
മോസ്‌കോ: ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ നാവികസേനയുടെ കരുത്ത് വിളിച്ചോതിയിരുന്ന വിമാനവാഹിനിക്കപ്പല്‍ അഡ്മിറല്‍ കുസ്നെറ്റ്സോവ് ചരിത്രമാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതു കൊല്ലത്തിലേറെ പഴക്കമുള്ള ഈ കപ്പലിന്മേല്‍ ഇനി അറ്റകുറ്റപ്പണി നടത്തി പണം പൊടിക്കാനില്ലെന്നാണ് മോസ്‌കോയുടെ നിലപാട്. റഷ്യയുടെ കൈവശമുള്ള ഏക വിമാനവാഹിനിക്കപ്പലാണ് ഇത്.
അഡ്മിറല്‍ കുസ്നെറ്റ്സോവിനെ പൊളിച്ചുനീക്കുകയോ വിറ്റഴിക്കുകയോ ചെയ്യുന്നപക്ഷം വിമാനവാഹിനിക്കപ്പല്‍ ഇല്ലാത്ത സൂപ്പര്‍ പവറായി റഷ്യ മാറുകയും ചെയ്യും.
റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മ്മാണ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്ദ്രെ കോസ്റ്റിന്‍ ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. നീണ്ടകാലമായി ഈ യുദ്ധക്കപ്പലിന്റെ അറ്റകുറ്റപ്പണികളും നവീകരണപ്രവൃത്തിയും നിര്‍ത്തിവെച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന പത്രറിപ്പോര്‍ട്ടിന് പിന്നാലെയാണ് ആന്ദ്രെയുടെ പ്രതികരണം.
സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലത്ത്, 1985-ലാണ് അഡ്മിറല്‍ കുസ്നെറ്റ്സോവ് നീറ്റിലിറക്കിയത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് പിന്നാലെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി. സിറിയന്‍ ആഭ്യന്തരയുദ്ധകാലത്ത് പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനെ പിന്തുണച്ചുകൊണ്ട് സിറിയയില്‍ റഷ്യ നടത്തിയ സൈനിക നീക്കത്തില്‍ കുസ്നെറ്റ്സോവ് പങ്കെടുത്തിരുന്നു. വിമതസേനയ്‌ക്കെതിരെ വ്യോമാക്രമണങ്ങള്‍ നടത്താനായിരുന്നു ഈ വിമാനവാഹിനിക്കപ്പല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2017 മുതല്‍ ഈ കപ്പല്‍ യുദ്ധങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നില്ല.
റഷ്യയുടെ നോര്‍ത്തേണ്‍ ഫ്‌ളീറ്റിന്റെ താവളത്തിനടുത്തുള്ള മര്‍മാന്‍സ്‌ക് പ്രദേശത്ത് നവീകരണ പ്രവര്‍ത്തനങ്ങളിലായിരുന്നു കപ്പല്‍. എന്നാല്‍, അതൊന്നും വിചാരിച്ച ഫലം നല്‍കിയില്ല. അതുകൊണ്ടുതന്നെ അഡ്മിറല്‍ കുസ്നെറ്റ്സോവിനുവേണ്ടി ഇനിയും പണം ചെലവഴിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ആന്ദ്രെ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഈ കപ്പലിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇനിയും ഇതില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മാത്രമല്ല അത് വളരെ ചെലവേറിയ കാര്യവുമാണ്. അഡ്മിറല്‍ കുസ്നെറ്റ്സോവിനെ വിറ്റോ, അല്ലെങ്കില്‍ ഒഴിവാക്കിക്കൊണ്ടോ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,' ആന്ദ്രെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുദ്ധക്കപ്പലുകള്‍ സംബന്ധിച്ച വിഷയങ്ങള്‍ മോസ്‌കോ അതീവരഹസ്യമായാണ് കൈകാര്യം ചെയ്യാറുള്ളത്. മാത്രമല്ല, റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇത്തരം കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായം പറയാറുമില്ല. അതുകൊണ്ടുതന്നെ അഡ്മിറല്‍ കുസ്നെറ്റ്സോവിന്റെ ഭാവി കണ്ടുതന്നെ അറിയേണ്ടിവരും. അതേസമയം, യുദ്ധക്കപ്പല്‍ പൊളിച്ചുനീക്കുന്നതിനെക്കുറിച്ച് റഷ്യന്‍ നാവികസേനയിലെ വിമുക്തഭടന്മാരും വിദഗ്ദ്ധരും ഭിന്നാഭിപ്രായമാണ് പങ്കുവെക്കുന്നത് എന്നാണ് വിവരം.
2017-ല്‍ മെഡിറ്ററേനിയനില്‍നിന്ന് മടങ്ങുന്ന വഴി, കനത്ത കറുത്ത പുക തുപ്പിക്കൊണ്ട് ഇംഗ്ലീഷ് തീരത്തിനടുത്തുകൂടി കടന്നുപോയതിന് പിന്നാലെയാണ് അഡ്മിറല്‍ കുസ്നെറ്റ്സോവിന് 'നാണക്കേടിന്റെ കപ്പല്‍' എന്ന പേര് വീണത്. ബ്രിട്ടണിലെ അന്നത്തെ പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്‍ ആണ് കപ്പലിനെ അങ്ങനെ വിളിച്ചത്. പിന്നീട് ആ പേര് കപ്പലിന് പതിഞ്ഞുപോവുകയും ചെയ്തു.
Content Highlights: russias only aircraft carrier admiral kuznetsov may soon be scrapped the ship of shame world news
Published: 27 Jul 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented