നഗോയ: ഇരുപതാം ഏഷ്യൻ ഗെയിംസിലെ ആദ്യമത്സരത്തിന് ഇന്ത്യ വ്യാഴാഴ്ച ഇറങ്ങുന്നു. ടെക്‌ബോളിൽ പുരുഷവിഭാഗം ഡബിൾസ് യോഗ്യതാമത്സരങ്ങളാണ് ആദ്യം നടക്കുക. കഴിഞ്ഞ തവണ മെഡൽവേട്ടയിൽ നടത്തിയ സെഞ്ചുറിത്തിളക്കം തുടരാനായിരിക്കും ഇത്തവണയും ഇന്ത്യയുടെ ശ്രമം. സ്വർണമെഡലുകളുടെ എണ്ണവും കൂടുമെന്നാണ് പ്രതീക്ഷ.

To advertise here,

വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യമത്സരം വെള്ളിയാഴ്ചയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. ക്വാർട്ടറിൽ ആതിഥേയരായ ജപ്പാനാണ് എതിരാളി. ഇന്ത്യൻ ടീം ബുധനാഴ്ച ജപ്പാനിലെത്തി. പുരുഷവിഭാഗം സോഫ്റ്റ് ടെന്നീസ് ടീം യോഗ്യതാ മത്സരവും ടെക്‌ബോളിൽ വനിതാവിഭാഗം, മിക്‌സ്ഡ് ഡബിൾസ് വിഭാഗം യോഗ്യതാ മത്സരങ്ങളും വെള്ളിയാഴ്ച നടക്കും.

ഇന്ത്യ ഇന്ന്

പുരുഷവിഭാഗം ടെക്‌ബോൾ ഡബിൾസ് യോഗ്യതാമത്സരം-രാവിലെ 10.

ഇന്ത്യ നാളെ

പുരുഷവിഭാഗം സോഫ്റ്റ് ടെന്നീസ് ടീം യോഗ്യതാ മത്സരം: രാവിലെ 5.30.

വനിതാ വിഭാഗം ടെക്‌ബോൾ
യോഗ്യതാ മത്സരം: രാവിലെ 6.30.

മിക്‌സ്ഡ് ഡബിൾസ്
യോഗ്യതാ മത്സരം: രാവിലെ 9.00.

വനിതാ ക്രിക്കറ്റ്:
ഇന്ത്യ-ജപ്പാൻ: രാവിലെ 10.30.

എന്താണ് ടെക്‌ബോൾ

ഏഷ്യൻ ഗെയിംസിൽ ഇത്തവണ ആദ്യമായി ഉൾപ്പെടുത്തിയ ഇനമാണ് ടെക്‌ബോൾ. നടുഭാഗം പൊന്തിയും രണ്ടു വശങ്ങളും താഴേക്കു വളഞ്ഞുമിരിക്കുന്ന മേശയ്ക്കു മുകളിൽ പന്തടിക്കുന്ന കളി. മേശയുടെ മധ്യഭാഗത്ത് ഗ്ലാസ് വെച്ച് ഇരുഭാഗവും വേർതിരിച്ചിട്ടുണ്ടാകും. ഫുട്‌ബോളും ടേബിൾ ടെന്നീസും ചേർന്നുള്ളൊരു കളി. കൈ കൊണ്ടല്ലാതെ ശരീരത്തിന്റെ ഏതു ഭാഗങ്ങൾകൊണ്ടും പന്ത് മേശയിലേക്ക് അടിക്കാം. ഒറ്റയ്ക്കും രണ്ടുപേരുമുള്ള ടീമായും മത്സരത്തിൽ പങ്കെടുക്കാം.