മഹാബലിപുരം: 44-ാമത് ചെസ്സ് ഒളിമ്പ്യാഡില്‍ ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം. ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യന്‍ ടീം വെങ്കലം നേടി. 

To advertise here,

വനിതാ ടീം വിഭാഗത്തില്‍ യുക്രൈന്‍ സ്വര്‍ണവും ജോര്‍ജിയ വെള്ളിയും നേടി. കൊനേരു ഹംപി, തനിയ സച്‌ദേവ്, വൈശാലി, കുല്‍ക്കര്‍ണി ഭക്തി എന്നിവരടങ്ങിയ എ ടീമാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയത്. അമേരിക്കയോട് തോല്‍വി വഴങ്ങിയതോടെ ഇന്ത്യ വെങ്കലമെഡലില്‍ ഒതുങ്ങി. 3-1 നാണ് അമേരിക്കയുടെ വിജയം. ജയിച്ചിരുന്നെങ്കില്‍ ടീമിന് സ്വര്‍ണം ലഭിച്ചേനേ. ടൂര്‍ണമെന്റിലെ ഒന്നാം സീഡായ ഇന്ത്യ ഏഴാം സീഡായ അമേരിക്കയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.  ചെസ് ഒളിമ്പ്യാഡില്‍ വനിതാ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. 

ഓപ്പണ്‍ ടീം വിഭാഗത്തില്‍ ഉസ്‌ബെക്കിസ്താന്‍ സ്വര്‍ണം നേടി. അര്‍മേനിയ വെള്ളി മെഡല്‍ സ്വന്തമാക്കി. ഓപ്പണ്‍ വിഭാഗത്തില്‍ ഗുകേഷ്, പ്രജ്ഞാനന്ദ, നിഹാല്‍ സരിന്‍, അധിപന്‍ ഭാസ്‌കരന്‍, റൗണക് സധ്വനി എന്നിവരടങ്ങുന്ന ബി ടീമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. 2014 ചെസ് ഒളിമ്പ്യാഡിന് ശേഷം ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണിത്. 2014-ലും ഇന്ത്യ വെങ്കലം നേടിയിരുന്നു. 

ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയുടെ മലയാളി താരം ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിനും ഗ്രാന്‍ഡ് മാസ്റ്റര്‍ ഗുകേഷ് ഡിയും സ്വര്‍ണം നേടി. ഒരു മത്സരത്തില്‍പ്പോലും തോല്‍ക്കാതെയാണ് സരിന്‍ സ്വര്‍ണം നേടിയത്. ബോര്‍ഡ് രണ്ടിലാണ് സരിന്റെ വിജയം. ബോര്‍ഡ് മൂന്നില്‍ ഗുകേഷ് സ്വര്‍ണം നേടി. ഇവരെക്കൂടാതെ ഇംഗ്ലണ്ടിന്റെ ഡേവിഡ് ഹോവെല്‍, ഉസ്‌ബെക്കിസ്താന്റെ ജഹാംഗിര്‍ വാഖിഡോവ്, പോളണ്ടിന്റെ മത്തേയൂസ് ബാര്‍ട്ടെല്‍ എന്നിവരും സ്വര്‍ണം നേടി. വനിതാ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേടാനായില്ല.