ലണ്ടന്‍: ലോക മൂന്നം നമ്പര്‍ പുരുഷ ടെന്നീസ് താരമായ ഡാനില്‍ മെദ്‌വെദേവും നിലവിലെ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍ എലീന റൈബിക്കാനയും വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരുതാരങ്ങളും വാക്ക് ഓവറിലൂടെയാണ് ക്വാര്‍ട്ടറിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ലോക അഞ്ചാം നമ്പര്‍ താരമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് അട്ടിമറിയിലൂടെ പുറത്തായി

To advertise here,

റഷ്യന്‍ താരമായ മെദ്‌വെദേവ് ചെക്ക് റിപ്പബ്ലിക്കിന്റെ ജിരി ലെഹെക്കയെയാണ് പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടത്. എന്നാല്‍ മത്സരത്തിനിടെ ലെഹെക്കയ്ക്ക് പരിക്കേറ്റതോടെ താരം പിന്മാറി. ഈ സമയം മെദ്‌വെദേവ് 6-4, 6-2 എന്ന സ്‌കോറിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. ഇതോടെ മെദ്‌വെദേവിനെ വിജയിയായി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് മെദ്‌വെദേവ് വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടുന്നത്.  

നിലവിലെ ചാമ്പ്യനായ റൈബിക്കാന ലോക 13-ാം നമ്പര്‍ താരമായ ബ്രസീലിന്റെ ഹാഡഡ് മായിയെയാണ് പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടത്. എന്നാല്‍ ആദ്യ സെറ്റില്‍ റൈബിക്കാന 3-1 ന് മുന്നിട്ടുനില്‍ക്കുമ്പോള്‍ ബ്രസീല്‍ താരത്തിന് പുറംവേദന അനുഭവപ്പെട്ടു. പിന്നാലെ താരം മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെ റൈബിക്കാന അവസാന എട്ടിലെത്തി. ക്വാര്‍ട്ടറില്‍ രണ്ട് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയ വെറ്ററന്‍ താരം പെട്ര ക്വിറ്റോവയോ 2022 വിംബിള്‍ഡണ്‍ റണ്ണറപ്പായ ഓണ്‍സ് ജാബിയറോ ആയിരിക്കും റൈബിക്കാനയുടെ എതിരാളി. 

വലിയൊരു അട്ടിമറിയ്ക്കും വിംബിള്‍ഡണ്‍ വേദിയായി. ലോക അഞ്ചാം നമ്പര്‍ താരമായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് വമ്പന്‍ അട്ടിമറിയിലൂടെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അമേരിക്കയുടെ സീഡില്ലാതാരം ക്രിസ്റ്റഫര്‍ യുബാങ്ക്‌സ് സിറ്റ്‌സിപാസിനെ അട്ടിമറിച്ചു. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് യുബാങ്ക്‌സ് വിജയം നേടിയത്. സ്‌കോര്‍: 3-6, 7-6, 3-6, 6-4, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും യുബാങ്ക്‌സ് തിരിച്ചടിച്ചു. ക്വാര്‍ട്ടറില്‍ യുബാങ്ക്‌സ് മെദ്‌വെദേവിനെ നേരിടും.