ഗ്ലാസ്ഗോ (സ്‌കോട്ട്‌ലൻഡ്): 2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടങ്ങളുടേതായിരുന്നു. ആറോളം മെഡലുകളാണ് ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്.

To advertise here,

വനിതകളുടെ ഷോട്ട്പുട്ട് എഫ്57 വിഭാഗത്തിൽ 9.81 മീറ്റർ ദൂരം എറിഞ്ഞ് 40-കാരിയായ ഷർമിള ധൻകർ സ്വർണം കരസ്ഥമാക്കി. ഇതോടെ കോമൺവെൽത്ത് ഗെയിംസ് പാരാ അത്ലറ്റിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്ര നേട്ടം ഷർമിള സ്വന്തമാക്കി. ഗെയിംസിൽ പാരാ അത്ലറ്റിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് അവർ.

2006-ന് ശേഷം പാരാ അത്ലറ്റിക്‌സിൽ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 20 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. 2022-ലെ ബർമിങ്ങാം ഗെയിംസിൽ ഇതേയിനത്തിൽ നാലാം സ്ഥാനത്തായി പോയതിന്റെ നിരാശ തീർക്കുന്നതാണ് ഷർമിളയുടെ പ്രകടനം.

ഷർമിളയുടെ വിജയത്തിന് തൊട്ടുപിന്നാലെ മറ്റൊരു സന്തോഷവാർത്ത കൂടി എത്തി. ആദ്യം നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ശിൽപ കഞ്ചുഗരകോപ്പലു ഷൈല വെങ്കല മെഡലിലേക്ക് ഉയർത്തപ്പെട്ടു. നൈജീരിയൻ താരം എച്ചാരിയ ഇയാസിയുടെ പ്രകടനം ഉദ്യോഗസ്ഥർ പുനപരിശോധനയിലൂടെ റദ്ദാക്കിയതിനെ തുടർന്നാണിത്. കരിയറിലെ മികച്ച ദൂരമായ 7.26 മീറ്റർ ശിൽപ കണ്ടെത്തിയിരുന്നു. ഇതോടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഒരു പാരാ അത്ലറ്റിക്‌സ് ഇനത്തിൽ ഇന്ത്യ രണ്ടു മെഡലുകൾ സ്വന്തമാക്കി.

ഹരിയാനയിലെ രെവാരി സ്വദേശിയായ ഷർമിളയ്ക്ക് രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചാണ് ഇടതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ടത്. 2020-ൽ ഭർത്താവ് അജിത് സിംഗിന്റെ പ്രോത്സാഹനത്തോടെയാണ് പാരാ അത്ലറ്റിക്‌സ് പരിശീലിച്ചു തുടങ്ങിയത്.

അതേസമയം അഞ്ചാം ദിനം പുരുഷന്മാരുടെ ഹൈജമ്പിൽ സർവേഷ് കുഷാരെ വെള്ളി മെഡൽ നേടി. 2.25 മീറ്റർ ഉയരം ചാടിയ അദ്ദേഹം, കോമൺവെൽത്ത് ഗെയിംസ് ഹൈജമ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറി.

ഭാരോദ്വഹനത്തിൽ ഇന്ത്യ മൂന്ന് മെഡലുകൾ കൂടി നേടി. 53 കിലോ വിഭാഗത്തിൽ ജ്ഞാനേശ്വരി യാദവും 79 കിലോ വിഭാഗത്തിൽ വല്ലൂരി അജയ് ബാബുവും വെള്ളി നേടി. അജയ് ബാബു സ്‌നാച്ചിൽ 149 കിലോ ഉയർത്തി കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചു. കൂടാതെ, ബിന്ദ്യാറാണി ദേവി 58 കിലോ വിഭാഗത്തിൽ വെങ്കലം നേടി.

അഞ്ചാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 10 ആണ് (2 സ്വർണ്ണം, 5 വെള്ളി, 3 വെങ്കലം). മീരാബായ് ചാനുവും ഷർമിള ധൻകറുമാണ് ഇന്ത്യയ്ക്കായി ഇതുവരെ സ്വർണ്ണം നേടിയവർ.