
ചെന്നൈ: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ കുതിപ്പിന് താത്കാലിക വിരാമം. മൂന്നുറൗണ്ട് പിന്നിട്ടപ്പോള്‍ ലീഡ് ചെയ്യുന്നവരില്‍ ആറു മാച്ച് പോയന്റുമായി ഇന്ത്യയുടെ ആറു ടീമുകളുമുണ്ടായിരുന്നു. എന്നാല്‍, തിങ്കളാഴ്ച നാലാം റൗണ്ടില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് ഭാഗികമായ തിരിച്ചടിനേരിട്ടു. ഓപ്പണ്‍ വിഭാഗത്തില്‍ രണ്ടാം സീഡായ ഇന്ത്യയുടെ ഒന്നാം ടീം പതിനഞ്ചാം സീഡുകളായ ഫ്രാന്‍സിനോട് സമനില(2-2)വഴങ്ങി. ഹരികൃഷ്ണ, വിദിത് ഗുജറാത്തി, എറിഗൈസി, എസ്.എല്‍. നാരായണന്‍ എന്നിവരുടെ കളികള്‍ സമനിലയില്‍ കലാശിച്ചു.
യുവരക്തംനിറഞ്ഞ ഇന്ത്യയുടെ രണ്ടാമത്തെ ടീം മിന്നുന്ന പ്രകടനം അവര്‍ത്തിച്ച് ഇറ്റലിയെ 3-1ന് തകര്‍ത്തു. നിഹാല്‍ സരിന്‍, ഗുകേഷ് എന്നിവര്‍ ജയം നേടിയപ്പോള്‍ പ്രഗ്‌നാനന്ദയും റൗണക് സധ്വാനിയും മത്സരം സമനിലയിലാക്കി.
ഇന്ത്യയുടെ മൂന്നാം ടീം കരുത്തരായ സ്‌പെയിനിനോട് 1-3ന് തോറ്റു. വനിതാ വിഭാഗത്തില്‍ ഒന്നാം സീഡുകളായ ഇന്ത്യയുടെ ഒന്നാം ടീം ഹംഗറിയെ കീഴ്പ്പെടുത്തി (2.5-1.5). കൊനേരു ഹമ്പി, ഹരിക ദ്രോണവല്ലി, വൈശാലി എന്നിവരുടെ കളികള്‍ സമനിലയിലായപ്പോള്‍ തനിയ സച്‌ദേവിന്റെ വിജയം ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചു. ഇന്ത്യയുടെ രണ്ടാം ടീം എസ്റ്റോണിയെ തോല്‍പ്പിച്ചു (.5-1.5). വനിതകളുടെ മൂന്നാമത്തെ ടീം ശക്തരായ ജോര്‍ജിയയോട് 1-3ന് തോറ്റു.
ഓപ്പണ്‍ വിഭാഗത്തില്‍ ഒന്നാം സീഡ് യു.എസ്.എ. ഉസ്‌ബെക്കിസ്താനോട് സമനിലവഴങ്ങി. ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സന്റെ നോര്‍വേയെ ഞായറാഴ്ച ഇറ്റലി 3-1ന് തോല്‍പ്പിച്ചിരുന്നു. തിങ്കളാഴ്ചയും നോര്‍വേക്ക് തിരിച്ചടിയേറ്റു. കാള്‍സണ്‍ ജയിച്ചെങ്കിലും താരതമ്യേന ദുര്‍ബലരായ മംഗോളിയയോട് ടീം സമനിലവഴങ്ങി (2-2). ഓപ്പണ്‍ വിഭാഗത്തില്‍ എട്ടു മാച്ച് പോയന്റ് നേടി സ്‌പെയിന്‍, ഇംഗ്ലണ്ട്, ഇസ്രായേല്‍, ഇന്ത്യ 2 ടീമുകള്‍ ലീഡ് ചെയ്യുന്നു. വനിതാ വിഭാഗത്തില്‍ ഇന്ത്യ 1, ഇന്ത്യ 2, ജോര്‍ജിയ, യുക്രൈന്‍, പോളണ്ട്, ഫ്രാന്‍സ്, അസര്‍ബൈജാന്‍, റൊമാനിയ എന്നീ ടീമുകള്‍ മുന്നിട്ടുനില്‍ക്കുന്നു.
Content Highlights: chess olympiad, chess olympiad 2022,indian chess team, chess, indian team in chess olympiad, sports
Published: 02 Aug 2022, 08:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented