ന്യൂയോർക്ക്: കോർട്ടിലെ ആരാധനാവിഗ്രഹം ആരാണെന്ന ചോദ്യത്തിന് ഉത്തരം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരാറില്ല അർജന്റീനക്കാരൻ മരിയാനോ നവോനെയ്ക്ക്. ഒറ്റവാക്കിൽ, ഒറ്റശ്വാസത്തിൽ പറയും: നൊവാക് ജോക്കോവിച്ച്. ജോക്കോയെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പറയാൻ നൂറ് നാവാണ് ലാ നവൊനേറ്റയെന്ന് അർജന്റീനക്കാർ സ്‌നേഹത്തോടെ വിളിക്കുന്ന മരിയാനോയ്ക്ക്. 2008ൽ ജോക്കോ ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയത് മുതൽ തുടങ്ങിയതാണ് ആരാധന. 'കഴിഞ്ഞ വർഷം ഞാൻ ആദ്യമായി ഗ്രാൻഡ്സ്ലാം കളിക്കാൻ പോയ റൊളാങ് ഗാരോസിൽ നേരിൽ കണ്ടു. 'വൗ...'! ഒറ്റ വാക്കിൽ, അതേ പറയാനുള്ളൂ ഇഷ്ടവിഗ്രഹത്തെ നേരിൽ കണ്ട് കണ്ണുനിറഞ്ഞ നിമിഷത്തെക്കുറിച്ച് മരിയാനോയ്ക്ക്. കോർട്ടിൽ ഞാൻ കണ്ട ഏറ്റവും മികച്ച താരം-ഇയ്യിടെയാണ് ഒരു അഭിമുഖത്തിൽ മരിയാനോ പറഞ്ഞത്. പതിനെട്ട് കൊല്ലത്തിനുശേഷം ഇതേ ആരാധനാവിഗ്രഹത്തെ കടപുഴക്കി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മരിയാനൊ. എന്റെ സ്വപ്‌നസാഫല്യം. ഇതായിരുന്നു യു.എസ്. ഓപ്പൺ ടെന്നിസിലെ ആദ്യ റൗണ്ടിലെ അട്ടിമറിക്കുശേഷമുള്ള മരിയാനോയുടെ പ്രതികരണം.
മരിയാനോയ്ക്ക് ഇത് ആറാമത്തെ ഗ്രാൻഡ്സ്ലാം മത്സരം മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണിൽ നേടി മൂന്നാം റൗണ്ട് പ്രവേശനമായിരുന്നു ഇതുവരെ ഏറ്റവും വലിയ നേട്ടം. ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ട് തവണയും ഒന്നാം റൗണ്ടിൽ തന്നെ മടങ്ങി. വിംബിൾഡണിൽ കഴിഞ്ഞ തവണ രണ്ടാം റൗണ്ടിലും യു.എസ് ഓപ്പണിൽ 2024ൽ രണ്ടാം റൗണ്ടിലും മടങ്ങി. ഇക്കുറി എത്രമാത്രം മുന്നേറുമെന്ന് ഉറപ്പില്ല. എന്താലും യു.എസ്. ഓപ്പണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. വയസ്സ് മുപ്പത്തിയൊൻപതായി ജോക്കോയ്ക്ക്. പ്രായത്തിന്റെ ക്ഷീണമെല്ലാം കോർട്ടിൽ തലപൊക്കുകയും ചെയ്തു. എങ്കിലും ഫോമിൽ ഒട്ടും പിറകലല്ല എന്നതിന് മാസങ്ങൾക്ക് മുൻപ് മാത്രം നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ തന്നെ സാക്ഷ്യം.
രസകരമാണ് ലാ നവോനെറ്റ എന്ന മരിയാനോയുടെ വിളിപ്പേരിന്റെയും കഥയും. അർജന്റീന ഫുട്‌ബോൾ കോച്ച് ലയണൽ സ്‌കളോണിയിൽ നിന്നാണ് അതിന്റ ഉത്ഭവം. ലാ സ്‌കലോനെറ്റയെന്നാണ് സ്‌കളോണിയെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് മരിയാനോ ലാ നവൊനെറ്റയായത്. ഞാൻ സ്‌കളോണിയെപ്പോലെ പ്രശസ്തനല്ലാത്തതുകൊണ്ടാണ് ഈ പേര് ലോകത്തിന് അത്ര പരിചിതമല്ലാത്തത് എന്നൊരു പരിഭവമുണ്ട് മരിയാനോയ്ക്ക്. ഇനി അതിന്റെ ആവശ്യമില്ല. ടെന്നിസ് ആരാധകർക്കിടയിലെങ്കിലും ലാ സ്‌കലോനെറ്റ പോലെ തന്നെ പ്രശസ്തമാണ് ലാ നവൊനെറ്റയും.
ബ്യൂണസ് ഏറീസിലെ ക്ലബ് അത്‌ലറ്റിക്കോയിൽ മൂന്നാം വയസ്സിൽ തുടങ്ങിയതാണ് മരിയാനോയുടെ കളി. 2018ൽ തന്നെ പ്രൊഫഷണൽ ടെന്നിസിൽ ചുവടുറപ്പിച്ചു. ഐ.ടി.എഫ് ഫ്യൂച്ചേഴ്‌സിലും എ.ടി.പി ചാലഞ്ചേഴ്‌സിലും മാറ്റ് തെളിച്ച മരിയാനോയുടെ ബ്രേക്ക് ത്രൂ 2023 സീസണിലായിരുന്നു. പൊസ്‌നാൻ, സാന്റഫെ, ബ്യൂണസ് ഏറീസ്, സാന്റ ക്രൂസ് കിരീടങ്ങളോടെ ലോക റാങ്കിങ്ങിൽ ടോപ് 125ൽ ഇടം നേടി.
2024ലാണ് എടിപി ബ്രേക്ക്ത്രൂ. റിയോ ഡി ജെനീറോയിൽ ആദ്യ എടിപി 500 ടൂർണമെന്റിന് യോഗ്യത നേടി. യോഗ്യത നേടിയെത്തി എടിപി 500 ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ താരമെന്ന ബഹുമതിയും സ്വന്തമാക്കി. ഫൈനലിൽ സെബാസ്റ്റിയൻ ബയെസിനോടാണ് തോറ്റത്. ഇതേ വർഷം ഫ്രഞ്ച് ഓപ്പണിന്റെ മെയിൻ ഡ്രോയിലേയ്ക്ക് സീഡിങ് ലഭിച്ച് ചരിത്രം കുറിക്കുകയും ചെയ്തു. 2024ലാണ് ആദ്യമായി ലോകറാങ്കിങ്ങിൽ ഇരുപത്തിയൊൻപതാം സ്ഥാനത്തെത്തുകയും ചെയ്തു.
ഈ വർഷമാണ് ആദ്യമായി ഒരു എടിപി ടൂർ കിരീടം സ്വന്തമാക്കുന്നത്. ബുക്കാറെസ്റ്റിലെ ടിരിയാക്കിൽ ഡാനിൽ മെരിഡയെ തോൽപിച്ചായിരുന്നു ആദ്യ കിരീടലബ്ധി. ഇപ്പോഴിതാ ഇരുപത്തിനാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ ലോക ടെന്നിസിന്റെ സുൽത്താനെ തന്നെ തറപറ്റിച്ചിരുക്കുന്നു. ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ് ജോക്കോ ഒരു ഗ്രാൻഡ്സ്ലാമിന്റെ രണ്ടാം റൗണ്ടിൽ വീണത് എന്നത് കൂടി ഓർക്കണം.
ഗ്രാൻഡ് സ്ലാമിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണിത്. റഫേൽ നദാലിനെ 2009 ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടിൽ റോബിൻ സോഡെർലിങ്ങും 2012 വിംബിൾിഡണിന്റെ രണ്ടാം റൗണ്ടിൽ ലൂക്കാസ് റോസോലും 2014 വിംബിൾഡണിന്റെ നാലാം റൗണ്ടിൽ പത്തൊൻപതുകാരനായ വൈൽഡ് കാർഡ് എൻട്രി നിക്ക് കൈർഗ്യോസ് വീഴ്ത്തതുപോലെ, പീറ്റ് സാംപ്രസിനെ 2002 വിംബിൾഡണിന്റെ രണ്ടാം റൗണ്ടിൽ ജോർജ് ബാസ്റ്റലും 1996 വിംബിൾഡണിന്റെ ക്വാർട്ടറിൽ റിച്ചാർഡ് ക്രായിച്ചെക്ക് വീഴ്ത്തിയതുപോലെ, ബോറിസ് ബെക്കറെ വിംബിൾഡണിന്റെ രണ്ടാം റൗണ്ടിൽ പീറ്റർ ദൂഹാൻ വീഴ്ത്തിയതുപോലെ, റോജർ ഫെഡററെ 2013ൽ വിംബിൾഡണിന്റെ രണ്ടാം റൗണ്ടിൽ വീഴ്ത്തതുതുപോലെയോ ഉള്ള വലിയ അട്ടിമറിയാണിത്.
Content Highlights: Mariano Navone achieved a historic upset by defeating his childhood idol, Novak Djokovic, at the US Open., Navone, nicknamed 'La Navoneta', secured the biggest win of his career in only his sixth Grand Slam appearance., The victory ranks alongside legendary tennis upsets like Soderling beating Nadal and Stakhovsky beating Federer.
Published: 31 Aug 2026, 01:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented