
ചെന്നൈ: അനേകശതം പ്രഹരങ്ങളേറ്റ ചെസ് ക്ലോക്കുകളും ആവേശ, പരിഭ്രമ കരസ്പര്‍ശങ്ങളേറ്റുവാങ്ങിയ കരുക്കളും ആശ്വാസനിശ്വാസങ്ങളോടെ വ്യാഴാഴ്ച വിശ്രമദിനം ആസ്വദിച്ചു. കളിക്കാര്‍ക്കും ടീമംഗങ്ങള്‍ക്കും ഈ ഒഴിവുദിനം പുനര്‍ജനിക്കായുള്ളൊരു കായകല്പചികിത്സയായിമാറി. വിശ്രമിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും സൈദ്ധാന്തിക ഒരുക്കങ്ങള്‍ നടത്താനും പുനര്‍ചിന്തനങ്ങള്‍ക്കും ബൗദ്ധിക ആസൂത്രണങ്ങള്‍ക്കും അവര്‍ ഇടംകണ്ടെത്തി.
ഓപ്പണ്‍ വിഭാഗം
ഓപ്പണ്‍ വിഭാഗത്തില്‍ അര്‍മേനിയയും വനിതാ വിഭാഗത്തില്‍ ഇന്ത്യയും മുഴുവന്‍ മാച്ച് പോയന്റുകള്‍ (12) നേടി ലീഡ് ചെയ്യുന്നുണ്ടെങ്കിലും ഈ ലീഡ് നിര്‍ണായകമാണെന്ന് പറയാറായിട്ടില്ല.
അര്‍മേനിയ വെള്ളിയാഴ്ച നേരിടുന്നത് ഒന്നാം സീഡുകളായ, 11 പോയന്റ് നേടിയ യു.എസ്.എ.യെ ആണ്.
രണ്ടു ടീമുകളും മൊത്തം കളിച്ച 24 വ്യക്തിഗത ഗെയിമുകളില്‍ ഓരോ കളിവീതമേ പരാജയപ്പെട്ടിട്ടുള്ളൂ. അര്‍മേനിയക്ക് 17.5-ഉം അമേരിക്കയ്ക്ക് 17-ഉം ഗെയിം പോയന്റുകള്‍ ലഭിച്ചിട്ടുണ്ട്. തുല്യശക്തികളുടെ തീക്ഷ്ണപോരാട്ടമായിരിക്കും ഇത്.

ഇന്ത്യന്‍ ടീമുകള്‍
ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മൂന്നു ടീമുകള്‍ ഉസ്‌ബെക്കിസ്ഥാന്‍, ക്യൂബ, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, കസാക്കിസ്ഥാന്‍, ഫ്രാന്‍സ്, സെര്‍ബിയ, പെറു എന്നീ ടീമുകള്‍ക്കൊപ്പം എട്ട് പോയന്റ് വീതം നേടി മൂന്നാം സ്ഥാനം പങ്കിടുന്നു. ഒന്നാം ബോര്‍ഡിലെ മത്സരം ഇന്ത്യയുടെ ഒന്നാം ടീമും മൂന്നാം ടീമും തമ്മിലാണ്. അദ്ഭുതങ്ങള്‍ സംഭവിക്കാത്തപക്ഷം ഒന്നാം ടീം ജയിക്കാനാണ് സാധ്യത. ക്യൂബയാണ് ഇന്ത്യയുടെ രണ്ടാം ടീമിന്റെ പ്രതിയോഗികള്‍.
ചെസ് മാന്ത്രികന്‍ മുന്‍ ലോകചാമ്പ്യന്‍ കാപ്പബ്ലാങ്ക, ചെസിനെ പരിപോഷിപ്പിച്ച ചെഗുവേര, ഫിഡല്‍ കാസ്‌ട്രോ എന്നിവരുടെ ചെസ് പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ക്യൂബ വരുന്നത്. 32-ാം സീഡുകളായ അവര്‍ ഇതുവരെ ഒരു മാച്ചും പരാജയപ്പെട്ടിട്ടില്ല. അസാമാന്യ യുവപ്രതിഭകളായ ഗുകേഷ്, നിഹാല്‍ സരീന്‍, പ്രഗ്‌നാനന്ദ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീമിന് മത്സരത്തില്‍ നേരിയ മേല്‍ക്കൈയുണ്ടെങ്കിലും കഴിഞ്ഞ റൗണ്ടില്‍ അര്‍മേനിയയോടേറ്റ പരാജയത്തിന്റെ പ്രേതത്തെ അവര്‍ ചിന്തകളില്‍നിന്നും കുടഞ്ഞുകളയേണ്ടിയിരിക്കുന്നു.
(അര്‍മേനിയക്കെതിരേ അധിപനോ റൗണക്കിനോ പകരം പ്രഗ്‌നാനന്ദയെ കളിപ്പിക്കുക എന്നതായിരുന്നു ഉചിതം. ഈ വര്‍ഷം ലോകചാമ്പ്യനെ രണ്ടുതവണ പരാജയപ്പെടുത്തിയതിന്റെ മനശ്ശാസ്ത്രപരമായ മുന്‍തൂക്കം ഗുണംചെയ്യാന്‍ സാധ്യതയുണ്ടായിരുന്നു.)
മറ്റു പ്രധാന മത്സരങ്ങള്‍
(ടീം സീഡിങ് ബ്രാക്കറ്റില്‍):
സെര്‍ബിയ (23) vs ജര്‍മനി (9)
ഫ്രാന്‍സ് (15) vs നെതര്‍ലന്‍ഡ്‌സ് (7)
പെറു (37) vs ഉസ്ബക്കിസ്ഥാന്‍ (14)
സ്‌പെയിന്‍ (4) vs കസാക്കിസ്ഥാന്‍ (40)
വനിതാ ഒളിമ്പ്യാഡ്
ഒന്നാം സീഡുകളായ ഇന്ത്യ 1 സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ മുഴുവന്‍ മാച്ച് പോയിന്റും (12) സ്വന്തമാക്കി ഒറ്റയ്ക്ക് ലീഡ് ആസ്വദിക്കുന്നു. 11 പോയന്റ് വീതം നേടിയ അസര്‍ബൈജാനും റുമാനിയയും തൊട്ടുപിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പോളണ്ട്, യുക്രൈന്‍, അര്‍മേനിയ, ബള്‍ഗേറിയ, ഇസ്രായേല്‍, ജോര്‍ജിയ, വിയറ്റ്‌നാം, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ 10 പോയന്റുമായി മൂന്നാംസ്ഥാനം പങ്കിടുന്നു. ഇന്ത്യയുടെ രണ്ടും മൂന്നും ടീമുകള്‍ക്ക് ഒമ്പത് പോയന്റ് വീതമുണ്ട്. ഇന്ത്യ 1 ?െവള്ളിയാഴ്ച നേരിടുന്നത് ആറാം സീഡുകളായ അസര്‍ബൈജാനെയാണ്. ഇന്ത്യയുടെ കൊനേരു ഹമ്പി, ഹരിക ദ്രോണവല്ലി, വൈശാലി, തനിയ സച്‌ദേവ്, ഭക്തി കുല്‍ക്കര്‍ണി എന്നിവര്‍ ഇതുവരെ അവരുടെ വ്യക്തിഗത ഗെയിമുകളിലൊന്നിലും പരാജയപ്പെട്ടിട്ടില്ല. പക്ഷേ, ഇനിയുള്ള അഞ്ചു റൗണ്ടുകളിലും ടീമിന് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തിറക്കിയേ പറ്റൂ. പ്രത്യേകിച്ചും ഇന്ത്യയുടെ ഏറ്റവും കരുത്തരായ ഹമ്പിയും ഹരികയും സമനിലകളേക്കാള്‍ കൂടുതല്‍ ജയങ്ങള്‍ നേടേണ്ടിവരും. ഇന്ത്യയുടെ രണ്ടും മൂന്നും ടീമുകള്‍ക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ചാല്‍ മാത്രം മെഡല്‍വേട്ടയില്‍ പങ്കാളികളാകാം.
ഇന്നത്തെ വനിതാ വിഭാഗം പ്രധാന മത്സരങ്ങള്‍:
1. ഇന്ത്യ (1) vs അസര്‍ബൈജാന്‍ (6)
2. ജോര്‍ജിയ (3) vs റുമാനിയ (20)
3. യുക്രൈന്‍ (2) vs നെതര്‍ലന്‍ഡ്‌സ് (17)
4. പോളണ്ട് (4) vs ബള്‍ഗേറിയ (15)
5. അര്‍മേനിയ (9) vs ഇസ്രായേല്‍ (19)
6. കസാക്കിസ്ഥാന്‍ (10) vs വിയറ്റ്‌നാം (24)
* സ്‌പോര്‍ട്‌സില്‍, പ്രത്യേകിച്ചും സ്വിസ് സമ്പ്രദായത്തില്‍ കളിക്കപ്പെടുന്ന ചെസ് മത്സരങ്ങളില്‍ ഫിനിഷിങ് പവര്‍ നിര്‍ണായകമാണ്. ആദ്യറൗണ്ടുകളിലെയല്ല, മറിച്ച് അവസാന റൗണ്ടുകളിലെ പ്രകടനമാണ് ചെസ് ഒളിമ്പ്യാഡിലെ അന്തിമജേതാക്കളെ നിര്‍ണയിക്കാന്‍ പോകുന്നത്. ശാരീരികവും ബൗദ്ധികവുമായ ഊര്‍ജം, സൈദ്ധാന്തിക തയ്യാറെടുപ്പുകള്‍, ടീം വര്‍ക്ക്, പരിചയസമ്പത്ത്, മനക്കരുത്ത് എന്നീ ഘടകങ്ങളായിരിക്കും വരുംദിനങ്ങളിലെ അവസാനവാക്കുകള്‍.
Content Highlights: 44th Chess Olympiad 2022 crucial matches for india
Published: 05 Aug 2022, 08:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented