നാവികോദ്യോഗസ്ഥന്റെ വ്യായാമവിവരങ്ങൾക്കൊപ്പം അബദ്ധത്തിൽ ചോർന്നത് യുദ്ധക്കപ്പലിന്റെ ലൊക്കേഷൻ വിവരങ്ങളും. ചാൾസ് ഡി ഗാൾ എന്ന ഫ്രഞ്ച് വിമാനവാഹിനി കപ്പലിന്റെ വിവരങ്ങളാണ് പുറത്തായത്. സ്ട്രാവ എന്ന ഫിറ്റ്‌നസ് ആപ്പിലൂടെയാണ് യുവ നാവികസേനാ ഉദ്യോഗസ്ഥന്റെ വ്യായാമവിവരങ്ങളും 35 മിനിറ്റോളം സമയത്തെ വിമാനവാഹിനി കപ്പലിന്റെ ലൊക്കേഷൻ വിവരങ്ങളും പുറത്തായത്.

To advertise here,

നാവികോദ്യോഗസ്ഥൻ തന്റെ വ്യായാമ വിവരങ്ങൾ പരസ്യമാക്കിയതോടെയാണ് യുദ്ധക്കപ്പലിന്റെ ലൊക്കേഷനും പരസ്യമായതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ മൊൻഡെ റിപ്പോർട്ട് ചെയ്തു. നടുക്കടലിലുള്ള യുദ്ധക്കപ്പലിന്റെ ഡെക്കിൽ നിന്ന് വ്യായാമം ചെയ്യുന്ന നാവികോദ്യോഗസ്ഥന്റെ ചിത്രവും സ്ട്രാവയിലൂടെ പുറത്തുവന്നു. സ്മാർട്ട് വാച്ച് ഉപയോഗിച്ചാണ് ഇയാൾ വ്യായാമം ട്രാക്ക് ചെയ്തത്. 35 മിനുറ്റിൽ ഏഴ് കിലോമീറ്ററാണ് ഇയാൾ ഓടിയതെന്ന് ആപ്പ് ഡാറ്റ സൂചിപ്പിക്കുന്നു.

ചാൾസ് ഡി ഗാൾ ഏത് മേഖലയിലാണ് എന്ന വിവരം പരസ്യമായ വിവരമാണ്. എന്നാൽ കപ്പലിന്റെ സ്ഥാനം കൃത്യമായി എവിടെയാണെന്ന വിവരം നാവികസേന അതീവരഹസ്യമായി സൂക്ഷിച്ചുവരികയായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിന്റെ സഖ്യരാജ്യങ്ങളുടെ സംരക്ഷണത്തിനായി ചാൾസ് ഡി ഗാളിനേയും അകമ്പടി കപ്പലുകളേയും വിന്യസിക്കുന്നതായി ഈ മാസം ആദ്യമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചത്.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. '2,000 നാവികരെ വഹിക്കുന്ന, യുദ്ധമേഖലയിൽ വിന്യസിക്കപ്പെട്ട 400 കോടി ഡോളറിന്റെ വിമാനവാഹിനിയുടെ സുപ്രധാന വിവരം ഒരാളുടെ ജോഗ്ഗിങ് വഴിയിലൂടെ പുറത്തായി. സൈനിക ദൗത്യങ്ങളിലെ ദുർബലമായ കണ്ണി ഹാർഡ്‌വെയറല്ല, മറിച്ച് ലൊക്കേഷൻ പങ്കുവെക്കുന്ന നാവികനാണ്.' -ഇതാണ് ഒരാൾ എക്‌സിൽ കുറിച്ചത്.