ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് (LAC) സമീപം ചൈന വൻതോതിൽ മിസൈൽ ലോഞ്ചറുകൾ വിന്യസിക്കുന്നത് ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങൾക്ക് വലിയ ഭീഷണിയാകുമെന്ന് റിപ്പോർട്ടുകൾ. ചൈനയുടെ ഈ നീക്കം അതിർത്തിയിലെ തന്ത്രപരമായ സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഏറ്റവും വലിയ സ്വാഭാവിക പ്രതിരോധ നിരയായി കണക്കാക്കപ്പെട്ടിരുന്ന ഹിമാലയൻ പർവ്വതനിരകൾ ആധുനിക യുദ്ധമുറകളിൽ അപ്രസക്തമാകുകയാണെന്നാണ് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇന്ത്യക്കെതിരെയുള്ള അതിർത്തി മേഖലകളിൽ ചൈന ഇരുനൂറിലധികം മിസൈൽ ലോഞ്ചറുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾക്ക് പുറമെ അത്യാധുനികമായ ഹൈപ്പർ സോണിക് മിസൈലുകളും ചൈന വിന്യസിച്ചിട്ടുണ്ട്.

To advertise here,

സംഘർഷം ഉണ്ടായാൽ കരസേനാ നീക്കങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ അതിശക്തമായ മിസൈൽ ആക്രമണത്തിലൂടെ ശത്രുരാജ്യത്തെ തളർത്തുന്ന 'മിസൈൽ കേന്ദ്രീകൃത' യുദ്ധതന്ത്രമാണ് (missile-centric doctrine) ബെയ്ജിംഗ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലെ വ്യോമതാവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് മിന്നൽ ആക്രമണം നടത്തുക എന്നതാണ് ചൈനയുടെ തന്ത്രം.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (PLA) റോക്കറ്റ് ഫോഴ്‌സിന് കീഴിലാണ് ഈ മിസൈൽ ലോഞ്ചറുകൾ നിയന്ത്രിക്കപ്പെടുന്നത്. സമാനമായി ഇന്ത്യയിലും ഒരു പ്രത്യേക 'റോക്കറ്റ് ഫോഴ്‌സ്' രൂപീകരിക്കണമെന്ന ചർച്ചകൾ ഇതോടെ ശക്തമായിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ മിസൈൽ ആയുധങ്ങൾ കര, നാവിക, വ്യോമസേനകളിലായി ചിതറിക്കിടക്കുകയാണ്. ഇവയെ ഒരു ഏകീകൃത കമാന്റിന് കീഴിൽ കൊണ്ടുവരുന്നത് ഏകോപനം വർദ്ധിപ്പിക്കാനും ശത്രുവിനെ ഫലപ്രദമായി പ്രതിരോധിക്കാനും സഹായിക്കും.

അതിർത്തിയിൽ ചൈനയുടെ ആധിപത്യം തടയുന്നതിന് ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ നവീകരിക്കേണ്ടതിന്റെ ആവശ്യകത വർധിപ്പിക്കുന്നു. മിസൈലുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ സൈനിക വിഭാഗങ്ങളുടെ ഏകോപനവും അത്യാധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗവും വർദ്ധിപ്പിച്ചാൽ മാത്രമേ ഇന്ത്യക്ക് ചൈനയുടെ ഭീഷണിയെ ഫലപ്രദമായി നേരിടാൻ സാധിക്കൂ എന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

നിലവിൽ ചൈനയിലെവിടെയും ആക്രമിക്കാൻ സാധിക്കുന്ന അഗ്നി 5, കെ-4 എന്നീ മിസൈലുകൾക്ക് പുറമെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങൾ ആക്രമിക്കാൻ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, നിർഭയ് ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകൾ എന്നിവ ഇന്ത്യയുടെ പക്കലുണ്ട്. ഇവ കരുത്തുറ്റ ആയുധങ്ങളാണെങ്കിലും ചൈനയുടെ വൻതോതിലുള്ള മിസൈൽ ശേഖരത്തോടും അത്യാധുനിക ഹൈപ്പർസോണിക് ആയുധങ്ങളോടും മത്സരിക്കാനാകുന്ന സംയോജിത കമാൻഡ് ഘടന ഇന്ത്യയ്ക്കില്ല.

ഹൈപ്പർ സോണിക് ആയുധങ്ങളുടെ കാര്യത്തിൽ ഇന്ത്യ ചൈനയുടെ ആത്രയും വേഗതയിലല്ല മുന്നേറുന്നത്. സ്വന്തമായി ഹൈപ്പർസോണിക് മിസൈൽ വികസിപ്പിച്ചിട്ടുണ്ട് എങ്കിലും വലിയതോതിലുള്ള വിന്യാസത്തിന് സജ്ജമായിട്ടില്ല. ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ കാര്യത്തിൽ ഇന്ത്യ ഇനിയും മുന്നേറാനുണ്ട് എന്നാണ് റിപ്പോർട്ടുകൾ

ഹൈപ്പർ സോണിക് വേഗതയിൽ ആക്രമിക്കാൻ സാധിക്കുന്ന ഇന്ത്യയുടെ അഗ്‌നി-6 മിസൈലുകൾ ഉടൻ സജ്ജമാകുമെന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും ഇതേപ്പറ്റി ഔദ്യോഗിക വിശദീകരണങ്ങൾ വന്നിട്ടില്ല.