പാലക്കാട്: ശ്രീയുടെ എട്ടാംവയസ്സിലായിരുന്നു അത്. മുട്ടിക്കുളങ്ങര ക്യാമ്പിലെ മൈതാനത്ത് ജില്ലാ അത്‌ലറ്റിക് മീറ്റ് നടന്ന കാലം. കായികതാരങ്ങളായിരുന്ന അച്ഛൻ മുരളിയോടും അമ്മ കെ.എസ്. ബിജിമോളോടും ശ്രീശങ്കർ തന്റെ ആഗ്രഹം മടിക്കാതെ പറഞ്ഞു. ‘എനിക്ക് ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കണം’. മുൻകൂട്ടി പേര് രജിസ്റ്റർചെയ്യാത്തതിനാൽ മകനെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ കഴിയുമോയെന്നായി മുരളിയുടെയും ബിജിമോളുടെയും സംശയം. മാത്രമല്ല, മുരളിയുടെകൂടെ വൈകുന്നേരങ്ങളിൽ വെറുതേ ഓടാൻ പോകുന്നതല്ലാതെ മകൻ അതുവരെ മത്സരിച്ചുകണ്ടിട്ടില്ല. വിജയിക്കാനൊന്നും പോകുന്നില്ല, എങ്കിലും അവന്റെ ആഗ്രഹമല്ലേ ഓടിക്കോട്ടേയെന്നായി ഇരുവരും.

To advertise here,

ശ്രീയെ പങ്കെടുപ്പിക്കാനായി ഇരുവരും സംഘാടകരെ പോയിക്കണ്ടു. അവർ അനുവദിച്ചതോടെ 50 മീറ്ററിൽ ഓടാൻ അവസരം കിട്ടി. മഴമൂലം മത്സരം വൈകിയപ്പോൾ മുരളിയും ബിജിമോളും മകനെ ക്ലബ്ബംഗങ്ങളെ ഏൽപ്പിച്ച് തങ്ങളുടെ ഓഫീസുകളിലേക്കു പോയി. ജോലികഴിഞ്ഞ് ബിജിമോൾ തിരിച്ചെത്തുമ്പോഴും പ്രതീക്ഷയൊന്നും ഒട്ടുമുണ്ടായിരുന്നില്ല. ഗ്രൗണ്ടിലേക്ക് കടന്ന ബിജിമോൾ പക്ഷേ, ഞെട്ടി. മറ്റുള്ളവരെയെല്ലാം പിന്നിലാക്കി മകൻ മുന്നിലോടുന്നു. വൈകിയില്ല, അവൻ ഒന്നാമനായി. ശ്രീയിൽ ഒരു അത്‍ലറ്റുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ നിമിഷം അതായിരുന്നെന്ന് അമ്മ ബിജിമോൾ പറയുന്നു.

പഠനത്തിലും പരിശീലനത്തിലും പിന്നോട്ടില്ല

സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡൽ വാരിക്കൂട്ടുമ്പോഴും പഠനത്തിലും ശ്രീ മുന്നിലുണ്ടായിരുന്നു. കഞ്ചിക്കോട് കേന്ദ്രീയവിദ്യാലയത്തിൽനിന്ന് സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയിൽ അപ്ഗ്രഡേഷനില്ലാതെ എല്ലാ വിഷയത്തിലും നൂറിൽനൂറ് മാർക്ക് നേടി വിജയം. പ്ലസ്ടു പരീക്ഷയിൽ 96 ശതമാനം മാർക്ക്. എൻജിനിയറിങ്ങിന് ചേർന്നെങ്കിലും ആരോഗ്യസംബന്ധമായ പ്രശ്നങ്ങളും ഇടയ്ക്ക് ഒരു ശസ്ത്രക്രിയയും വേണ്ടിവരുകയുംചെയ്തതോടെ അതുപേക്ഷിച്ചു. സ്പോർട്സ് ക്വാട്ടയിൽ എം.ബി.ബി.എസിന് സീറ്റ് ലഭിച്ചെങ്കിലും പരിശീലനം മുടങ്ങുമോയെന്ന പേടിയിൽ അതും വേണ്ടെന്നുവെച്ചു. ഗവ. വിക്ടോറിയ കോളേജിൽ ബി.എസ്‌സി. മാത്‌സിന് ചേർന്ന ശ്രീശങ്കറിന് 16-ാം റാങ്കോടെ ജയം.

പഠനത്തിനൊപ്പം മുടങ്ങാത്ത പരിശീലനവും തുടർന്നു. രാത്രി 12.30വരെയും പഠിക്കുന്നതിനാൽ പുലർച്ചെയുള്ള പരിശീലനമൊഴിവാക്കി. പാലക്കാട് ഗവ. മെഡിക്കൽകോളേജ് മൈതാനത്ത് വൈകീട്ട് 4.30മുതൽ രാത്രി എട്ടുവരെയാണ് പരിശീലനം. മാർഗനിർദേശങ്ങളുമായി മുരളിയുമുണ്ടാകും.

2024-ലുണ്ടായ പരിക്കിനെത്തുടർന്ന് ഇവിടത്തെ പരിശീലനം നിർത്തി. പിന്നീട് തിരുവന്തപുരത്തെ മൈതാനത്തിലേക്ക് പരിശീലനം മാറ്റുകയായിരുന്നു.

പ്രതീക്ഷയുടെ തിരിച്ചുവരവുകൾ

രാജ്യാന്തരതലത്തിൽ മെഡലുകളണിഞ്ഞ ശ്രീക്ക് പലപ്പോഴും പ്രതിസന്ധികളും നേരിടേണ്ടിവന്നു. 2018-ൽ കോമൺവെൽത്ത് മത്സരത്തിനൊരുങ്ങുന്നതിനിടെയാണ് ശ്രീക്ക് അപ്പെന്റിസൈറ്റിസ് ശസ്ത്രക്രിയ വേണ്ടിവന്നത്. ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്ന ശ്രീശങ്കറിനും കുടുംബത്തിനും ആ സംഭവം വേദനയുള്ളതായി. ആറുമാസത്തോളം മത്സരങ്ങൾ നഷ്ടമായി.

പാരീസ് ഒളിമ്പിക്സ് ലക്ഷ്യമിട്ട് പാലക്കാട് മെഡിക്കൽ കോളേജ് മൈതാനത്ത് പരിശീലനം നടത്തുന്നതിനിടെ 2024-ൽ ശ്രീശങ്കറിനെ പരിക്കും വീഴ്ത്തി. ഇടതുകാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നു. തിരിച്ചുവരവ് ഇല്ലെന്ന് എല്ലാവരും കരുതിയ നിമിഷം. എല്ലാവരെയും അദ്‌ഭുതപ്പെടുത്തി ശ്രീ തിരിച്ചുവന്നു. ഇത്തവണ ദേശീയ ഇന്റർസ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചാടിയത് 8.38 മീറ്റർ ദൂരം. ഈ സ്വർണച്ചാട്ടത്തിലൂടെ ശ്രീ വീണ്ടും വരവറിയിച്ചു. വിവിധ മത്സരങ്ങളിലായി ഇതുവരെ എട്ടുമീറ്ററിലധികം ചാടിയത് 65 തവണയാണെന്ന് അറിയുന്പോൾ മനസ്സിലാവും ശ്രീയെന്ന പ്രതിഭയെ.

ശ്രദ്ധയോടെ ഭക്ഷണം

ശ്രീയുടെ ഭക്ഷണകാര്യങ്ങളെല്ലാം നോക്കിയിരുന്നത് അമ്മതന്നെയാണ്. കുറച്ചുകാലം മുൻപുവരെയും ഡയറ്റീഷ്യന്റെ നിർദേശങ്ങളുണ്ടായിരുന്നില്ല. എന്നാൽ, അന്താരാഷ്ട്ര മത്സരങ്ങൾക്ക് തയ്യാറെടുത്തുതുടങ്ങിയതോടെ അത് വേണ്ടിവന്നു. രാവിലെ മുട്ടയും പാലും പഴവും. പിന്നെ അല്പം ബദാമും ഉണക്കമുന്തിരിയും നട്സും.

പഞ്ചസാര പൂർണമായും ഒഴിവാക്കും. എണ്ണയിൽ വറുത്ത വിഭവങ്ങൾ അപൂർവമായിമാത്രം. ഉച്ചയ്ക്ക്‌ വ്യത്യസ്തതരം മീനുകൾ മെനുവിൽ ഉൾപ്പെടുത്തും. രാത്രി ചിക്കൻ. ഭക്ഷണത്തിനനുസരിച്ച് സ്ട്രെങ്ങ്തനിങ് വർക്കൗട്ടും കൃത്യമായി പാലിക്കുന്നതാണ് രീതിയെന്ന് ബിജിമോൾ പറയുന്നു.

വിമാനം കയറുംമുൻപേ ഒരുക്കി മെഡലിനായി ഒരിടം

മെഡലുകൾ നിറഞ്ഞ ശ്രീശങ്കറിന്റെ വീട്ടിലെ ഷെൽഫിലേക്ക് ഒരു മെഡൽകൂടിയെത്തുന്നു. ജപ്പാനിലെ ഐച്ചി നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ. മത്സരത്തിന് പോകുംമുൻപേ അതിനായി ഒരുസ്ഥലം മാറ്റിവെച്ചാണ് ശ്രീശങ്കർ വിമാനം കയറിയതെന്ന് അമ്മ കെ.എസ്. ബിജിമോൾ പറയുന്നു. മത്സരം തുടങ്ങുംമുൻപും ആ സ്ഥലം നോക്കിയശേഷമാണ് ബിജിമോൾ ടെലിവിഷനു മുൻപിലിരുന്നത്.

സ്വർണത്തേക്കാൾ തിളക്കം ഈ വെള്ളിക്ക്

‘എനിക്ക് വിശ്വസിക്കാനാവുന്നില്ല. നാലാമത്തെ ചാട്ടത്തിൽ പരിക്കേറ്റപ്പോൾ ശ്രീക്ക് മെഡലുണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല. അവന്റെ വെള്ളി നിലനിർത്തിയതിൽ ഞാനും അഭിമാനിക്കുന്നുണ്ട്’-ലോങ്ജമ്പ് താരം ശ്രീശങ്കറിന്റെ വെള്ളിമെഡൽ നേട്ടം ടി.വി.യിലൂടെ കണ്ടശേഷം അമ്മ കെ.എസ്. ബിജിമോൾ പറഞ്ഞു.

ത്രില്ലർ സിനിമകൾ കാണുന്ന ഉദ്വേഗത്തോടെയാണ് ശ്രീശങ്കറിന്റെ മത്സരം പാലക്കാട് യാക്കരയിലെ ‘ശ്രീപാർവതി’ എന്ന വീട്ടിലിരുന്ന് ശ്രീശങ്കറിന്റെ അമ്മയും ബന്ധുക്കളും കണ്ടത്. ശ്രീശങ്കർ കാൽവഴുതി വീഴുന്നതുകണ്ടപ്പോൾ നെഞ്ചുപിടഞ്ഞ ഉറ്റവർ ടി.വി. നോക്കി മഴയെ പഴിച്ചു. മഴയത്തും മത്സരം നടത്തിയതിന് ജപ്പാനിലെ സംഘാടകർക്കുനേരേവരെ രോഷം പ്രകടിപ്പിക്കുന്നതും അവിടെ കണ്ടു. വെള്ളിമെഡൽ ഉറപ്പായതിനുപിന്നാലെയാണ്, പലരും രോഷമടക്കിയതുതന്നെ.

നേരത്തേയുണ്ടായ പരിക്കിനെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ച് ഏഷ്യൻ ഗെയിംസ് വേദിയിലെത്തിയ ശ്രീശങ്കർ മറ്റൊരു പരിക്കിലകപ്പെട്ട് മത്സരത്തിന്റെ പകുതിയിൽനിന്ന് പിന്മാറിയപ്പോൾ രാജ്യമൊന്നാകെയാണ് നിരാശരായത്. എന്നാൽ, കളം വിടും മുൻപേ മെഡലറുപ്പിച്ച ശ്രീക്ക് ആർപ്പുവിളികളോടെ നാടും വീടും ആദരമറിയിച്ചു. മത്സരശേഷം ശ്രീശങ്കർ ഫോണിൽ വിളിച്ചെന്നും സ്വർണം കിട്ടാത്തതിൽ നിരാശയുണ്ടെങ്കിലും മെഡൽനേട്ടത്തിൽ സന്തുഷ്ടനാണെന്നും പറഞ്ഞതായി ബിജിമോൾ പറഞ്ഞു. ഡോക്ടർമാർ രണ്ടുമാസത്തെ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.