ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (HAL) 97 തേജസ് മാര്‍ക്ക് 1A യുദ്ധവിമാനങ്ങള്‍ക്ക് വേണ്ടിയുള്ള 66,500 കോടി രൂപയുടെ വമ്പന്‍കരാര്‍ ഒപ്പിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. എന്നാല്‍, 2021-ല്‍ 46,898 കോടി രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്ത 83 വിമാനങ്ങളില്‍ ഒന്നുപോലും ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നത് ആശങ്കാജനകമാണ്.

To advertise here,

നാലാം തലമുറയില്‍പ്പെട്ട 97 വിമാനങ്ങള്‍ക്കുള്ള കരാറില്‍ വ്യാഴാഴ്ച ഒപ്പുവെക്കുമെന്നാണ് വിവരം. 36 വര്‍ഷം പഴക്കമുള്ള മിഗ്-21 വിമാനങ്ങള്‍ നിര്‍ത്തലാക്കാനിരിക്കെ, ഈ കരാര്‍ വ്യോമസേനയുടെ ആധുനികവല്‍ക്കരണത്തിനും യുദ്ധശേഷി വര്‍ധിപ്പിക്കുന്നതിനും നിര്‍ണായകമാണ്. എന്നാല്‍, മിഗ് വിമാനങ്ങള്‍ പിന്‍വലിക്കുന്നതോടെ ഇന്ത്യയുടെ യുദ്ധവിമാന സ്‌ക്വാഡ്രണുകളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 29-ലേക്ക് കുറയുമെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ഇന്ത്യയുടെ പ്രധാന എതിരാളിയായ പാകിസ്താന്‍ വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കുകയാണ്. ചൈനയില്‍ നിന്ന് 40 അഞ്ചാം തലമുറ J-35A യുദ്ധവിമാനങ്ങള്‍ ഉടന്‍ ലഭിക്കാനിരിക്കുന്ന പാകിസ്താന് നിലവില്‍ 25 സ്‌ക്വാഡ്രണുകള്‍ ഉണ്ട്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍, ചൈനയുടെ യുദ്ധവിമാനങ്ങളുടെയും ബോംബര്‍ വിമാനങ്ങളുടെയും എണ്ണം ഇന്ത്യയെക്കാള്‍ നാല് മടങ്ങ് കൂടുതലാണ്, ഇത് ആശങ്ക ഉയര്‍ത്തുന്നു.

'ഓപ്പറേഷന്‍ സിന്ദൂര്‍' ഏറ്റുമുട്ടലില്‍ ചൈനീസ് നിര്‍മിത J-10 വിമാനങ്ങളും PL-15 വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളുമാണ് പാകിസ്താന്‍ ഉപയോഗിച്ചത്. ഈ സാഹചര്യത്തില്‍, എതിരാളികളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ നിലവില്‍ അനുമതി ലഭിച്ച 42.5 സ്‌ക്വാഡ്രണുകളെക്കാള്‍ കൂടുതല്‍ ശക്തി ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമാണെന്നാണ് സേനയുടെ ആഭ്യന്തര വിലയിരുത്തല്‍.

സിംഗിള്‍ എഞ്ചിന്‍ തേജസ് വിമാനങ്ങളുടെ നിര്‍മാണത്തിലെ കാലതാമസത്തെക്കുറിച്ച് വ്യോമസേന നിരന്തരം മുന്നറിയിപ്പ് നല്‍കിവരുന്നു. 'ആത്മനിര്‍ഭര്‍ ഭാരത്' ലക്ഷ്യത്തിനായി തയ്യാറെടുപ്പുകള്‍ അനന്തമായി മാറ്റിവെക്കാനാവില്ലെന്നും സേന വ്യക്തമാക്കുന്നു. എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് തുറന്നുപറഞ്ഞതുപോലെ, വ്യോമസേനയുടെ പക്കലുള്ള വിമാനങ്ങള്‍ പരിമിതമാണ്, യുദ്ധസജ്ജത നിലനിര്‍ത്താന്‍ വര്‍ഷംതോറും 40 വിമാനങ്ങള്‍ എങ്കിലും ലഭിക്കണം.

2021-ലെ കരാര്‍ പ്രകാരം, 2024 ഫെബ്രുവരി മുതല്‍ 2028 ഫെബ്രുവരി വരെ 83 തേജസ് മാര്‍ക്ക് 1A വിമാനങ്ങള്‍ വ്യോമസേനയ്ക്ക് ലഭിക്കേണ്ടതായിരുന്നു, എന്നാല്‍ അത് നടന്നിട്ടില്ല. ഇതിനിടെ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് കമ്മിറ്റി 97 വിമാനങ്ങള്‍ക്ക് കൂടി അനുമതി നല്‍കി. 83 വിമാനങ്ങളുടെ വിതരണം ആരംഭിക്കും മുമ്പ് പുതിയ കരാര്‍ ഒപ്പിടരുതെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു, കാരണം കരാര്‍ ഒപ്പിട്ടാല്‍ പ്രതിരോധ മന്ത്രാലയത്തിന് കൃത്യമായ സമയക്രമത്തില്‍ ബജറ്റ് ചെലവഴിക്കേണ്ടി വരും. ഇതോടെ HAL-ന് കരാറിന്റെ ആദ്യ ഗഡു ലഭിക്കും.

എന്നാല്‍, HAL-ന്റെ അവകാശവാദപ്രകാരം, 83 വിമാനങ്ങളുടെ വിതരണം ഒക്ടോബറില്‍ ആരംഭിക്കാനാകും. യുഎസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക്സില്‍ (GE) നിന്നുള്ള 99 GE-F404 ടര്‍ബോഫാന്‍ എഞ്ചിനുകള്‍ ലഭിച്ചുതുടങ്ങിയെന്നും HAL അറിയിക്കുന്നു. നിലവില്‍ മൂന്ന് എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്, ഡിസംബറില്‍ ഏഴെണ്ണം കൂടി എത്തും. ഓരോ വര്‍ഷവും 20 എഞ്ചിനുകള്‍ വീതം ലഭിക്കുമെന്നാണ് പ്രതീക്ഷ. 5,375 കോടി രൂപയുടെ കരാറാണ് ഇതിനായി 2021 ല്‍ കമ്പനികള്‍ തമ്മിലുണ്ടാക്കിയത്. 97 വിമാനങ്ങള്‍ കൂടി സര്‍ക്കാര്‍ എച്ച്എഎലില്‍ നിന്ന് വാങ്ങുന്നുണ്ടെങ്കില്‍, 113 എഞ്ചിനുകള്‍ക്കുള്ള 10,000 കോടി രൂപയുടെ പുതിയ കരാറും HALനും GE യ്ക്കും ഒപ്പിടേണ്ടിവരും.