ന്യൂഡൽഹി: രണ്ട് തവണ ഒളിമ്പിക് വെങ്കല മെഡൽ ജേതാവും ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ഹർദിക് സിങ്ങിനെ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡിനായി നാമനിർദ്ദേശം ചെയ്തു. കൂടാതെ, 24 കായിക താരങ്ങളെ അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം നമ്പർ വനിതാ ബാഡ്മിന്റൺ ജോഡികളായ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും പട്ടികയിലുണ്ട്. മറ്റൊരു മലയാളി അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അഫ്‌സലിനും അർജുന അവർഡിന് ശുപാർശയുണ്ട്. ഇതാദ്യമായി യോഗാസന അത്ലറ്റും പട്ടികയിലുണ്ട്. ആരതി പാലാണ് ഉള്ളത്. ജപ്പാനിൽ അടുത്ത വർഷം നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പ്രദർശന കായിക ഇനമായി ഉൾപ്പെടുത്താൻ സാധ്യതയുള്ള യോഗാസനയിൽ നിലവിൽ ദേശീയ, ഏഷ്യൻ ചാമ്പ്യനാണ് ആരതി പാൽ.

To advertise here,

റൈഫിൾ ഷൂട്ടർ മെഹൂലി ഘോഷ്, ജിംനാസ്റ്റ് പ്രണതി നായക് എന്നിവരും മറ്റ് നാമനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

ഏഷ്യ കപ്പ് 2025-ൽ ഇന്ത്യയുടെ സ്വർണ്ണ മെഡൽ വിജയത്തിൽ ഖേൽ രത്‌നയ്ക്ക ശുപാർശ ചെയ്യപ്പെട്ട ഹർദിക് സിങ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2018ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഇന്ത്യൻ മധ്യനിരയിലെ പ്രധാന കളിക്കാരനായ ഹർദിക്, ടോക്കിയോ 2020, പാരീസ് 2024 ഒളിമ്പിക്‌സുകളിൽ വെങ്കല മെഡൽ നേടിയ ടീമുകൾക്ക് നിർണായക സംഭാവന നൽകി.

ഇതുവരെ ആറ് ഹോക്കി കളിക്കാർക്ക്ഖേൽ രത്‌ന ലഭിച്ചിട്ടുണ്ട്. ധൻരാജ് പിള്ള (19992000), സർദാർ സിംഗ് (2017), റാണി രാമ്പാൽ (2020), പിആർ ശ്രീജേഷ് (2021), മൻപ്രീത് സിംഗ് (2021), ഹർമൻപ്രീത് സിംഗ് (2024).

ഈ വർഷം ഒരു ക്രിക്കറ്റർക്കും ദേശീയ കായിക അവർഡുകൾക്ക് നാമനിർദ്ദേശം ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ദ്രോണാചാര്യ അവാർഡ്, ധ്യാൻ ചന്ദ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് എന്നിവയുടെ നാമനിർദ്ദേശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അർജുന അവാർഡ്: തേജസ്വിൻ ശങ്കർ (അത്ലറ്റിക്‌സ്), പ്രിയങ്ക (അത്ലറ്റിക്‌സ്), നരേന്ദർ (ബോക്‌സിംഗ്), വിദിത് ഗുജറാത്തി (ചെസ്സ്), ദിവ്യ ദേഷ്മുഖ് (ചെസ്സ്), ധനുഷ് ശ്രീകാന്ത് (ബധിര ഷൂട്ടിംഗ്), പ്രാണിതി നായക് (ജിംനാസ്റ്റിക്‌സ്), രാജ്കുമാർ പാൽ (ഹോക്കി), സുർജീത് (കബഡി), നിർമ്മല ഭട്ടി (ഖോ ഖോ), രുദ്രാൻഷ് ഖണ്ഡേൽവാൾ (പാര-ഷൂട്ടിംഗ്), ഏക്ത ഭയാൻ (പാര-അത്ലറ്റിക്‌സ്), പത്മനാഭ് സിംഗ് (പോളോ), അരവിന്ദ് സിംഗ് (റോയിംഗ്), അഖിൽ ഷെഓറാൻ (ഷൂട്ടിംഗ്), മെഹുലി ഘോഷ് (ഷൂട്ടിംഗ്), സുതിർത്ഥ മുഖർജി (ടേബിൾ ടെന്നീസ്), സോനം മാലിക് (ഗുസ്തി), ആരതി പാൽ (യോഗാസനം), ട്രീസ ജോളി (ബാഡ്മിന്റൺ), ഗായത്രി ഗോപിചന്ദ് (ബാഡ്മിന്റൺ), ലാൽറെംസിയാമി (ഹോക്കി), മുഹമ്മദ് അഫ്‌സൽ (അത്ലറ്റിക്‌സ്), പൂജ (കബഡി).