ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണില്‍ അട്ടിമറികള്‍ തുടരുന്നു. ടെന്നീസ് ഇതിഹാസം സ്‌പെയിനിന്റെ റാഫേല്‍ നദാലും ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെദെ്‌വദേവും യു.എസ്. ഓപ്പണില്‍ നിന്ന് പുറത്തായി. പ്രീ ക്വാര്‍ട്ടറിലാണ് ഇരുവരും പുറത്തായത്. 

To advertise here,

നദാലിനെ ലോക 22-ാം നമ്പര്‍ താരമായ അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോ അട്ടിമറിച്ചു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ വിജയം. സ്‌കോര്‍ച 6-4, 4-6, 6-4, 6-3. ഈ വിജയത്തോടെ ടിയാഫോ ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക എട്ടാം നമ്പര്‍ താരമായ ആന്ദ്രെ റുബലേവാണ് ടിയാഫോയുടെ എതിരാളി. 

ആര്‍തര് ആഷെ സ്‌റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ടിയാഫോ കാഴ്ചവെച്ചത്. മത്സരത്തില്‍ നദാല്‍ അനായാസ വിജയം നേടുമെന്നാണ് ഏവരും കണക്കുകൂട്ടിയത്. എന്നാല്‍ കോര്‍ട്ടില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന ടിയാഫോ അര്‍ഹിച്ച വിജയം സ്വന്തമാക്കി. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനമാണിത്. 

ലോക 23-ാം നമ്പര്‍ താരം ഓസ്ട്രേലിയയുടെ നിക് കിര്‍ഗിയോസാണ് മെദ്വദേവിനെ അട്ടിമറിച്ചത് സ്‌കോര്‍: 7-6, 3-6, 6-3, 6-2.

വിംബിള്‍ഡണ്‍ ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനോട് തോറ്റ കിര്‍ഗിയോസ്, ആദ്യസെറ്റില്‍ മൂന്ന് സെറ്റ് പോയന്റുകളാണ് അതിജീവിച്ചത്. ടൈബ്രേക്കറില്‍ 13-11നാണ് കിര്‍ഗിയോസ് ആദ്യസെറ്റ് പിടിച്ചത്. രണ്ടാം സെറ്റ് കൈവിട്ടെങ്കിലും മൂന്ന്, നാല് സെറ്റുകള്‍ അനായാസം നേടി. രണ്ടുമണിക്കൂര്‍ 53 മിനിറ്റുകൊണ്ട് വിജയം പൂര്‍ത്തിയാക്കി. 21 എയ്സുകളും 53 വിന്നറുകളുമാണ് കിര്‍ഗിയോസ് പായിച്ചത്. ജോക്കോവിച്ചിന്റെയും റാഫേല്‍ നഡാലിന്റെയും നിലവാരത്തിലാണ് കിര്‍ഗിയോസ് തനിക്കെതിരേ കളിച്ചതെന്ന് മെദ്വദേവ് പ്രതികരിച്ചു.അഞ്ചാം സീഡ് നോര്‍വേയുടെ കാസ്പപര്‍ റൂഡ്, 13-ാം സീഡ് ഇറ്റലിയുടെ മാത്തിയോ ബെറേറ്റിനി, 27-ാം സീഡ് കാരന്‍ ഖാച്ചനോവ് എന്നിവരും ക്വാര്‍ട്ടറിലെത്തി.

വനിതാവിഭാഗത്തില്‍ അമേരിക്കന്‍ കൗമാരതാരം കൊകൊ ഗാഫ് ആദ്യമായ് ക്വാര്‍ട്ടറിലെത്തി. ചൈനയുടെ ഷാങ് ഷുയിയെയാണ് തോല്‍പ്പിച്ചത് (7-5, 7-5). മുമ്പ് യു.എസ്. ഓപ്പണില്‍ ഗാഫ് മൂന്നാംറൗണ്ടിനപ്പുറം പോയിട്ടില്ല. ഗാഫ് ജൂണില്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ എത്തിയിരുന്നു.

അഞ്ചാം സീഡ് ടുണീഷ്യയുടെ ഒന്‍സ് ജാബിയൂര്‍, 17-ാം സീഡ് ഫ്രാന്‍സിന്റെ കരോളിന്‍ ഗാര്‍സിയ, ഓസ്ട്രേലിയയുടെ അജ്ല ടോമിജാനോവിച്ച് എന്നിവരും ക്വാര്‍ട്ടറിലെത്തി.