പാലക്കാട്: കോവിഡ് കാലത്ത് പുറത്തിറങ്ങി പരിശീലനം സാധ്യമാകാതിരുന്ന സാഹചര്യത്തിൽ പാലക്കാട് യാക്കര സ്വദേശി എസ്. മുരളി മകന് പരിശീലനം നടത്താൻ സ്വന്തമായൊരു ജിംനേഷ്യമുണ്ടാക്കി. അഞ്ചുവർഷം പിന്നിട്ട് ഏഷ്യൻ ഗെയിംസ് പടിവാതിലിൽനിൽക്കേ മകൻ ലോങ്ജംപ് താരം എം. ശ്രീശങ്കർ അവസാനവട്ട പരിശീലനം നടത്തിയതും ഇതേ ജിംനേഷ്യത്തിൽത്തന്നെ. ഏഷ്യൻ ഗെയിംസ് മത്സരത്തിനും അതിനുമുൻപുള്ള പരിശീലനത്തിനുമായി ശ്രീശങ്കർ ജപ്പാനിലേക്കു തിരിച്ചു.

To advertise here,

ഭാരോദ്വഹനം, ഹർഡിൽസ്, മൈതാനത്തെ ജംപിങ് പരിശീലനത്തിനു പുറമേ, ഓരോ ശരീരഭാഗങ്ങളെയും ശക്തിമത്താക്കാൻ വ്യത്യസ്ത പരിശീലനമുറകളാണ് ശ്രീ അവലംബിക്കുന്നത്. ജപ്പാനിലേക്കു തിരിക്കുന്ന വെള്ളിയാഴ്ച രാവിലെയും രണ്ടുമണിക്കൂർ പരിശീലനം നടത്തി.

പ്രധാന ലോകവേദികളിൽ സ്വർണം നഷ്ടപ്പെട്ട് പലപ്പോഴും വെള്ളിയിലേക്കൊതുങ്ങേണ്ടിവരുന്ന അവസ്ഥ ഇക്കുറി തിരുത്തിക്കുറിക്കാൻ തന്നെയാണ് തയ്യാറെടുക്കുന്നത്. അടുത്തിടെ കോമൺവെൽത്ത് ഗെയിംസിൽ നേടിയ വെള്ളിമെഡൽ ശ്രീശങ്കറിന് ഏഷ്യൻ ഗെയിംസിനുള്ള ഊർജമായി. 8.09 മീറ്റർ ചാടിയാണ് ശ്രീ കോമൺവെൽത്തിൽ ഇക്കുറി വെള്ളി നിലനിർത്തിയത്.

ചൈനയിലെ ഹാങ്ചൗവിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 8.19 മീറ്റർ ചാടി ശ്രീ വെള്ളി നേടിയിരുന്നു. ഇത്തവണ അത് പൊന്നാക്കുകയാണ് ലക്ഷ്യം. 2023-ലെ അന്തസ്സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കുറിച്ച 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. 2024 പാരീസ് ഒളിംപിക്സിനു തയ്യാറെടുക്കവേ കാൽമുട്ടിനേറ്റ പരിക്ക് ശ്രീശങ്കറിന്റെ കായികജീവിതത്തിൽ കരിനിഴൽവീഴ്ത്തിയതാണ്. എന്നാൽ, കീഴടങ്ങാൻ തയ്യാറാകാതെ ശക്തമായി തിരിച്ചുവന്നു. പരിശീലകനായി സദാ കൂടെയുള്ള അച്ഛൻ എസ്. മുരളിയുടെ ഉപദേശനിർദേശങ്ങളും തുണയായി. 2025-ൽ പരിക്കിൽനിന്നു മോചിതനായശേഷം 25 തവണയെങ്കിലും എട്ടുമീറ്റർ കടന്ന് ശ്രീശങ്കർ ചാടിയിട്ടുണ്ട്. കായികജീവിതത്തിലാകെ അറുപതിലേറെത്തവണ എട്ടുമീറ്റർ ദൂരം മറികടന്നു. നിലവിൽ ലോക അത്‌ലറ്റിക്സ് റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്തുള്ള ശ്രീ പ്രകടനമികവിൽ ആദ്യപത്തിനുള്ളിലുണ്ട്.

ലോക എട്ടാംനമ്പർ താരം ചൈനയുടെ മിങ്കുൻ ഴാങ്, പന്ത്രണ്ടാം റാങ്കിലുള്ള ഉസ്ബെക്കിസ്താന്റെ അൻവർ അൻവറോവ്, പതിനാലാം റാങ്കിലുള്ള ചൈനയുടെ ഷി യുഹാവോ എന്നിവരാണ് ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിനു വെല്ലുവിളിയായുള്ളത്. സെപ്റ്റംബർ 27-ന് ലോങ്ജംപ് യോഗ്യതാ മത്സരവും 28-ന് ഫൈനലും നടക്കും.

ശുഭപ്രതീക്ഷ

ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടാനാവുമെന്ന പ്രതീക്ഷയുണ്ട്. നല്ലരീതിയിൽ മുന്നൊരുക്കം നടത്താനായിട്ടുണ്ട്. പരിക്കിനു മുൻപുള്ളതിനെക്കാൾ മികച്ച ആരോഗ്യസ്ഥിതിയിലാണിപ്പോൾ. നന്നായി പരിശീലനം നടത്താനും കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിനുവേണ്ടി സ്വർണം നേടാനാവുമെന്നാണു പ്രതീക്ഷ.