കൊച്ചി: ദീര്‍ഘദൂര കുതിരയോട്ട മത്സരത്തിലെ ആഗോള ചാമ്പ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ മലയാളിയായ നിദ അന്‍ജും ചേലാട്ടിന് ചരിത്രനേട്ടം. സീനിയര്‍ വിഭാഗത്തില്‍ വിജയകരമായി ഓട്ടം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വ്യക്തിയെന്ന റെക്കോര്‍ഡ് ഇനി ഇരുപത്തിരണ്ടുകാരിയായ മലപ്പുറം തിരൂര്‍ സ്വദേശിനിക്ക് സ്വന്തം. ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടന്ന മത്സരത്തില്‍ 40 രാജ്യങ്ങളില്‍നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാര്‍ക്കൊപ്പമാണ് നിദ മത്സരിച്ചത്. ഈ വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയപ്പോള്‍ തന്നെ ഇന്ത്യന്‍ കുതിരയോട്ട കായികവിഭാഗത്തില്‍ നിദ ചരിത്രമെഴുതിയിരുന്നു. ഇന്റര്‍നാഷണല്‍ എക്യുസ്ട്രിയന്‍ ഫെഡറേഷനാണ് (എഫ്.ഇ.ഐ.) മത്സരം സംഘടിപ്പിച്ചത്. കടുത്ത പരീക്ഷണങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ശേഷമാണ് നിദ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. യു.എ.ഇ, ബഹ്റൈന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഏറ്റവും മികച്ച കുതിരയോട്ടക്കാരായിരുന്നു നിദയുടെ എതിരാളികള്‍. ഇന്ത്യക്കാര്‍ക്ക് ഈ കായികയിനം അത്ര പരിചിതമല്ലെങ്കിലും, പല രാജ്യങ്ങളിലും അവരുടെ സാംസ്‌കാരികപാരമ്പര്യത്തിന്റെ ഭാഗമാണ് കുതിരയോട്ടം. നിദ ഉള്‍പ്പെടെ 45 പേര്‍ മാത്രമാണ് അവസാനം വരെ മത്സരത്തില്‍ പിടിച്ചുനിന്നത്.
12 വയസുപ്രായമുള്ള തന്റെ വിശ്വസ്ത പെണ്‍കുതിര പെട്ര ഡെല്‍ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂര്‍ത്തിയാക്കിയത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത, വെറും 10 മണിക്കൂര്‍ 23 മിനുട്ട് കൊണ്ടാണ് നിദ കീഴടക്കിയത്. 73 കുതിരകള്‍ അയോഗ്യതയോടെ പുറത്തായി.
അസാമാന്യ കരുത്തും കായികക്ഷമതയും മാത്രമല്ല, ഓടിക്കുന്ന കുതിരയുമായി അഭേദ്യമായ ആത്മബന്ധം കൂടിയുണ്ടെങ്കിലേ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയൂ. ആദ്യഘട്ടത്തില്‍ 61-ാം സ്ഥാനത്തായിരുന്നു നിദ. രണ്ടാംഘട്ടത്തില്‍ 56-ാം സ്ഥാനത്തേക്കും മൂന്നാം ഘട്ടത്തില്‍ 41-ാം സ്ഥാനത്തേക്കും മുന്നേറി. നാലാം ഘട്ടമെത്തിയപ്പോള്‍ നിദ 36-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് 27-ാം സ്ഥാനത്തെത്തി. അവസാനലാപ്പില്‍ 17-ാം സ്ഥാനമെന്ന മികച്ച റെക്കോഡോടുകൂടിയാണ് നിദ ഓടിയെത്തിയത്. മണിക്കൂറില്‍ 16.09 കിലോമീറ്റര്‍ ആയിരുന്നു നിദയുടെ ശരാശരി വേഗം. ഓരോ കുളമ്പടിയിലും ഇന്ത്യന്‍ പ്രൗഢിയേന്തിക്കൊണ്ടാണ് നിദ മുന്നേറിയത്. ഹെല്‍മെറ്റിലും ജേഴ്‌സിയിലും നിദ ഇന്ത്യന്‍ പതാക വഹിച്ചിരുന്നു. അവസാനം ലോകത്തെ ഏറ്റവും വലിയ കുതിരയോട്ട മത്സരത്തിന്റെ ആഗോളവേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമുറപ്പിക്കാനും നിദയ്ക്ക് കഴിഞ്ഞു.
എഫ്.ഇ.ഐയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓടിക്കുന്ന കുതിരയുടെ ആരോഗ്യപരിപാലനം വളരെ പ്രധാനമാണ്. കുതിരയ്ക്കും പങ്കെടുക്കുന്നയാളിനും ശാരീരികക്ഷമതയും വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവും പൂര്‍ണആരോഗ്യവും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ മത്സരിക്കാനുള്ള അനുമതി ലഭിക്കൂ. 38.65 കി.മീ, 20.22 കി.മീ, 31.72 കി.മീ, 20.22 കി.മീ, 23.12 കി.മീ, 26.07 കി.മീ എന്നിങ്ങനെ ദൈര്‍ഘ്യമുള്ള ആറ് ഘട്ടങ്ങളിലാണ് മത്സരിക്കേണ്ടത്. ഓരോ മണിക്കൂറിലും ശരാശരി 18 കി.മീ. വേഗമെങ്കിലും കൈവരിക്കണം. ആദ്യത്തെ മൂന്നു ഘട്ടങ്ങള്‍ക്കിടയില്‍ കുതിരയ്ക്ക് വിശ്രമിക്കാന്‍ 40 മിനിറ്റ് ഇടവേള ലഭിക്കും. നാലാമത്തെയും അഞ്ചാമത്തേയും ഘട്ടങ്ങള്‍ക്ക് ശേഷം 50 മിനിറ്റായിരിക്കും ഇടവേള. ഓരോ ഘട്ടത്തിലും വിദഗ്ധരായ മൃഗഡോക്ടര്‍മാര്‍ കുതിരയുടെ ആരോഗ്യവും ക്ഷമതയും പരിശോധിച്ച് വിലയിരുത്തും. കുതിരയുടെ ആരോഗ്യം മോശമാകുന്ന മത്സരാര്‍ത്ഥികള്‍ അയോഗ്യരാക്കപ്പെടും.
എഫ്.ഇ.ഐ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് നിദ പ്രതികരിച്ചു. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും മത്സരയോട്ടം ഏറെ ആസ്വദിച്ചു. എല്ലാ നേട്ടങ്ങളും രാജ്യത്തിനുവേണ്ടി സമര്‍പ്പിക്കുന്നതായും മത്സരത്തിന് ശേഷം നിദ അന്‍ജും ചേലാട്ട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം, എഫ്.ഇ.ഐയുടെ എക്യൂസ്ട്രിയന്‍ (കുതിരയോട്ടം) ലോക ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പിലെ ജൂനിയര്‍ ആന്‍ഡ് യങ് റൈഡേഴ്സ് വിഭാഗം മത്സരം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിജയകരമായി പൂര്‍ത്തിയാക്കിയ വനിതയായി നിദ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആ മത്സരം റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് നിദ പൂര്‍ത്തിയാക്കിയത്.
കുട്ടിക്കാലത്ത് ദുബായില്‍ എത്തിയതുമുതലാണ് നിദയ്ക്ക് കുതിരകളോട് പ്രിയം തുടങ്ങിയത്. അവിടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് അബുദാബി എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് സ്വാര്‍ഡ് പുരസ്‌കാരം സ്വന്തമാക്കി അന്താരാഷ്ട്ര മത്സരവേദിയിലെത്തുന്നത്. അവിടെനിന്നാണ് ഇപ്പോള്‍ ഈ കായികയിനത്തില്‍ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ എത്തിനില്‍ക്കുന്നത്. അറിയപ്പെടുന്ന കുതിരയോട്ടക്കാരനും പരിശീലകനും തന്റെ ഗുരുവുമായ അലി അല്‍ മുഹൈരിയാണ് നിദയെ ഈ രംഗത്തേക്ക് കടന്നുവരാന്‍ വളരെയേറെ സ്വാധീനിച്ചത്.
തഖാത് സിങ് റാവോ ആണ് പേഴ്‌സണല്‍ ട്രെയിനര്‍. ഡോ. മുഹമ്മദ് ഷാഫിയാണ് വെറ്ററിനറി കണ്‍സല്‍ട്ടന്റ്. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബിര്‍മിങ്ഹാമില്‍ നിന്നും സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദവും ദുബായിലെ റാഫിള്‍സ് വേള്‍ഡ് അക്കാദമിയില്‍നിന്ന് ഐബി ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട് നിദ, ഇപ്പോള്‍ സ്പെയിനില്‍ മാനേജ്മെന്റിലും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിലും മാസ്റ്റേഴ്സ് ചെയ്യുന്നു. മലപ്പുറമാണ് സ്വദേശം. റീജന്‍സി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടും മിന്നത് അന്‍വര്‍ അമീനുമാണ് മാതാപിതാക്കള്‍. ഡോ. ഫിദ അന്‍ജൂം ചേലാട്ട് സഹോദരിയാണ്.
കുതിരയോട്ടമത്സര രംഗത്തെത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് നിദയുടെ നേട്ടം. ഒന്നില്‍ക്കൂടുതല്‍ തവണ 160 കിലോമീറ്റര്‍ കുതിരയോട്ടം പൂര്‍ത്തിയാക്കി ത്രീ സ്റ്റാര്‍ റൈഡര്‍ എന്ന പദവി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത കൂടിയാണ് നിദ. ചാമ്പ്യന്‍ഷിപ്പിലെ വ്യക്തിഗത മത്സരത്തില്‍ ബഹ്റൈനും യുഎഇയുമാണ് സ്വര്‍ണവും വെള്ളിയും നേടിയത്. ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സും ചൈനയുമാണ് ജേതാക്കള്‍.
Content Highlights: horse riding championship successfully completed nida anjum
Published: 10 Sept 2024, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented