ജക്കാര്‍ത്ത:  ഇന്‍ഡൊനീഷ്യന്‍ മാസ്‌റ്റേഴ്‌സ് സൂപ്പർ 100 ബാഡ്മിന്റൺ കിരീടം മലയാളി താരം കിരണ്‍ ജോര്‍ജിന്. ഞായറാഴ്ച നടന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജപ്പാനിന്റെ കൂ തകഹാഷിയെയാണ് കിരണ്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-19, 22-20. ആവേശംനീണ്ട ഫൈനല്‍ പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കിരണിന്റെ വിജയം.

To advertise here,

ശനിയാഴ്ച നടന്ന സെമി ഫൈനലില്‍ 2014 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ ഇന്‍ഡൊനീഷ്യന്‍ താരം ടോമി സുഖിയാര്‍തോയെ തോല്‍പ്പിച്ചാണ് കിരണ്‍ ഫൈനലിലെത്തിയത്. 

കിരണിന്റെ  രണ്ടാമത്തെ ബിഡബ്ള്യു എഫ് വേൾഡ് ടൂർ സൂപ്പർ 100 കിരീടമാണിത്. കഴിഞ്ഞ വർഷം ഒഡിഷ ഓപ്പണിൽ കിരൺ കിരീടം നേടിയിരുന്നു.

23-കാരനായ കിരണ്‍ ജോര്‍ജ് നിലവില്‍ ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ 50-ാമതാണ്.  ഈ വര്‍ഷം നടന്ന തായ്‌ലാന്‍ഡ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.