ന്യൂഡൽഹി: അർജുന പുരസ്കാരത്തിനുള്ള പട്ടികയിൽ നിന്ന് കേന്ദ്ര കായികമന്ത്രാലയം തഴഞ്ഞതിന് പിന്നാലെ പ്രതിഷേധവുമായി ഗുസ്തി താരം സാക്ഷി മാലിക്ക്. അർജുന പുരസ്കാരം നേടാൻ താൻ ഇനി രാജ്യത്തിനായി ഏതു മെഡലാണ് നേടേണ്ടതെന്ന് സാക്ഷി ചോദിക്കുന്നു. ഈ ചോദ്യമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവിനും സാക്ഷി കത്തയച്ചു.

To advertise here,

2016 റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കലം നേടി സാക്ഷി ചരിത്രമെഴുതിയിരുന്നു. 2017-ലെ കോമൺവെൽത്ത് ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണവും അതേ വർഷം നടന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി. എന്നിട്ടും പുരസ്കാരത്തിന് പരിഗണിക്കാത്തതാണ് സാക്ഷിയെ ചൊടിപ്പിച്ചത്,

എന്നാൽ മുമ്പ് ഖേൽരത്ന പുരസ്കാരം ലഭിച്ചതിനാൽ സാക്ഷിക്കും ഭാരോദ്വഹനത്തിൽ ലോകചാമ്പ്യനായ മീരാബായ് ചാനുവിനും ഇത്തവണ അർജുന നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയവരെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നതിലെ അസ്വാഭാവികത പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. 2016-ലാണ് സാക്ഷി മാലിക്കിന് ഖേൽരത്ന സമ്മാനിച്ചത്. മീരാബായ് ചാനുവിന് 2018-ലും ലഭിച്ചു.

രാജ്യത്തെ ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുള്ള താരം കൂടിയാണ് സാക്ഷി. ഈ വർഷം അർജുന അവാർഡിനായി 12 അംഗ വിദഗ്ധ സമിതി ശുപാർശ ചെയ്ത 28 പേരിൽ സാക്ഷിയുടേയും മീരാബായിയുടേയും പേരുകൾ മാത്രമാണ് കായിക മന്ത്രാലയം വെട്ടിയത്.

Content Highlights: What More Do I Need to Do to Win Arjuna Award Olympian Sakshi Malik Asks in Letter to PM