ഇന്ത്യയുടെ വ്യോമപ്രതിരോധ രംഗത്ത് നാഴികക്കല്ലായ മറ്റൊരു മുന്നേറ്റം! തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രൈം സര്‍ഫേസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റത്തിന്റെ ഹൈ ആള്‍ട്ടിറ്റിയൂഡ് പരീക്ഷണം 2025 ജൂലായ് 16 ബുധനാഴ്ച ലഡാക്കില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ആര്‍മി എയര്‍ ഡിഫന്‍സ് കോര്‍പ്‌സും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞരും ചേര്‍ന്നാണ് 15,000 അടിയിലേറെ ഉയരത്തില്‍, അത്യപൂര്‍വമായ അന്തരീക്ഷ സാഹചര്യങ്ങളില്‍ മിസൈലിന്റെ കഴിവ് പരീക്ഷിച്ചത്. 

To advertise here,

പരീക്ഷണം ഇങ്ങനെ

അതിവേഗത്തില്‍ സഞ്ചരിക്കുന്ന രണ്ട് വിമാനങ്ങളെ ലക്ഷ്യമിട്ട് ലഡാക്കിന്റെ ഉയര്‍ന്ന ഭൂപ്രദേശത്ത് നടത്തിയ പരീക്ഷണത്തില്‍ ആകാശ് പ്രൈം മിസൈലുകള്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചു. 'ഈ പരീക്ഷണം ആകാശ് പ്രൈമിന്റെ പ്രവര്‍ത്തനക്ഷമതയും വിശ്വാസ്യതയും തെളിയിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ചൈനീസ് നിര്‍മിത വിമാനങ്ങളും തുര്‍ക്കി ഡ്രോണുകളും ഉള്‍പ്പെടെയുള്ള വ്യോമാക്രമണ ഭീഷണികളെ,  ചെറുക്കാന്‍ ആകാശ് പ്രൈം ഫലപ്രദമായി ഉപയോഗിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആകാശ് പ്രൈം: ഇന്ത്യയുടെ വ്യോമപ്രതിരോധ ശക്തി

മീഡിയം റേഞ്ച് സര്‍ഫേസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റമായ ആകാശ് പ്രൈം, വിവിധ വ്യോമാക്രമണ ഭീഷണികളെ പ്രതിരോധിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അത്യാധുനിക തത്സമയ മള്‍ട്ടി-സെന്‍സര്‍ ഡാറ്റ പ്രോസസിങ്, ഭീഷണി വിലയിരുത്തല്‍ സംവിധാനങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഒന്നിലധികം ദിശകളില്‍ നിന്നുള്ള ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാന്‍ ശേഷിയുള്ള ഈ സിസ്റ്റത്തിന് രണ്ട് പ്രവര്‍ത്തന രീതികളുണ്ട്: ഗ്രൂപ്പ് മോഡ്: ഒന്നിലധികം ലോഞ്ച് യൂണിറ്റുകളും മിസൈലുകളും ഒരേസമയം ഉപയോഗിക്കുന്നു.  ഓട്ടോണമസ് മോഡ്: ബാഹ്യനിയന്ത്രണമില്ലാതെ സ്വയം പ്രവര്‍ത്തിക്കുന്നു.

സൈന്യത്തിന് ശക്തി

ഈ വിജയകരമായ പരീക്ഷണത്തോടെ, ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധശേഖരത്തിലേക്ക് ഇനി ആകാശ് പ്രൈം ഔദ്യോഗികമായി ഉള്‍പ്പെടുത്താം. ഇന്ത്യന്‍ കരസേനയും വ്യോമസേനയും പാകിസ്താന്‍ അതിര്‍ത്തിയില്‍ ആകാശ് മിസൈല്‍ സിസ്റ്റം ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ഈ നേട്ടം ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതോടൊപ്പം, തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയുടെ മികവും ലോകത്തിന് മുന്നില്‍ തെളിയിക്കുന്നു. 

ആത്മനിര്‍ഭര്‍ ഭാരത്

സര്‍വമേഖലയിലും ഇന്ത്യയെ സ്വയം പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന്റെ ഭാഗമാണ് ആകാശ് പ്രൈം. ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ സ്വന്തം സാങ്കേതിക വിദ്യയിലാണ് ഇത് വികസിപ്പിച്ചത്. ഇത് പ്രതിരോധ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ ശക്തിയും ആഗോള തലത്തില്‍ മത്സരിക്കാനുള്ള ശേഷിയും വ്യക്തമാക്കുന്ന നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.