ലണ്ടന്‍: ടെന്നീസ് ഇതിഹാസം സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ച് 2023 വിംബിള്‍ഡണിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ലോക ഏഴാം നമ്പര്‍ താരമായ ആന്ദ്രെ റുബലേവിനെ തകര്‍ത്താണ് ജോക്കോവിച്ച് സെമിയിലെത്തിയത്. 

To advertise here,

ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പിന്നീടുള്ള മൂന്ന് സെറ്റുകള്‍ നേടിയാണ് ജോക്കോവിച്ച് സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍: 4-6, 6-1, 6-4, 6-3. ഇത്തവണ വിംബിള്‍ഡണ്‍ നേടിയാല്‍ ജോക്കോവിച്ചിന്റെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 24 ആയി വര്‍ധിക്കും. നിലവില്‍ ലോകത്തിലേറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം എന്ന റെക്കോഡ് ജോക്കോവിച്ചിന്റെ പേരിലാണ്.  സെമിയില്‍ ഇറ്റലിയുടെ ലോക എട്ടാം നമ്പര്‍ താരം യാന്നിക്ക് സിന്നറാണ് ജോക്കോവിച്ചിന്റെ എതിരാളി. 

സെമി ഫൈനല്‍ പ്രവേശനത്തിലൂടെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്ഥാപിച്ച വലിയൊരു റെക്കോഡിനൊപ്പമെത്താന്‍ ജോക്കോവിച്ചിന് സാധിച്ചു. ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ പ്രവേശനം നേടിയ പുരുഷതാരം എന്ന ഫെഡററുടെ റെക്കോഡിനൊപ്പം ജോക്കോവിച്ചെത്തി. താരത്തിന്റെ 46-ാം ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ പ്രവേശനമാണിത്. 

വനിതാ വിഭാഗം സിംഗിള്‍സിലെ രണ്ടാം സെമി ഫൈനല്‍ ലൈനപ്പായി. രണ്ടാം സെമിയില്‍ എലീന സ്വിറ്റോലീന മാര്‍കേറ്റ വൊന്‍ഡ്രൗസോവയെ നേരിടും. ക്വാര്‍ട്ടറില്‍ എലീന ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാട്ടെക്കിനെ അട്ടിമറിച്ചപ്പോള്‍ സീഡില്ലാതാരമായ മാര്‍കേറ്റ നാലാം റാങ്കുകാരിയായ ജെസ്സിക്ക പെഗ്യുലയെ വീഴ്ത്തിയാണ് സെമിയിലെത്തിയത്.