
ടെന്നീസിന്റെ പുണ്യഭൂമികയാണ് വിംബിള്‍ഡണ്‍. ഇക്കൊല്ലത്തെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന് ജൂലായ് മൂന്നിന് തുടക്കമാകുമ്പോള്‍ 1985-ല്‍ സീഡില്ലാതാരമായെത്തി സെന്റര്‍ കോര്‍ട്ട് ഭരിച്ച ഒരു പതിനേഴുകാരന്റെ ജീവിതം പറയുകയാണ് ഇവിടെ. ആള്‍ മറ്റാരുമല്ല ...സാക്ഷാല്‍ ബോറിസ് ബെക്കര്‍ തന്നെ. കോര്‍ട്ടില്‍ മുഴുനീളത്തില്‍ ഡൈവ് ചെയ്ത് പോയന്റുകള്‍ നേടുകയും രക്ഷിച്ചെടുക്കുകയും ചെയ്യുന്ന, മൂളിപ്പറക്കുന്ന സര്‍വുകളും എതിരാളികളെ കാഴ്ചക്കാരാക്കുന്ന വോളികളുമൊക്കെയായി ആ സ്വര്‍ണമുടിക്കാരന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു...ബൂം....ബൂം...ബെക്കര്‍ എന്ന ഓമനപ്പേരില്‍ അവന്‍ ടെന്നീസ് ലോകം വാണു....
'ബോറിസിനെപ്പോലെ പ്രശസ്തിയുടെ ഭാരം ഏറേണ്ടി വന്ന മറ്റൊരു ടെന്നീസ് താരമില്ല. പലരെയും വീഴിക്കുന്നതാണ് ഈ ഭാരം. മനക്കരുത്തോടെ ഇതിനെ നേരിടാനായി എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം' -ജോണ്‍ മക്കെന്റോ
വര്‍ഷം 1985. അന്നത്തെ മുന്‍നിര താരമായ ജോണ്‍ മക്കെന്റോ പതിനേഴു തികഞ്ഞിട്ടില്ലാത്ത ജര്‍മന്‍ പയ്യനുമായി ഒരു ടൂര്‍ണമെന്റില്‍ മുഖാമുഖം വരുന്നു. മക്കെന്റോയെന്നാല്‍ കോര്‍ട്ടിലെ വികൃതിത്തരത്തിന്റെ ആശാനാണ്. അദ്ദേഹത്തെപ്പോലും ഞെട്ടിച്ചുകൊണ്ട എതിരാളിയായ പയ്യന്‍സ് കോര്‍ട്ടില്‍ തന്റെ ക്ഷോഭം അഴിച്ചുവിടുകയാണ്. ലൈന്‍സ്മാനോട് തര്‍ക്കിച്ചും റാക്കറ്റ് നിലത്തടിച്ചും ഉച്ചത്തില്‍ ശാപവാക്കുകള്‍ വിളിച്ചു പറഞ്ഞുകൊണ്ടുമൊക്കെയുള്ള ഒരു ഷോ. കുറച്ചു കഴിഞ്ഞപ്പോള്‍ മക്കെന്റോയ്ക്ക് മടുത്തു. അദ്ദേഹം അവന്റെ അടുത്തു ചെന്നു പറഞ്ഞു ' പയ്യാ നീ ആദ്യം ഒരു നല്ല വിജയമോ കിരീടമോ നേടി കഴിവ് തെളിയിക്ക്. അത് കഴിഞ്ഞു മതി ഇത്രയും ഷോ'. മത്സത്തില്‍ മക്കെന്റോ ജയിക്കുകയും ചെയ്തു.
പക്ഷേ മാസം നാലു പിന്നിടും മുമ്പേ മക്കെന്റോയ്ക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു. അന്നത്തെ എതിരാളി പയ്യന്‍ ടെന്നീസ് ലോകത്തെ മാത്രമല്ല കായിക ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് വിംബിള്‍ണില്‍ കിരീടം നേടി. അതും ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയോടെ (അന്നത്തെ കിരീട നേട്ടത്തോടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനെന്ന ബഹുമതിയും ബെക്കര്‍ നേടിയിരുന്നു. പിന്നീട് മൈക്കല്‍ ചാങ് ഈ റെക്കോഡ് തിരുത്തി) . സീഡില്ലാത്താരമായെത്തിയായിരുന്നു ബോറിസ് ബെക്കറെന്ന ആ ടീനേജ് സെന്‍സേഷന്‍ സെന്റര്‍ കോര്‍ട്ടിലെ രാജാവായി മാറിയത്. അതൊരു രാജകീയമായ വരവായിരുന്നു. വിംബിള്‍ണിലെ കാണികള്‍ അവരുടെ നെഞ്ചോടു ചേര്‍ത്തു വച്ച 'കിങ് ബോറിസി'ന്റെ ചരിത്രം അവിടെ തുടങ്ങുകയായി.
വിംബിള്‍ഡണില്‍ അവന്‍ വീണ്ടും പല ഫൈനലുകള്‍ കളിച്ചു. രണ്ടു കിരീടങ്ങള്‍ കൂടി നേടി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ രണ്ടു തവണ സ്വന്തമാക്കി. ഒരു തവണ യു.എസ് ഓ്പ്പണ്‍ കിരീടവും കരസ്ഥമാക്കി. ആകെ 49 സിംഗിള്‍സ് കിരീടങ്ങള്‍ . വര്‍ഷാവസാന ടൂര്‍ണമെന്റുകളില്‍ അഞ്ച് കിരീടങ്ങള്‍. ലോക ഒന്നാം നമ്പര്‍ പദവി. 'ബൂം ബൂം ബെക്കര്‍ ' എന്ന ഓമനപ്പേരുമായി ടെന്നീസ് ലോകത്ത് ബോറിസ്
സ്വന്തം സ്ഥാനമുറപ്പിച്ചു.
കിട്ടാക്കനിയായിരുന്ന ഡേവിസ് കപ്പ് ഏറെക്കുറെ ഒറ്റയാള്‍ പ്രകടനത്തോടെ ജര്‍മനിയില്‍ (അന്നത്തെ പശ്ചിമ ജര്‍മനി) എത്തിച്ച് അവന്‍ അവരുടെ ദേശീയ ഹീറോയായി. അവിടുത്തെ പ്രശസ്ത ഫുട്ബാളര്‍മാരെയെല്ലാം പിന്തള്ളി ജര്‍മനിയിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി. ജര്‍മനിയിലെ ചാന്‍സലറേക്കാളും വേണ്ടപ്പെട്ടവനായി.ഇതിനൊപ്പം തന്നെ വിവാദങ്ങളും ബെക്കറിനെ വിട്ടൊഴിഞ്ഞില്ല. പെണ്‍കുട്ടികള്‍ അവനെ പരിചയപ്പെടാനായി ക്യൂ നിന്നു .'ഒന്നുകില്‍ അവര്‍ക്ക് ബോറിസിന്റെ ഓട്ടോഗ്രാഫ് വേണം, അല്ലെങ്കില്‍ അവനില്‍ നിന്ന് ഒരു കുഞ്ഞിനെയെയെങ്കിലും വേണം ' എന്നതായിരുന്നു അന്നത്തെ അവസ്ഥയെന്ന് ബെക്കറിന്റെ ആത്മകഥയായ ' ബോറിസ് ബെക്കര്‍- ദ പ്ലെയറില്‍' വിവരിക്കുന്നുണ്ട്. പരസ്ത്രീ ബന്ധങ്ങളും വിവാഹജീവിതത്തിലെ പ്രശനങ്ങള്‍ക്കുമൊപ്പം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ജര്‍മന്‍ അധികൃതരുടെ കേസും പാപ്പര്‍ പ്രഖ്യാപവുംകൂടിയായപ്പോള്‍ ബെക്കര്‍ക്ക് കാലിടറി. .ഇത്തരം പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടു നീങ്ങാനായി എന്നതാണ് ബെക്കറിന്റെ മഹത്വം.
ഒരു താരം ജനിക്കുന്നു
ജര്‍മനിയിലെ (അന്നത്തെ പശ്ചിമ ജര്‍മനി) ചെറുപട്ടണമായ ലീമനില്‍ 1967 നവംബര്‍ 22നാണ് ബോറിസിന്റെ ജനനം. ആര്‍ക്കിടെക്ടായിരുന്ന കാള്‍ ഹെയ്ന്‍സ് ബെക്കര്‍ മകന് കളിക്കാനായി ഒരു സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് തന്നെ പണിതു നല്‍കി. അമ്മ എല്‍വിറയും സഹോദരിയും കൊച്ചു ബോറിസിന് എല്ലാ പിന്തുണയും നല്‍കി. ടെന്നീസിനെ സ്നേഹിച്ചിരുന്നെങ്കിലും ഉപരി മധ്യവര്‍ഗക്കാരായ ബെക്കര്‍ കുടുംബത്തിന് ബോറിസ് പ്രൊഫഷണല്‍ താരമാകുന്നത് അത്ര ഇഷ്ടമായിരുന്നില്ല. മകന്‍ പഠിച്ച് ഒരു സര്‍വകലാശാല ബിരുദം നേടുക. സമൂഹത്തില്‍ മാന്യമായ സ്ഥാനമുള്ള ജോലി സമ്പാദിക്കുക. അതായിരുന്നു അവരുടെ മനസ്സിലുള്ള പദ്ധതി. അവിടെയാണ് ഇയോണ്‍ ടിറിയാക് എന്ന മാനേജരും ഗുന്തര്‍ ബോഷെന്ന പരിശീലകനും പുതിയ വഴിവെട്ടുന്നത്.
ബെക്കറിലെ പ്രതിഭ ശദ്ധിച്ച ടിറിയാക് പയ്യനെ പ്രൊഫഷണല്‍ ടെന്നീസിലേക്ക് വഴി തിരിച്ചു വിടണമെന്ന് മാതാപിതാക്കളെ നിര്‍ബന്ധിക്കുന്നു. അര്‍ദ്ധ മനസോടെ അവര്‍ സമ്മതിക്കുകയാണ്. അതോടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തോടെ പഠനം നിര്‍ത്തി ബെക്കര്‍ മുഴുവന്‍ സമയ ടെന്നീസ് താരമായി. കോച്ച് ബോഷിന്റെ തന്ത്രങ്ങളും ടിറിയാക്കിന്റെ പിതൃതുല്യമായ പരിചരണവും ഒത്തുചേര്‍ന്നപ്പോള്‍ മുന്നോട്ടുള്ള പാത തെളിഞ്ഞു തന്നെ നിന്നു.
പതിനേഴിലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍
1985ലെ വിംബിള്‍ഡണ്‍ അരങ്ങേറുമ്പോള്‍ ജോണ്‍ മക്കെന്റോയും ജിമ്മി കോണേഴ്സുമൊക്കെയായിരുന്നു കിരീടസാധ്യതയില്‍ മുന്നില്‍ നിന്നത്. വിധി പക്ഷേ കിരീടം കരുതി വച്ചത് ബെക്കര്‍ക്കായിരുന്നു. സീഡില്ലാ താരമായിരുന്ന ബെക്കറുടെ മുന്നേറ്റം അവിശ്വസനീയമായിരുന്നു. മൂന്നാം റൗണ്ടില്‍ ജോക്കിം നിസ്ട്രോം ജയത്തിനായി രണ്ടു തവണ സെര്‍വ് ചെയ്തതാണ്. വിജയം പക്ഷേ ജര്‍മന്‍ പയ്യനൊപ്പം നിന്നു. അടുത്ത റൗണ്ടില്‍ ടിം മയോട്ടിനെതിരെ കളിക്കുമ്പോള്‍ കാലിന് പരിക്കേറ്റ ബെക്കര്‍ പിന്‍മാറാന്‍ ഒരുങ്ങിയതാണ്. അതു മനസ്സിലാക്കിയ ബോഷും ടിറിയാക്കും താരത്തോട് ടൈം ഔട്ട് എടുത്ത് ചികിത്സ നേടാന്‍ നിര്‍ദ്ദേശിച്ചു( ബോറിസ് ബെക്കര്‍ ദ പ്ലെയര്‍). പയ്യന്‍ ചികിത്സയ്ക്കായി കുറച്ചധികസമയം എടുത്തെങ്കിലും മാന്യനായ മയോട്ട് എതിരൊന്നും പറഞ്ഞില്ല. മത്സരം പുനരാരംഭിച്ചപ്പോള്‍ ബെക്കര്‍ക്കായി വിജയം.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹെന്റി ലെകോന്തിനെയാണ് താരം മറികടന്നത്. മഴമൂലം രണ്ടു ദിവസങ്ങളായി നടന്ന സെമി ഫൈനലില്‍ ആന്ദ്രേസ് യാറിഡും ബെക്കര്‍ക്കു മുന്നില്‍ കീഴടങ്ങി. മറുപാദത്തിലായിരുന്നു മക്കെന്റോയും കോണേഴ്സും. കെവിന്‍ കറനെന്ന ദക്ഷിണാഫ്രിക്കക്കാരന്‍ ജയന്റ് കില്ലര്‍ ക്വാര്‍ട്ടറില്‍ മക്കെന്റോയെയും സെമിയില്‍ കോണേഴ്സിനെയും വീഴ്ത്തി കലാശക്കളിക്ക് യോഗ്യതനേടുന്നു. അട്ടിമറിവീരനും എട്ടാം സീഡുമായ കറനായിരുന്നു ഫൈനലില്‍ മുന്‍തൂക്കം. ബെക്കറിനാകട്ടെ ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ആത്മധൈര്യവും. ഇടയ്ക്കൊന്നു പതറിയെങ്കിലും നാലു സെററു നീണ്ട പോരാട്ടത്തില്‍ വിജയും കിരീടവും ബെക്കര്‍ക്കൊപ്പം നിന്നു. അതേ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും.
