ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നേരിട്ട ദുരവസ്ഥയെ കുറിച്ച് തുറന്നെഴുതി മുന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്. ഇന്ത്യന്‍ താരങ്ങള്‍ സമൂസ കഴിച്ചാണ് മത്സരത്തിന് ഇറങ്ങിയതെന്നും പുരുഷ താരങ്ങളുടെ ജഴ്‌സി മുറിച്ചുതുന്നിയാണ് വനിതാ താരങ്ങള്‍ക്ക് നല്‍കിയിരുന്നതെന്നും വിനോദ് റായ് പറയുന്നു. 

To advertise here,

'നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാന്‍-മൈ ഇന്നിങ്സ് ഇന്‍ ദ് ബിസിസിഐ' എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനോദ് റായ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഐപിഎല്‍ അഴിമതി സംബന്ധിച്ച വിവാദങ്ങള്‍ ഉടലെടുത്തപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതല ഏറ്റെടുക്കാന്‍ സുപ്രീം കോടതി വിനോദ് റായിയോട് നിര്‍ദേശിച്ചിരുന്നു. ആ സമയത്തെ സംഭവങ്ങളാണ് വിനോദ് റായ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.

'വനിതാ ക്രിക്കറ്റിലേക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല എന്നത് ഒരുപാട് കുറ്റബോധമുണ്ടാക്കുന്നുണ്ട്. വനിതാ താരങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. 2006 വരെ വനിതാ ക്രിക്കറ്റ് ഗൗരവമായിതന്നെ എടുത്തിരുന്നില്ല. ഇന്ത്യന്‍ പുരുഷ താരങ്ങളുടെ ജഴ്‌സി മുറിച്ചുതുന്നിയാണ് വനിതാ താരങ്ങള്‍ക്ക് നല്‍കിയിരുന്നത് എന്ന് ഞാന്‍ അറിഞ്ഞു. ഇത് തുടരാനാകില്ലെന്നും വനിതാ താരങ്ങളുടെ ജഴ്‌സിയില്‍ വ്യത്യാസം വേണമെന്നും ഞാന്‍ നൈക്കിയെ അറിയിച്ചു.' വിനോദ് റായ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

2017 വനിതാ ലോകകപ്പിനിടെ ഇന്ത്യന്‍ ടീം നേരിട്ട ദുരവസ്ഥയും വിനോദ് റായ് വിശദീകരിച്ചു. 'ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ ഹര്‍മന്‍പ്രീത് കൗര്‍ 171 റണ്‍സ് എടുക്കുന്നതുവരെ ഞാന്‍ വനിതാ ക്രിക്കറ്റിന് വലിയ ശ്രദ്ധ നല്‍കിയിരുന്നില്ല. അതില്‍ എനിക്ക് കുറ്റബോധമുണ്ട്. മത്സരശേഷം ഹര്‍മന്‍പ്രീത് അടുത്തുവന്നു സംസാരിച്ചു. മത്സരത്തിന് മുമ്പ് ലഭിക്കേണ്ടിയിരുന്ന ഭക്ഷണം അവര്‍ക്ക് ടീം ഹോട്ടലില്‍ നിന്ന് കിട്ടിയിരുന്നില്ല. സമൂസ മാത്രം കഴിച്ചാണ് അവര്‍ കളിക്കാനിറങ്ങിയത്. മത്സരത്തിനിടയില്‍ ഹര്‍മന്‍പ്രീതിന് വയറിന് ബുദ്ധിമുട്ടുണ്ടായി. ഓടാന്‍ കഴിയാതെവന്നു. അതിനാലാണ് ബൗണ്ടറിയിലൂടെ മാക്‌സിമം റണ്‍സ് കണ്ടെത്തിയത്.' അഭിമുഖത്തില്‍ വിനോദ് റായ് വിശദീകരിക്കുന്നു.