക്കിയ്ക്ക് മേഖലയിലുള്ള മേധാവിത്വം നഷ്ടപ്പെടും. തുർക്കിയ്ക്കുള്ളിലും സമുദ്രമേഖലയിലെ അവരുടെ സൈനിക ആസ്തികളും ലക്ഷ്യമിടാൻ ബ്രഹ്‌മോസിലൂടെ സൈപ്രസിന് സാധിക്കും. മാത്രമല്ല ഡ്രോൺ സാങ്കേതിക വിദ്യയിലും നിലവിൽ മേഖലയിലെ ശക്തിയാണ് തുർക്കി. ഇന്ത്യയുമായുള്ള സഹകരണം സൈപ്രസിന് ഇക്കാര്യത്തിലും പ്രതിരോധ ശേഷി നൽകും.

മേഖലയിലെ സുസ്ഥിരതയും സുരക്ഷയും ലക്ഷ്യമിട്ടുള്ള ഈ സഹകരണം ഇന്ത്യ-സൈപ്രസ് ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരുവെടിക്ക് രണ്ടുപക്ഷി എന്ന പ്രയോജനമാണ്. പ്രതിരോധ കരാറുകൾക്ക് പുറമെ കള്ളപ്പണം വെളുപ്പിക്കൽ തടയുക, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുക, സാങ്കേതിക വിദ്യ കൈമാറ്റം, സൈബർ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ആറ് പ്രധാന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

അടുത്ത വർഷത്തോടെ സൈപ്രസിൽ ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ സേവനങ്ങൾ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോറിന്റെ (IMEC) പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നായ സൈപ്രസുമായി കൈകോർക്കുന്നതിലൂടെ മധ്യധരണ്യാഴി (Mediterranean) മേഖലയിൽ ചൈനയുടെയും തുർക്കിയുടെയും സ്വാധീനം കുറയ്ക്കാനും ഇന്ത്യക്ക് സാധിക്കും. വരുംവർഷങ്ങളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ഈ പുതിയ കരാർ.