ഒരു ദേശീയ ഹീറോയ്ക്കായി കാത്തിരുന്ന ജര്‍മന്‍കാര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. അവര്‍ക്ക് അവന്‍ രാജകുമാരനല്ല ചക്രവര്‍ത്തി തന്നെയായി. വിംബിള്‍ഡണിലെ കാണികളാകട്ടെ അവനെ നെഞ്ചോടു ചേര്‍ത്തു. കോര്‍ട്ടിലെ അവന്റെ അനായാസ പ്രകടനവും മൂളിപ്പറക്കുന്ന സെര്‍വുകളും എതിരാളികളെ നിഷ്പ്രഭരാക്കുന്ന വോളികളുമൊക്കെ അവര്‍ കയ്യടിയോടെ സ്വീകരിച്ചു. കോര്‍ട്ടില്‍ മുഴുനീളത്തില്‍ ഡൈവ് ചെയ്ത് പോയന്റുകള്‍ രക്ഷിച്ചെടുക്കുകയും നേടുകയും ചെയ്യുന്ന ഒരു ടെന്നീസ് താരത്തെ അവര്‍ അത്ഭുതത്തോടെ കണ്ടുനിന്നു. ഇത്തരം മാസ്മരിക പ്രകടനങ്ങളിലൂടെ ബോറിസ് ടെന്നീസ് പ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു.
അത്ഭുത ബാലനല്ല, യഥാര്‍ത്ഥ ചാമ്പ്യന്‍
ആദ്യ കൃതി ബെസ്റ്റ് സെല്ലറാകുമ്പോള്‍ എഴുത്തുകാരനും ആദ്യ സിനിമ ഹിറ്റാകുമ്പോള്‍ സംവിധായകനുമൊക്കെ നേരിടുന്ന ഒരു പ്രശ്നമുണ്ട്. നേട്ടം 'ഒറ്റ ദിവസത്തെ അത്ഭുതമല്ലെ'ന്നു തെളിയിക്കണം. ടെന്നീസ് പോലൊരു വ്യക്തിഗത ഗെയിമിലും ഇതേ അവസ്ഥയാണ് കളിക്കാരന്‍ അനുഭവിക്കുന്നത്. പതിനേഴാം വയസ്സിലെ വിംബിള്‍ഡണ്‍ കിരീടം 'വണ്‍ഡേ വണ്ടറ'ല്ലെന്നു തെളിയിക്കേണ്ടത് ബെക്കറുടെ നിലനില്‍പ്പിന് എന്തുകൊണ്ടും അത്യാവശ്യമായിരുന്നു. ടീനേജ് താരത്തിന് ആ സമ്മര്‍ദ്ദം അതിജീവിക്കാനാകുമോയെന്നാണ് ടെന്നീസ് ലോകം കാത്തിരുന്നത്. തന്റെ ആദ്യ വിജയം ഭാഗ്യത്തിന്റെ അകമ്പടിയോടെ നേടിയതല്ലെന്ന് തെളിയിച്ച് ബെക്കര്‍ 1986-ല്‍ വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ ്അന്നത്തെ മുന്‍നിര താരം ഇയാന്‍ ലെന്‍ഡലിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചായിരുന്നു ബെക്കറുടെ കിരീട നേട്ടം. ഇതോടെ ടെന്നീസ് ലോകം ബെക്കറുടെ കഴിവുകളെ പൂര്‍ണമായും അംഗീകരിച്ചു. ബെക്കറുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ' 1985ലെ വിജയം അവസരങ്ങളുടെ വാതില്‍ തുറന്നെങ്കില്‍ '86ലെ കിരീടനേട്ടം അവസരങ്ങളുടെ കുത്തൊഴുക്കിനാണ് (പരസ്യങ്ങളടക്കം) വഴിതെളിച്ചത്'. എല്ലാ അര്‍ത്ഥത്തിലും ബെക്കര്‍ ഒരൂ സെലിബ്രിറ്റിയായി.
വിംബിള്‍ഡണില്‍ അടുത്തവര്‍ഷം നേരത്തെ പുറത്തായെങ്കിലും പിന്നീട് തുടര്‍ച്ചയായ നാലുവര്‍ഷം ബെക്കര്‍ ഫൈനല്‍ കളിച്ചു. ആദ്യ മൂന്നു വര്‍ഷവും സ്വീഡന്റെ സ്റ്റെഫാന്‍ എഡ്ബര്‍ഗ് തന്നെയായിരുന്നു എതിരാളി. ഇതില്‍ 1989ല്‍ ബെക്കര്‍ കിരീടം നേടി. അടുത്ത വര്‍ഷം ഏറെക്കുറെ കയ്യില്‍ കിട്ടിയ കിരീടം ബെക്കര്‍ വിട്ടുകൊടുക്കുകയായിരുന്നു. അടുത്ത വര്‍ഷം ഫൈനലില്‍ ജര്‍മനിയുടെ തന്നെ മൈക്കല്‍ സ്റ്റിച്ചിനോട് തോറ്റു. പിന്നീട് ഒരു തവണകൂടി വിംബിള്‍ഡണ്‍ ഫൈനലിലെത്തിയെങ്കിലും കിരീടം മാത്രം സെന്റര്‍ കോര്‍ട്ടിന്റെ രാജകുമാരന് സ്വന്തമാക്കാനായില്ല. 1989 ബെക്കറിന്റെ കരിയറിലെ സുവര്‍ണ വര്‍ഷമായിരുന്നു. മൂന്നാം വിംബിള്‍ഡണ്‍ കിരീടത്തിനൊപ്പം അക്കൊല്ലം യു.എസ്.ഓപ്പണ്‍ കിരീടവും താരം സ്വന്തമാക്കി. ബെക്കറുടെ കരിയറിലെ ഏക യു.എസ്.ഓപ്പണ്‍ കിരീടമാണിത്. ഫ്രഞ്ച് ഓപ്പണിന്റെ സെമി ഫൈനല്‍ വരെയെത്താനും ബെക്കര്‍ക്കായി. ഇതിനൊപ്പം ജര്‍മനിയെ (പശ്ചിമ) ഡേവിസ് കപ്പ് കിരീടം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. തലേ വര്‍ഷമാണ് ചരിത്രത്തിലാദ്യമായി പശ്ചിമ ജര്‍മനി ഡേവിസ് കപ്പ് കിരീടം നേടുന്നത്. ബെക്കറായിരുന്നു വിജയത്തിന്റെ സൂത്രധാരന്‍. 1989ലെ മാസ്മരിക പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം എ.ടി.പി (അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ്) പ്ലെയര്‍ ഓഫ് ദ ടൂര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു).
പിന്നീട് കരിയറില്‍ രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ കൂടി നേടാനേ ബെക്കര്‍ക്കായുള്ളൂ. രണ്ടും ഓസ്ട്രേലിയന്‍ ഓപ്പണിലായിരുന്നു. 1991ല്‍ ലെന്‍ഡലിനെ കലാശക്കളിയില്‍ തോല്‍പ്പിച്ചായിരുന്നു ആദ്യ കിരീട നേട്ടം. ഇതോടെ ലോക ഒന്നാം നമ്പര്‍ പദവിയും അദ്ദേഹത്തിന് സ്വന്തമായി ( പന്ത്രണ്ടാഴ്ച മാത്രമേ ഈ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ). ഇതിനിടയില്‍ 1992ലെ ബാഴ്സലോണ ഒളിമ്പിക്സില്‍ മൈക്കല്‍ സ്റ്റിച്ചിനൊപ്പം ചേര്‍ന്ന ഡബ്ള്‍സ് സ്വര്‍ണം രാജ്യത്തിന് സമ്മാനിക്കാനും അദ്ദേഹത്തിനായി. വീണ്ടുമൊരു ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായി അദ്ദേഹത്തിന് 1996 വരെ കാത്തിരിക്കേണ്ടി വന്നു. ഏറെക്കുറെ പ്രതാപകാലമൊക്കെ കഴിഞ്ഞ ബെക്കറുടെ പോരാട്ട വീര്യത്തിനൊപ്പം ഭാര്യ ബാര്‍ബര ഷുറ്റ്സിന്റെ പ്രോത്സാഹനത്തിന്റെ ഫലം കൂടിയായിരുന്നു അക്കൊല്ലത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം. 1993ലാണ് ബെക്കര്‍ ജര്‍മന്‍ മോഡലായ ബാര്‍ബര ഷുറ്റസിനെ വിവാഹം ചെയ്യുന്നത്. ബെക്കര്‍ ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ബാര്‍ബരയുടെ സ്ഥിരം പരാതി. കിരീട നേട്ടത്തിനായി അവര്‍ ബെക്കറെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
1996ലെ ഓസ്ട്രേലിയന്‍ ഓപ്പണിനെത്തുമ്പോള്‍ ബെക്കര്‍ക്ക് ഒരു സാധ്യതയും ആരും കല്‍പ്പിച്ചിരുന്നില്ല. ഫൈനലില്‍ മൈക്കല്‍ ചാങിനെ (ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനെന്ന ബെക്കറുടെ റെക്കോഡ് തകര്‍ത്തത് ചാങാണ്. 1985ല്‍ ബെക്കര്‍ വിംബിള്‍ഡണ്‍ കിരീടം നേടുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. 17 വര്‍ഷവും 227 ദിവസവുമായിരുന്നു അപ്പോള്‍ ബെക്കറുടെ പ്രായം. ചാങ് 1989ല്‍ 17 വര്‍ഷവും 110 ദിവസവും പ്രായമുള്ള പ്പോള്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയാണ് ഈ റെക്കോഡ് തകര്‍ത്തത്. എന്നാല്‍ ഏറ്റവും പ്രായം കുറഞ്ഞ വിംബിള്‍ഡണ്‍ ചാമ്പ്യനെന്ന റെക്കോഡ് ഇപ്പോഴും ബെക്കര്‍ക്ക് സ്വന്തമാണ്) തോല്‍പ്പിച്ച് കിരീടം നേടുമ്പോള്‍ അത് പ്രതിസന്ധികളെ മറികടന്നുള്ള തിളക്കമാര്‍ന്ന വിജയമായിരുന്നു.
കരുത്തന് കാലിടറുന്നു
രാജ്യത്തിനായി തുടരെ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും തിരിച്ച് അതുപോലൊരു സഹാനുഭൂതി ജര്‍മന്‍ അധികൃതരോ ജനങ്ങളോ നല്‍കാത്തതില്‍ ബെക്കര്‍ ദു:ഖിതനായിരുന്നു. അത് തന്റെ ആത്മകഥയില്‍ അദ്ദേഹം പലപ്പോഴും വിവരിക്കുന്നുമുണ്ട്. ഒരിക്കല്‍ അമേരിക്കയ്ക്കെതിരായ ഡേവിസ് കപ്പ് മത്സരത്തിനിടെ കാണികളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം സങ്കടത്തോടെയാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ മൂന്നു കളികള്‍കൊണ്ടു തന്നെ ജര്‍മനി വിജയം നേടിയതാണ്. മുന്‍ മത്സരങ്ങള്‍ മൂലം ക്ഷീണിച്ചവശനായ ബെക്കര്‍ അപ്രസക്തമായ റിവേഴ്സ് സിംഗിള്‍സില്‍ ഇറങ്ങിയില്ല. പകരമിറങ്ങിയ താരത്തെ കാണികള്‍ മത്സരത്തിലുടനീളം കൂവി. ഇത് ആ താരത്തോടുള്ളതല്ല മറിച്ച ബെക്കര്‍ കളിക്കാനിറങ്ങാത്തതിലുള്ള ഇഷ്ടക്കേടായിരുന്നെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. ' കിരീടങ്ങള്‍ നേടുമ്പോള്‍ ഞാന്‍ അവര്‍ക്ക് ഹെര്‍ ബെക്കറാണ് (മിസ്റ്റര്‍ ബെക്കര്‍) , അല്ലാത്ത അവസരങ്ങളില്‍ ലീ മെനില്‍ നിന്നുള്ള റെഡ് ഹെഡ്ഡും (ചെമ്പന്‍മുടിക്കാരനായ ബെക്കറുടെ വിശേഷണം)'.
ബാര്‍ബരയുടെ അമ്മ ജര്‍മന്‍കാരിയും അച്ഛന്‍ ആഫ്രോ അമേരിക്കക്കാരനുമായിരുന്നു. ഇതോടെ യാഥാസ്ഥികരായ പല ജര്‍മന്‍കാരും ബെക്കറിന്റെ വിവാഹവും വിവാദത്തിലാക്കി. ബെക്കറുടെ അച്ഛന്‍ വലുതപക്ഷ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ബെക്കറാകട്ടെ ചെറുപ്പം മുതല്‍ തന്നെ ഇടതുപക്ഷ ആശയങ്ങള്‍ വച്ചു പുലര്‍ത്തിയയാളും. ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. ഇതിന് ജര്‍മനിയിലെ വിമര്‍ശകര്‍ അദ്ദേഹത്തെ പരിഹസിച്ചതിനെക്കുറിച്ചും അദ്ദേഹം ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
ജര്‍മന്‍ ജനതയേക്കാള്‍ വലിയ ദ്രോഹമാണ് ജര്‍മന്‍ അധികൃതര്‍ ചെയ്തതെന്ന് ബെക്കര്‍ ആത്മകഥയില്‍ ആരോപിക്കുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം മൊണോക്കോയിലേക്ക് താമസം മാറ്റിയിരുന്നു. ബെക്കറുടെ സഹോദരിയുടെ ഫ്ളാറ്റില്‍ അദ്ദേഹം താമസിക്കാറുണ്ടെന്ന കാരണം പറഞ്ഞ് ജര്‍മന്‍ പൗരനെന്ന നിലയില്‍ അദ്ദേഹം വന്‍തുക നികുതി വെട്ടിച്ചെന്നാണ് ജര്‍മന്‍ അധികൃതര്‍ ഉയര്‍ത്തിയ കേസ്. വര്‍ഷങ്ങള്‍ നീണ്ട കേസില്‍ നിരന്തരമായ മാനസികസമ്മര്‍ദ്ദവും നാണക്കേടും അദ്ദേഹത്തി്ന അനുഭവിക്കേണ്ടി വന്നു. ഒടുവില്‍ തടവുശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും വന്‍ തുക അദ്ദേഹത്തിന് പിഴയായി ഒടുക്കേണ്ടി വന്നു. നികുതിക്കേസ് എങ്ങനെയാണ് തന്റെ കരിയര്‍ തകര്‍ത്തതെന്നും അദ്ദഹം ആത്മകഥയില്‍ വിശദീകരിക്കുന്നു'1996 ഡിസംബര്‍ 19നാണ് എന്റെ വീട്ടില്‍ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നത്. അതു വരെ 49 ടൂര്‍ണമെന്റുകളില്‍ ഞാന്‍ കിരീടം നേടിയിരുന്നു. റെയ്ഡിനു ശേഷം കരിയറില്‍ ഒറ്റ ടൂര്‍ണമെന്റില്‍പ്പോലും ജയിക്കാന്‍ എനിക്കായില്ല'.
