ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ ലിംഗ വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടും തളരാതെ പോരാടി ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ താരമാണ് അള്‍ജീരിയയുടെ ഇമാന്‍ ഖലീഫ്. 66 കിലോഗ്രാം ഫൈനലില്‍ ചൈനയുടെ യാങ് ലിയുവിനെ തോല്‍പ്പിച്ചാണ് ഇമാന്‍ സ്വര്‍ണമണിഞ്ഞത് (5-0). ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ആദ്യ അള്‍ജീരിയന്‍ വനിതയാവാനും ഇതോടെ ഇമാന് കഴിഞ്ഞു.
ഇമാന്‍ ഖലീഫിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ ബോളിവുഡ് താരം തപ്‌സി പന്നു. ഹോര്‍മോണ്‍ അളവ് ജന്മനാ കൂടിയത് അത്‌ലറ്റ് താരങ്ങളുടെ കുഴപ്പമല്ലെന്ന് തപ്‌സി പന്നു പറഞ്ഞു. അത്തരം വിഷയം പ്രതിപാദിക്കുന്ന 'രശ്മി റോക്കറ്റ്' എന്ന സിനിമയില്‍ അഭിനയിച്ച താരമാണ് തപ്‌സി. ടെസ്റ്റോസ്റ്റിറോണിന്റെ കൂടിയ അളവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു വനിതാ താരത്തിന് നിരോധനം കല്‍പ്പിച്ചത് സംബന്ധിച്ചാണ് ആ സിനിമ.
ഹോര്‍മോണ്‍ കുത്തിവെപ്പ് നിയമവിരുദ്ധമാണെങ്കിലും ജന്മനായുള്ള ഹോര്‍മോണ്‍ വ്യതിയാനം ഒരു കായിക താരത്തെ വിലക്കുന്നതിലേക്ക് നയിക്കാന്‍ പാടില്ലെന്നാണ് തപ്‌സിയുടെ നിലപാട്. ഒരാളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയാത്ത കാര്യത്തിന്റെ പേരില്‍ വിലക്ക് കല്‍പ്പിക്കരുത്്. ഹോര്‍മോണ്‍ നിയന്ത്രണമെന്നത് നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യമാണ്. അത് സപ്ലിമെന്റ്‌സ് എടുക്കുന്നതുപോലെയോ ഹോര്‍മോണ്‍ കുത്തിവെയ്ക്കുന്നതുപോലെയോ അല്ല. ജന്മനായുളളതാണ്. അക്കാര്യമാണ് രശ്മി റോക്കറ്റ് സിനിമയില്‍ പറയുന്നത്. മറ്റുള്ളവരെക്കാള്‍ ഹോര്‍മോണ്‍ വ്യതിയാനമുള്ള നിരവധി അത്‌ലറ്റുകളുണ്ട്. ഉസൈന്‍ ബോള്‍ട്ട്, മൈക്കിള്‍ ഫെല്‍പ്‌സ് തുടങ്ങിയവരെല്ലാം മറ്റുള്ളവരെക്കാള്‍ ചില ജൈവിക മുന്‍തൂക്കത്തോടെ ജനിച്ചവരാണ്. അങ്ങനെയെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ക്ക് വിലക്കേര്‍പ്പെടുത്താത്തതെന്നും തപ്‌സി ചോദിച്ചു.
പാരീസ് ഒളിമ്പിക്‌സ് ബോക്‌സിങ് വെല്‍റ്റര്‍ വെയ്റ്റില്‍ ഇറ്റാലിയന്‍ താരം ആഞ്ജല കരിനിയും ഇമാന്‍ ഖലിഫും തമ്മില്‍ മത്സരിച്ചതിനു പിന്നാലെയാണ് ലിംഗ വിവാദം ഉടലെടുത്തത്. മത്സരമാരംഭിച്ച് 46-ാം സെക്കന്‍ഡില്‍ത്തന്നെ ഇമാന്റെ കനത്ത പഞ്ച് മൂക്കില്‍ കൊണ്ടതിനെത്തുടര്‍ന്ന് ആഞ്ജല മത്സരത്തില്‍നിന്ന് പിന്മാറി. കഴിഞ്ഞവര്‍ഷം നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിനിടെ ഇമാന്‍ ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് വിലക്കും നേരിട്ടിരുന്നു. എന്നാല്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അനുമതി നല്‍കി. ആഞ്ജല മത്സരത്തില്‍നിന്ന് പിന്മാറിയതോടെ പഴയ വിലക്ക് ചര്‍ച്ചയായി. എന്നാല്‍ സ്ത്രീയായിത്തന്നെയാണ് ജനിച്ചതെന്നും ആ നിലയില്‍ത്തന്നെയാണ് വളര്‍ന്നതെന്നും പാസ്‌പോര്‍ട്ടിലും സ്ത്രീയാണെന്നുമാണ് ഇമാന്റെ നിലപാട്.
Content Highlights: tapsee pannu about olympics gender row
Published: 22 Aug 2024, 06:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented