ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യുവതാരം ലക്ഷ്യസെന്‍. ഫൈനലില്‍ ലോക ചാമ്പ്യന്‍ സിങ്കപ്പൂരിന്റെ ലോ കീന്‍ യൂവിനെ തകര്‍ത്താണ് താരത്തിന്റെ കിരീട നേട്ടം. ഇതോടെ ഇന്ത്യ ഓപ്പണിലെ തന്റെ അരങ്ങേറ്റ ടൂര്‍ണമെന്റില്‍ തന്നെ പുരുഷ സിംഗിള്‍സ് കിരീടജേതാവാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ലക്ഷ്യ സ്വന്തമാക്കി.

To advertise here,

ഞായറാഴ്ച നടന്ന ഫൈനലില്‍ സിങ്കപ്പൂരിന്റെ ലോ കീന്‍ യൂവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ ലക്ഷ്യയുടെ കിരീട നേട്ടം. സ്‌കോര്‍: 24-22, 21-17. മത്സരം 54 മിനിറ്റ് നീണ്ടുനിന്നു.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ് രാജ് റങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും കപ്പുയര്‍ത്തിയതോടെ ഇരട്ടിമധുരമായി. മൂന്നുതവണ ലോക കിരീടം നേടിയിട്ടുള്ള ഇന്‍ഡൊനീഷ്യയുടെ മുഹമ്മദ് അഹ്സാന്‍- ഹെന്‍ഡ്ര സെറ്റിയാവാന്‍ സഖ്യത്തെയാണ് കീഴടക്കിയത് (21-16, 26-24).

20-കാരനായ ലക്ഷ്യസെന്നിന്റെ ആദ്യ സൂപ്പര്‍ 500 കിരീടം കൂടിയാണിത്. ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ലക്ഷ്യ അതേ ഫോം നിലനിര്‍ത്തിയാണ് കിരീടം സ്വന്തമാക്കിയത്. ആദ്യ ഗെയിമില്‍ കടുത്തപോരാട്ടം നേരിട്ട ലക്ഷ്യ രണ്ടാം ഗെയിമില്‍ അനായാസം വിജയത്തിലേക്കെത്തി.

Content Highlights: lakshya sen beats world champion loh kean yew to win india open title