കോപ്പൻഹേഗൻ: ബാഡ്മിന്റൺ ഇതിഹാസം വിക്ടർ അക്‌സെൽസൺ അന്താരാഷ്ട്ര ബാഡ്മിന്റണിൽനിന്ന് വിരമിച്ചു. രണ്ട് തവണ വീതം ഒളിമ്പിക് സ്വർണ മെഡലും ലോക ചാമ്പ്യൻഷിപ്പും നേടിയ മുപ്പത്തിരണ്ടുകാരനായ ഡാനിഷ് താരം, ദീർഘനാളായുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്നാണ് കളിനിർത്താൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒക്ടോബറിൽ പരിക്കുകൾ വീണ്ടും അലട്ടിയതോടെ പരിശീലനത്തിനോ മത്സരങ്ങൾക്കോ സാധിക്കാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. വേദന വിട്ടുമാറാത്ത സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മനമില്ലാമനസ്സോടെ കരിയർ അവസാനിപ്പിക്കുകയാണെന്ന് 'ബാഡ്മിന്റൺ യൂറോപ്പിന്' നൽകിയ അഭിമുഖത്തിൽ അക്‌സെൽസൺ പറഞ്ഞു.
തുടർച്ചയായി 183 ആഴ്ചകൾ ലോക ഒന്നാംനമ്പർ താരമായിരുന്ന അക്‌സെൽസൺ, ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമാണ്. ടോക്യോ, പാരീസ് ഒളിമ്പിക്‌സുകളിലെ സ്വർണവേട്ടയും 2017, 2022 വർഷങ്ങളിലെ ലോക കിരീടങ്ങളും അദ്ദേഹം നേടിയിരുന്നു. ആസ്ത്മ പോലുള്ള ശാരീരിക വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഇത്രയും കാലം കോർട്ടിൽ ആധിപത്യം പുലർത്തിയത്. 2025 ഒക്ടോബറിൽ നടന്ന ഡെന്മാർക്ക് ഓപ്പണിലാണ് അവസാനമായി മത്സരിച്ചത്.
വേദന നിറഞ്ഞ സാഹചര്യത്തിലാണെങ്കിലും തന്റെ കരിയറിലെ നേട്ടങ്ങളിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിക്ടർ അക്‌സെൽസൺ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ പങ്കെടുക്കാനും വിജയിക്കാനും സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും, പ്രിയപ്പെട്ട കളി അവസാനിപ്പിക്കുന്നത് പ്രയാസകരമാണെങ്കിലും ശരീരം നൽകുന്ന സൂചനകൾ മാനിക്കാതെ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Viktor Axelsen officially retires in 2026 following chronic back issues
Published: 15 Apr 2026, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented