ലാഹോര്‍: പാരീസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ പാകിസ്താന്റെ അര്‍ഷദ് നദീം സ്വര്‍ണവും ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളിയും നേടിയിരുന്നു. കളത്തിന് പുറത്തെ ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധത്തിലാണ്. നദീം തന്റെ മകനെപ്പോലെയാണെന്ന് നീരജിന്റെ അമ്മ സരോജ് ദേവിയും സരോജ് ദേവി തനിക്ക് അമ്മയെപ്പോലെയാണെന്നും അവര്‍ തനിക്കായി പ്രാര്‍ഥിച്ചിരുന്നുവെന്നും നദീമും പറഞ്ഞിരുന്നു. 

To advertise here,

നീരജ് ചോപ്രയുമായി അര്‍ഷദ് നദീമിനുള്ള ബന്ധമെന്താണെന്ന് തുറന്നു പറയുകയാണിപ്പോള്‍ നദീമിന്റെ അമ്മ റസിയ പര്‍വീന്‍. നീരജും നദീമും തമ്മില്‍ മാത്സര്യമില്ലെന്നും ഇരുവരും ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളെപ്പോലെ കഴിയുന്നവരുമാണെന്നും റസിയ പറഞ്ഞു. 'അവര്‍ സുഹൃത്തുക്കള്‍മാത്രമല്ല, സഹോദരന്മാരെപ്പോലെ കഴിയുന്നവരാണ്. അവര്‍ക്കിടയില്‍ മാത്സര്യമില്ല- ഉള്ളത് അടുത്ത സൗഹൃദമാണ്. നീരജിന് തുടര്‍ന്നും വിജയാശംസകള്‍ നേരുന്നു; അവന്‍ ഞങ്ങള്‍ക്ക് മകനെപ്പോലെയാണ്. അവന്‍ കൂടുതല്‍ മെഡലുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. വിജയവും തോല്‍വിയും കായികമത്സരങ്ങളുടെ ഭാഗമാണ്. പക്ഷേ, അവരുടെ ബന്ധമെന്നത് സഹോദരന്മാരെപ്പോലെയാണ്', റസിയ പറഞ്ഞു. 

92.97 മീറ്റര്‍ എന്ന ഒളിമ്പിക് റെക്കോഡ് ദൂരമെറിഞ്ഞാണ് നദീം പാരീസില്‍ സ്വര്‍ണമണിഞ്ഞത്. ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്നായിരുന്നു ഈ നേട്ടം. 89.45 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് വെള്ളി നേടിയത്. ഒളിമ്പിക്‌സില്‍ 40 വര്‍ഷങ്ങള്‍ക്കുശേഷമാണ് പാകിസ്താനിലേക്ക് സ്വര്‍ണമെഡലെത്തുന്നത്. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ പാകിസ്താന്‍ താരംകൂടിയാണ് നദീം.