കാഠ്മണ്ഡു: 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സന്ദീപ് ലാമിച്ചാനെയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍വെച്ചാണ് താരം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന താരം വെസ്റ്റിന്‍ഡീസില്‍ നിന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

To advertise here,

ഓഗസ്റ്റ് 21-ന് കാഠ്മണ്ഡുവിലെ ഹോട്ടലില്‍ വെച്ചാണ് സന്ദീപ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിനു പിന്നാലെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് സന്ദീപ് പരിചയപ്പെടുന്നത്. നേപ്പാള്‍ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പോകുന്നതിന്റെ തലേ ദിവസം തനിക്കൊപ്പം യാത്ര ചെയ്യാന്‍ സന്ദീപ് പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് 21-ന് രാത്രി എട്ടു മണിയോടെ ഹോസ്റ്റല്‍ അടച്ചതിനാല്‍ പെണ്‍കുട്ടി കാഠ്മണ്ഡുവിലെ ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതയായി. ഈ സമയത്താണ് താരം പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം.

നേപ്പാള്‍ ക്യാപ്റ്റന്‍സ്ഥാനത്തുനിന്ന് 22-കാരനായ ലാമിച്ചാനെയെ പുറത്താക്കിയിരുന്നു. 2018-ല്‍ ഐ.പി.എല്‍.ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു ലാമിച്ചാനെ. താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കുകയാണെന്നും ലാമിച്ചാനെ ആരോപിച്ചു.