കേസിന്റെ സമ്മര്‍ദ്ദങ്ങളും ബാര്‍ബരയുമായുളള വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളും ബെക്കറെ തളര്‍ത്തി. ഇതിനിടയിലും 1999ലെ വിംബിള്‍ഡണില്‍ കളിക്കാന്‍ അദ്ദേഹം എത്തി (തലേ വര്‍ഷം ബെക്കര്‍ വിംബിള്‍ഡണില്‍ നിന്നും വിട്ടുനിന്നിരുന്നു). യാതൊരു സാധ്യതകളുമില്ലായിരന്നെങ്കിലും തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ അദ്ദേഹം പ്രീ ക്വാര്‍ട്ടര്‍ വരെയെത്തി. അവിടെ പാട്രിക് റാഫ്റ്ററോട് തോറ്റതോടെ അദ്ദേഹം കരിയറിനോട് വിടപറഞ്ഞു. ക്ലേ കോര്‍ട്ടില്‍ മാത്രം ഒരു കിരീടം പോലും നേടാനായില്ല എന്നതാണ് 16 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ കരിയറിലെ ഏക കുറവ്.
ബെക്കറെന്ന 'പച്ച മനുഷ്യന്‍'
പ്ലേ ബോയ് എന്ന ഇമേജിനപ്പുറം ബെക്കര്‍ എന്ന വ്യക്തി ആരാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥയായ 'ബോറിസ് ബെക്കര്‍ ദ കംപ്ലീറ്റ് പ്ലെയര്‍'. കോച്ചും മാനേജരും ഭാര്യയുമൊക്കെ കരിയറിലെ അവിഭാജ്യ ഘടകങ്ങളാണെങ്കിലും നിര്‍ണായക ഘട്ടങ്ങളിലൊക്കെ യാതൊരു ദാക്ഷണ്യവുമില്ലാതെ കടുത്ത തീരുമാനങ്ങളെടുക്കുന്ന ബെക്കറെ ആത്മകഥയില്‍ കാണാം. ബെക്കറെന്ന കളിക്കാരനെ പരുവപ്പെടുത്തിയെടുത്തത് ഗുന്തര്‍ ബോഷെന്ന പരിശീലകനാണ്. ആദ്യ രണ്ട് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ക്കുശേഷം അദ്ദേഹത്തിന് പുതുതായൊന്നും പഠിപ്പിക്കാനില്ലെന്ന ബെക്കറിന് തോന്നലുണ്ടായി. അതോടെ ബോഷുമായുള്ള ബന്ധം ബെക്കര്‍ മുറിക്കുകയാണ്.
ബോഷിനേക്കാള്‍ ബെക്കറുടെ ജീവിതത്തെ സ്വാധീനിച്ച മനുഷ്യനാണ് മാനേജര്‍ ഇയോണ്‍ ടിറിയാക്. വര്‍ഷങ്ങളുടെ സഹവാസത്തിനു ശേഷം ടിറിയാക്കുമായി പിരിയാന്‍ ബെക്കര്‍ തീരുമാനിക്കുന്നത് യാതൊരു ദാക്ഷണ്യവുമില്ലാതെയാണ്.സ്വരച്ചേര്‍ച്ചയില്ലായിരുന്നെങ്കിലും ബെക്കറുമായി പിരിയേണ്ടി വരുമെന്ന് ബാര്‍ബര വിചാരിച്ചിരുന്നില്ല. അവിടെയും വിവാഹമോചനത്തിനുള്ള ആദ്യ നീക്കം നടത്തുന്നത് ബെക്കറാണ്. ലണ്ടന്‍ ഹോട്ടലിലെ പരിചാരികയായ റഷ്യക്കാരി എയ്ഞ്ചല എര്‍മാക്കോവയുമായുലള്ള ബന്ധം വഴി ബെക്കര്‍ സമൂഹത്തില്‍ നാണംകെട്ടു നില്‍ക്കുന്ന സമയമാണത്( ആ ബന്ധത്തില്‍ ബെക്കറിന് അന്ന എന്ന മകളുണ്ട്). ആദ്യമൊന്നു ഞെട്ടിയെങ്കിലും ബെക്കറോട് ക്ഷമിച്ച് പൂര്‍ണ പിന്തുണയുമായി ബാര്‍ബര കൂടെ നിന്നു. അതൊന്നും പരിഗണിക്കാതെയാണ് ബെക്കര്‍ വിവാഹമോചനത്തിന് നീക്കം നടത്തുന്നത്. ബന്ധം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ആദ്യം ബാര്‍ബര നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പ്രതികാര ദുര്‍ഗയായി മാറിയ അവര്‍ ബെക്കറെ കേസുകള്‍കൊണ്ട് വട്ടം ചുറ്റിക്കുകയാണ്. ഒടുവില്‍ വന്‍ തുക നല്‍കി കേസ് ഒത്തു തീര്‍പ്പാകുകയാണ്. മക്കളായ നോവയും ഏലിയാസും ബാര്‍ബരയ്ക്കൊപ്പം അമേരിക്കയിലാണ് താമസം. ബെക്കറാകട്ടെ വിംബിള്‍ഡണിലും.
2009ല്‍ ബെക്കര്‍ ഡച്ച് മോഡല്‍ ഷേര്‍ലി കെര്‍സന്‍ബര്‍ഗിനെ വിവാഹം ചെയ്തു. ഒമ്പതുവര്‍ഷത്തിനുശേഷം അവര്‍ വിവാഹമോചിതരാകുകയും ചെയ്തു. ഈ ബന്ധത്തില്‍ ബെക്കറിന് ഒരു മകനുണ്ട്. ടെന്നീസില്‍ നിന്ന് വിരമിച്ച ശേഷം പല വ്യവസായ സംരംഭങ്ങളും ബെക്കര്‍ നടത്തി. പലതിലും പരാജയം രുചിച്ചു. 2017ല്‍ ഒരു ബ്രിട്ടീഷ് കോടതി അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. കടംവീട്ടാനായി അദ്ദേഹത്തിന് തന്റെ ട്രോഫികളടക്കം ലേലത്തിന് വയ്ക്കേണ്ടി വ്ന്നു. കഴിഞ്ഞ വര്‍ഷം ഒരു സാമ്പത്തിക കേസില്‍ യു.കെ.കോടതി അദ്ദേഹത്തിന് രണ്ടര വര്‍ഷം തടവുശിക്ഷ വിധിച്ചു. എട്ടു മാസത്തെ ജയില്‍വാസത്തിനുശേഷം ഡിസംബറില്‍ അദ്ദേഹം ജയില്‍ മോചിതനായി. തുടര്‍ന്ന് അദ്ദേഹത്തെ ജര്‍മനിയിലേക്ക് നാടുകടത്തുകയും ചെയ്തു.
ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്റെ പരിശീലനകായും ഇടക്കാലത്ത് ബെക്കര്‍ പ്രവര്‍ത്തിച്ചു. വിംബിള്‍ഡണിലടക്കം നിരവധി കിരീടങ്ങള്‍ നേടാന്‍ സെര്‍ബ് താരത്തെ സഹായിക്കാനും അദ്ദേഹത്തിനായി. വെറ്ററന്‍സ് ടൂറിലും ബെക്കര്‍ കളിക്കുന്നുണ്ട്. കമന്ററേറ്ററായും പ്രവര്‍ത്തിക്കുന്നു. ജര്‍മന്‍ പുരുഷ ടെന്നീസ് ടീമിന്റെ മേധാവിയാണ് ഇപ്പോള്‍ ബെക്കര്‍. പ്രഥമ എ.ടി.പി കപ്പില്‍ ജര്‍മന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ബെക്കറിന്റെ കരിയര്‍ പോലെ തന്നെയാണ് ജീവിതവും. അപ്രതീക്ഷിതമായ ഉയര്‍ച്ചകളും വീഴ്ചകളുമായി അതു മുന്നോട്ടുപോകുകയാണ്.
Content Highlights: life story of tennis legend Boris Becker
Published: 27 Jun 2023, 03:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented