പുതിയകാല ചെസ്സിന്റെ മുദ്രകള്‍ പതിപ്പിച്ചാണ് 44-ാം ചെസ് ഒളിമ്പ്യാഡിന് കൊടിയിറങ്ങിയത്. ഇനി 2024-ല്‍ ഹംഗറിയുടെ തലസ്ഥാനനഗരിയായ ബുഡാപെസ്റ്റില്‍ അടുത്ത ചെസ് ഒളിമ്പ്യാഡിന് തിരശ്ശീലയുയരുന്നതുവരെ ചെസ് പ്രേമികള്‍ക്ക് കാത്തിരിപ്പാണ്. ഇതിനിടയ്ക്ക് ഓര്‍ക്കാനും ആവേശംകൊള്ളാനും ചെന്നൈയില്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ച ഒളിമ്പ്യാഡും അതിലെ പോരാട്ടങ്ങളുമുണ്ട്. 

To advertise here,

ഇന്ത്യ വന്‍ശക്തി
പഴയ യു.എസ്.എസ്.ആറിന്റെ കുത്തകയായിരുന്നു ചെസ്. ഇപ്പോള്‍ ഇന്ത്യയും ചൈനയും റഷ്യക്കൊപ്പം എത്തിയിരിക്കുന്നു. റഷ്യയും ചൈനയും രാഷ്ട്രീയകാരണങ്ങളാല്‍ ഈ ഒളിമ്പ്യാഡില്‍ പങ്കെടുത്തില്ല. ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ഒമ്പതുമെഡലുകള്‍ ഈ ഒളിമ്പ്യാഡ് സമ്മാനിച്ചു. രണ്ട് ടീം മെഡലുകളും ഏഴ് വ്യക്തിഗതമെഡലുകളും. ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാം ടീം വെങ്കലവും ഒന്നാം ടീം നാലാംസ്ഥാനവും നേടി. വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ ഒന്നാം ടീമിന് വെങ്കലവും രണ്ടാം ടീമിന് എട്ടാം സ്ഥാനവും ലഭിച്ചു. ആകെയുള്ള 30 വ്യക്തിഗത മെഡലുകളില്‍ ഏതാണ്ട് നാലിലൊന്ന് (2 സ്വര്‍ണം, 1 വെള്ളി, 4 വെങ്കലം) ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി.

ഇന്ത്യയിലെ ചെസ് വിപ്ലവം
തമിഴ്നാട് സര്‍ക്കാറും അഖിലേന്ത്യാ ചെസ് ഫെഡറേഷനും അവിശ്വസനീയമായ കഠിനാദ്ധ്വാനത്തിലൂടെയാണ് ഒളിമ്പ്യാഡിനെ ഗംഭീരമാക്കിയത്. ഗ്രാന്‍ഡ് മാസ്റ്റര്‍മാരായ ഗുകേഷും നിഹാല്‍ സരിനും പ്രഗ്നാനന്ദയും അര്‍ജുന്‍ എറിഗൈസിയും ലക്ഷോപലക്ഷംവരുന്ന ഇന്ത്യന്‍ യുവ ചെസ് പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകളും വ്യക്തമായ ലക്ഷ്യബോധവും നല്‍കുന്നു.

പഴയ യു.എസ്.എസ്.ആര്‍. പുതിയ കളത്തില്‍
പെരിസ്ട്രായ്ക്കയും ഗ്ലാസ്നോസ്റ്റും വന്ന് വിഭജിക്കപ്പെട്ട പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ഇന്നും ചെസ് പാരമ്പര്യം നിലനിര്‍ത്തുന്നുണ്ട്. ഓപ്പണ്‍ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും നേടിയത് ഉസ്ബെക്കിസ്ഥാനും അര്‍മേനിയയുമാണ്. വനിതാവിഭാഗത്തില്‍ ഉക്രൈനും ജോര്‍ജിയയും.

യുവാക്കളുടെ ഒളിമ്പ്യാഡ്
പലസ്തീന്റെ സെഡര്‍ റണ്ട എന്ന എട്ടു വയസ്സുകാരിയില്‍ തുടങ്ങിയ യൗവനത്തിന്റെ വസന്തമായിരുന്നു ഒളിമ്പ്യാഡ്. ഓപ്പണ്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഉസ്ബെക് ടീമില്‍ ഒരാളൊഴികെ എല്ലാവരും 20-നുതാഴെ പ്രായക്കാര്‍. വെങ്കലം നേടിയ ഇന്ത്യ-2 ടീമിലെ ഗുകേഷും റൗണക്കും 16-കാര്‍, പ്രഗ്നാനന്ദ 17, നിഹാല്‍ 18. വനിതാവിഭാഗത്തില്‍ 31 ടീമുകളുടെ ശരാശരി പ്രായം 20-നു താഴെ. ഏറ്റവും കൂടുതല്‍ ബാലപ്രതിഭകള്‍ ശോഭിക്കുന്ന മത്സരവേദിയാണ് ചെസ്.

വര്‍ധിച്ച ജനപ്രീതി
പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡാണ് മഹാബലിപുരത്തുണ്ടായത്. ആറ് ഭൂഖണ്ഡങ്ങളില്‍നിന്നായി 187 രാജ്യങ്ങള്‍ പങ്കെടുത്തു. സ്ഥിരമായി ചെസ് കളിക്കുന്നവരുടെ എണ്ണം 60.5 കോടിയാണ് എന്നാണ് ലോക ചെസ് ഫെഡറേഷന്റെ കണക്ക്. വിശ്വനാഥന്‍ ആനന്ദ് ലോകകിരീടം ചൂടിയശേഷം ഇന്ത്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ചെസിനുണ്ടായത്. റഷ്യക്കൊപ്പം ചെസിലെ വന്‍ശക്തിയായിവളരുന്ന ഇന്ത്യക്ക് ഇപ്പോള്‍ 75 ഗ്രാന്‍ഡ് മാസ്റ്റര്‍മാരുണ്ട്. ചെസ് ഒളിമ്പ്യാഡ് മത്സരങ്ങള്‍ കാണാനായി മഹാബലിപുരത്ത് (ചെന്നൈയില്‍നിന്ന് 60 കി.മീ. ദൂരെ) വലിയ ജനക്കൂട്ടമാണ് വന്നെത്തിയിരുന്നത്.

വമ്പന്മാരുടെ പതനം 
കായിക മേഖലയുടെ ആവേശമാണ് അട്ടിമറികള്‍. ഓപ്പണ്‍ വിഭാഗത്തില്‍ സ്വര്‍ണം നേടുമെന്ന് ഉറപ്പിച്ചിരുന്ന അതിശക്തരായ യു.എസ്.എ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സന്റെ
നോര്‍വേയാകട്ടെ 59-ാം സ്ഥാനത്തായി. 

വ്യക്തിഗത നേട്ടങ്ങള്‍
ഇന്ത്യയുടെ 16-കാരന്‍ ഗുകേഷും സ്വീഡന്റെ 59-കാരി പിയാ ക്രാംലിങ്ങും പോളണ്ടിന്റെ 22-കാരി ഒളീവിയ കിയോല്‍ബസയുമാണ് ഈ ഒളിമ്പ്യാഡിന്റെ മികവാര്‍ന്ന താരങ്ങള്‍. കേരളത്തിന്റെ നിഹാല്‍ സരിന്‍ അപരാജിതനായി 10 കളികളില്‍നിന്നും 7.5 പോയന്റ് നേടി രണ്ടാം ബോര്‍ഡില്‍ വ്യക്തിഗത സ്വര്‍ണമെഡല്‍ നേടി. മൂന്നാം ബോര്‍ഡില്‍ മികച്ച പ്രകടനത്തിലൂടെ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ അര്‍ജുന്‍ എറിഗൈസി (8.5/11) 2700 എന്ന റേറ്റിങ്ങിനു മുകളിലേക്കുകയറി. നേരിയ വ്യത്യാസത്തിനുമാത്രം മെഡല്‍ കൈമോശംവന്ന മലയാളിയായ എസ്.എല്‍. നാരായണനും തിളങ്ങി.