ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണില്‍ അട്ടിമറികളുടെ ദിനം. നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പറുമായ ജപ്പാന്റെ നവോമി ഒസാക്ക യു.എസ്.ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ നിന്നും പുറത്തായി. 

To advertise here,

നാലുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഒസാക്കയെ കാനഡയുടെ കൗമാരതാരം ലെയ്‌ല ആനി ഫെര്‍ണാണ്ടസാണ് അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒസാക്കയുടെ തോല്‍വി. സ്‌കോര്‍: 5-7, 7-6, 6-4. ആദ്യ സെറ്റ് അനായാസം നേടിയ ഒസാക്ക പിന്നീടുള്ള രണ്ട് സെറ്റുകള്‍ കൈവിട്ടു.

പുരുഷ വിഭാഗത്തില്‍ ലോക മൂന്നാം നമ്പര്‍ താരമായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും മൂന്നാം റൗണ്ടില്‍ നിന്നും പുറത്തായി. 18 കാരനായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാറസാണ് സിറ്റ്സിപാസിനെ അട്ടിമറിച്ചത്. മത്സരം അഞ്ച് സെറ്റ് നീണ്ടു. സ്‌കോര്‍: 6-3, 4-6, 7-6, 0-6, 7-6

ടൈബ്രേക്കര്‍ വരെയെത്തിയ അവസാന സെറ്റില്‍ അല്‍കാറസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാലാം സെറ്റില്‍ ഒരു പോയന്റുപോലും നേടാന്‍ യുവതാരത്തിന് കഴിഞ്ഞില്ല. എന്നിട്ടും അഞ്ചാം സെറ്റില്‍ അല്‍കാറസ് തിരിച്ചടിച്ചു.

ഈ വിജയത്തോടെ യു.എസ്.ഓപ്പണ്‍ നാലാം റൗണ്ടില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ പുരുഷതാരം എന്ന റെക്കോഡ് അല്‍കറാസ് സ്വന്തമാക്കി.

മൂന്നാം റൗണ്ടിലെ മറ്റു മത്സരങ്ങളില്‍ രണ്ടാം സീഡായ ആര്യന സബലെങ്ക ഡാനിയെല്ലെ കോളിന്‍സിനെയും മുന്‍ ചാമ്പ്യന്‍ ആഞ്ജലിക്ക് കെര്‍ബര്‍ സ്ലൊവാനി സ്റ്റീഫന്‍സിനെയും കീഴടക്കി.

Content Highlights: Teens shock defending champ Naoimi Osaka, No. 3 Stefanos Tsitsipas at US Open