ചൈന ഇങ്ങനെയൊരു സാങ്കേതികവിദ്യ യാഥാർഥ്യമാക്കിയാൽ അത് ആർക്കും വലിയൊരു ഭീഷണിയാണെന്നതിൽ സംശയമില്ല.

വിമാനവാഹിനിക്കപ്പലുകളെക്കുറിച്ച് നമുക്കെല്ലാമറിയാം; കടലിൽ ഒഴുകുന്ന ഭീമൻ യുദ്ധവിമാനത്താവളം. എന്നാൽ, ലോകത്ത് മറ്റാരും മുന്നോട്ടുവെക്കാത്ത, ആരെയും അതിശയിപ്പിക്കുന്ന ആശയം അവതരിപ്പിക്കുകയാണ് ചൈന. ബഹിരാകാശത്ത് ഒരു അതിഭീമൻ വിമാനവാഹിനി പേടകം. അതെ, 'ലുവാൻ നിയോ' (Luanniao) എന്നാണ് ഈ ബഹിരാകാശ വിമാനവാഹിനിക്ക് പേരിട്ടിരിക്കുന്നത്. എന്നാൽ ബഹിരാകാശത്ത് ഇങ്ങനെയൊരു വിമാനവാഹിനി സാധ്യമാണോ?
ചൈന ഇങ്ങനെയൊരു സാങ്കേതികവിദ്യ യാഥാർഥ്യമാക്കിയാൽ അത് ആർക്കും വലിയൊരു ഭീഷണിയാണെന്നതിൽ സംശയമില്ല. എന്നാൽ നിലവിൽ ഇതൊരു സങ്കല്പം മാത്രമാണ്. അത് യാഥാർഥ്യമാകില്ലെന്നല്ല, അങ്ങനെ സംഭവിക്കാൻ കുറഞ്ഞത് മൂന്ന് പതിറ്റാണ്ടെങ്കിലും വേണ്ടിവരുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾതന്നെ പറയുന്നു.
ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി പുറത്തുവിട്ട പുതിയ വീഡിയോയിലുള്ള ത്രികോണാകൃതിയിലുള്ള യുദ്ധക്കപ്പൽ 'സ്റ്റാർ വാർസ്' സിനിമയിലെ ബഹിരാകാശ പേടകങ്ങൾക്ക് സമാനമാണ്. ബഹിരാകാശത്തുകൂടി പറക്കാനും പൈലറ്റില്ലാത്ത യുദ്ധവിമാനങ്ങളെ വിന്യസിക്കാനും ഭൂമിയിലെ ലക്ഷ്യങ്ങളിലേക്ക് മിസൈലുകൾ തൊടുക്കാനും സാധിക്കുന്ന വിധത്തിലായിരിക്കും ഇതിന്റെ രൂപകല്പന. ഇത് യാഥാർഥ്യമായാൽ ഭാവിയിലെ യുദ്ധങ്ങളിൽ ചൈനയ്ക്ക് മേൽക്കൈ ലഭിക്കും.
കര, നാവിക, വ്യോമ സേനകളെപ്പോലെ ഒരു ബഹിരാകാശ സേന എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിന് ചൈന പുറത്തുവിട്ട ഈ വീഡിയോ വഴിവെക്കും.
എന്താണ് ലുവാൻ നിയോ?
ചൈനയുടെ നാൻഷ്യൻമെൻ പ്രോജക്ടിന്റെ (Nantianmen Project) ഭാഗമാണ് ലുവാൻ നിയോ. തെക്കൻ സ്വർഗവാതിൽ എന്നാണ് നാൻഷ്യൻമെൻ എന്നാൽ അർഥം. ലുവാൻ നിയോ എന്നാൽ ഫീനിക്സ് പക്ഷി സങ്കല്പത്തിന് സമാനമായി ചൈനയിൽ സങ്കൽപ്പത്തിലുള്ള ഒരു പക്ഷിയാണ്. പ്രതിരോധത്തിന് സർവശക്തമായ ഒരു ഏകീകൃത സംവിധാനം എന്ന സങ്കല്പമാണ് ചൈന ഇതുവഴി മുന്നോട്ടുവെക്കുന്നത്.
ചൈനയുടെ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ 2017 മുതലാണ് ഈ പദ്ധതി ശ്രദ്ധപിടിച്ചുപറ്റുന്നത്. അന്നുമുതൽതന്നെ ഈ വിമാനവാഹിനിയുടെ പലവിധ മോഡലുകൾ വിവിധ പരിപാടികളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ ഇത് വീണ്ടും ചർച്ച ചെയ്യപ്പെട്ടുതുടങ്ങിയത് ചൈന സെൻട്രൽ ടെലിവിഷൻ ഒരു പുതിയ കൺസെപ്റ്റ് വീഡിയോ പങ്കുവെച്ചതോടെയാണ്.
242 മീറ്റർ നീളവും 684 മീറ്റർ വീതിയുമുള്ള അതിഭീമൻ പേടകമാണ് ചൈന ലുവാൻ നിയോ എന്ന ആശയം. ഇന്ന് നിലവിലുള്ള വിമാനങ്ങളേക്കാൾ എത്രയോ മടങ്ങ് വലുതാണിത്. 20,000 അടിയോളം വിങ്സ്പാനും 1,20,000 ടൺ ഭാരവും ഇതിനുണ്ടാവും.
ഇനിയുമുണ്ട് പദ്ധതികളേറെ
ചിറകുകളിൽ മാറ്റം വരുത്തി പറക്കൽ മെച്ചപ്പെടുത്തുന്ന ബൈഡി യുദ്ധവിമാനവും ലേസറും മൈക്രോവേവും ഉപയോഗിക്കുന്ന ആയുധങ്ങളും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളും നാൻഷ്യൻമെൻ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്. പാർട്ടിക്കിൾ ബീം തോക്കുകളും അക്കൂട്ടത്തിലുണ്ട്. എ.ഐ. അധിഷ്ഠിതമായിരിക്കും ഇവയുടെ പ്രവർത്തനം.
എന്നാൽ, ചൈന ഈ സാങ്കല്പിക സാങ്കേതികവിദ്യകൾ നിരന്തരം അവതരിപ്പിക്കുന്നുണ്ടെങ്കിലും അവ ഉടൻ സംഭവിക്കുമെന്നോ എന്നെങ്കിലും നടക്കുമെന്നോ ആരും വിശ്വസിക്കുന്നില്ല. ഇത് വെറും സയൻസ് ഫിക്ഷൻ മാത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്.
ലുവാൻ നിയോപോലെ വലുതും ഭാരമേറിയതുമായ ഒന്നിനെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നതിന് പ്രൊപ്പൽഷൻ, ഊർജസ്രോതസ്സുകൾ, സാമഗ്രികൾ എന്നിവയിൽ വൻ മുന്നേറ്റം ആവശ്യമായുണ്ട്. നിലവിൽ ലഭ്യമായ സാങ്കേതികവിദ്യ വെച്ചുനോക്കിയാൽ ഈ സങ്കല്പം ഭൗതികശാസ്ത്ര നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ്.
എന്നാൽ, ഈ സങ്കല്പങ്ങൾ ഭാവിയിലെ വ്യോമ-ബഹിരാകാശ യുദ്ധങ്ങൾക്ക് അനുയോജ്യമാണെന്ന് ചൈനീസ് സൈനിക നിരീക്ഷകനായ സോങ് ഷോങ്പിങ് പറഞ്ഞു.
അതേസമയം, ഇത്തരം പദ്ധതികളുടെ പ്രഖ്യാപനം ചൈനീസ് ദേശീയത വളർത്താനും യു.എസ്. പോലുള്ള എതിരാളികൾക്ക് മുന്നിൽ കരുത്ത് കാട്ടാനുമുള്ള പ്രചാരണമായാണ് ചിലർ വിലയിരുത്തുന്നത്.
നിലവിൽ ഇതൊക്കെ വെറും വീഡിയോകളും മാതൃകകളും സ്വപ്നങ്ങളും മാത്രമാണ്; ഈ ശാസ്ത്രസങ്കല്പ കാഴ്ചപ്പാടിനെ യാഥാർഥ്യമാക്കാൻ ചൈനയ്ക്ക് കഴിയുമോ എന്ന് കണ്ടറിയണം.
Content Highlights: Star Wars in Real Life? Inside China's Ambitious 'Luanniao' Space Carrier Project
Published: 06 Feb 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented